X

ഹജ്ജ് യാത്രയില്‍ അറിയേണ്ടത്-കണ്ണിയന്‍ മുഹമ്മദാലി

ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന വേളയാണ് ഹജ്ജ്‌യാത്ര. ഇഷ്ടാനിഷ്ടങ്ങളും മറ്റും മാറ്റിവെച്ച് ക്ഷമയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഒത്ത്കൂടുന്ന ലോക മുസ്‌ലിം സമ്മേളന സ്ഥലത്ത് ധാരാളം നടക്കേണ്ടിവരും. ഇനിയുള്ള ദിവസങ്ങളില്‍ അല്‍പസ്വല്‍പം നടന്ന് ശീലിക്കുക. യൂറോപ്യന്‍ ക്ലോസറ്റ്, എസ്‌കലേറ്റര്‍, ലിഫ്റ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുന്ന രീതി മനസ്സിലാക്കുക. ആരോഗ്യം കാത്ത് സൂക്ഷിക്കുക. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ കൃത്യമായി പരിശോധനകളും മറ്റും നടത്തി രോഗത്തിന് ചികിത്സ തേടുക. സഊദി അറേബ്യയിലെ നിയമങ്ങളും രീതികളും അനുസരിച്ച് അവിടെ ജീവിക്കണമെന്ന കാര്യം മനസിലോര്‍ക്കുക. ഹജ്ജ് കമ്മിറ്റിയിലേക്ക് അടക്കേണ്ട പണം അടച്ചു എന്ന് ഉറപ്പ് വരുത്തുകയും റസീപ്റ്റ് സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

ഓരോരുത്തര്‍ക്കും നെടുമ്പാശേരി ഹജ്ജ് ക്യാമ്പില്‍നിന്നും മെനിഞ്ചൈറ്റിസ് കുത്തിവെപ്പ്, പോളിയോ തുള്ളിമരുന്ന് എന്നിവ ചെയ്തതിന് ശേഷം ലഭിക്കുന്ന ഹെല്‍ത്ത് & ട്രെയിനിങ്ങ് കാര്‍ഡ് ക്യാമ്പില്‍ വെച്ച് ചെയ്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കോപ്പി, ക്യാമ്പിലെ ഹജ്ജ് സെല്ലില്‍നിന്ന് ലഭിക്കുന്ന പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കവറിലുള്ള ഓരോരുത്തരും അവനവന്റെ കയ്യിലുള്ള ഹാന്റ് ബാഗില്‍ സൂക്ഷിക്കേണ്ടതാണ്. ഈ രേഖകള്‍ യാത്ര വേളയില്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതാണ്. ഓരോ കവറിലുള്ളവരുടെയും യാത്രാ തിയ്യതിയും സമയവും പത്രങ്ങളിലൂടെയും വളണ്ടിയര്‍മാര്‍ മുഖേനെയും അറിയിക്കുന്നതാണ്. അതനുസരിച്ച് വീട്ടില്‍ നിന്ന് പുറപ്പെടേണ്ട സമയം ക്രമീകരിക്കുക. ഹജ്ജ് ക്യാമ്പില്‍ എത്തിച്ചേരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടസമയത്തിനകംതന്നെ എത്തേണ്ടതാണ്. യാത്രക്കാവശ്യമായ ലഗേജുകളും മറ്റും ഹാജിമാരുടെ സാന്നിധ്യത്തില്‍ തയ്യാറാക്കുക.

ലഗേജ് ഓരോ പെട്ടിയിലും പരമാവധി ഇരുപത് കിലോ വീതവും ഹാന്‍ഡ് ബേഗില്‍ ഏഴ് കിലോയും മാത്രമാണ് അങ്ങോട്ടും ഇങ്ങോട്ടും അനുവദിച്ചിട്ടുള്ളത്. അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതലുള്ളതിന് അധികം ചാര്‍ജ് നിങ്ങള്‍ അടക്കേണ്ടി വരും. ഓരോരുത്തരുടെയും കവര്‍ നമ്പര്‍, പേര് തുടങ്ങിയവ പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ അവനവന്റെ ലഗേജ്, ഹാന്റ് ബേഗ് എന്നിവയില്‍ ഒട്ടിക്കുക. ലഗേജ് എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് മേല്‍പറഞ്ഞ കാര്യങ്ങള്‍ സഹായകമാവും. ലഗേജില്‍ 3-4 ജോഡി ഡ്രസുകള്‍, ചെരുപ്പ്, വിരിപ്പ്, മഫ്‌ളര്‍, മങ്കി കേപ്പ്, സ്വറ്റര്‍, 1-2 ജോഡി ചെരുപ്പ്, കണ്ണട ഉപയോഗിക്കുന്നവര്‍ ഒരെണ്ണം അധികം തുടങ്ങിയവയും കുറിയരി, അവില്‍, അവലോസ്‌പൊടി, അണ്ടിപ്പരിപ്പ് പോലെയുള്ള ഡ്രൈഫ്രൂട്‌സ്, ചുക്ക് കുരുമുളക് പൊടി എന്നിവയും ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ നിരോധിക്കപ്പെട്ട യാതൊരു സാധനങ്ങളും (നാളികേരം, എണ്ണ, സ്റ്റൗ, സിഗരറ്റ്, മറ്റു മതസ്ഥരുടെ ചിഹ്‌നങ്ങള്‍, ഇസ്‌ലാമികമല്ലാത്ത ഗ്രന്ഥങ്ങള്‍, കറുത്ത തസ്ബീഹ് മാല, കസ്‌കസ്, പച്ചക്കറികള്‍, വേവിച്ച ഭക്ഷണങ്ങള്‍ മുതലായവ) കൊണ്ട് പോകരുത്. കത്തി, കത്രിക, സൂചി, സേഫ്റ്റിപിന്‍, ബ്ലേഡ്, നെയില്‍ കട്ടര്‍, ആണി, പ്ലാസ്റ്റിക് കയര്‍ എന്നിവ ലഗേജില്‍ മാത്രമേ കൊണ്ട് പോകാന്‍ പാടുള്ളൂ. കൈയ്യിലുള്ള ബാഗില്‍, ഇഹ്‌റാം വസ്ത്രങ്ങള്‍, മൊബൈല്‍ഫോണ്‍ ഖുര്‍ആന്‍, ദുആകളുടെയും ഹജ്ജ് കര്‍മത്തെ കുറിച്ചുള്ള മനാസിക്കുകള്‍, മരുന്നുകള്‍ (ഡോക്ടറുടെ കുറിപ്പോട് കൂടി) പാസ്‌പോര്‍ട്ടിന്റെ കോപ്പി, പണമടച്ച രശീത് അപേക്ഷയുടെ കോപ്പിയുണ്ടെങ്കില്‍ ഒന്ന്, 2 പാസ്‌പോര്‍ട് സൈസ് ഫോട്ടോ തുങ്ങിയവ വെക്കാവുന്നതാണ്. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള പവ്വര്‍ ബേക്ക് ഹാന്റ്ബാഗിലേ വെക്കാന്‍ പാടുള്ളൂ. ഒന്നോ രണ്ടോ നേന്ത്രപ്പഴവും ആപ്പിളും കൂടി കരുതുന്നത് നല്ലതാണ്. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍, ഡോക്ടറുടെ ശീട്ട് സഹിതം 20 ദിവസത്തേക്കുള്ള മരുന്ന് ഒരു പേക്കറ്റിലാക്കി അത്തരം 3 പേക്കറ്റുകള്‍ രണ്ടെണ്ണം ലഗേജിലും ഒരെണ്ണം ഹാന്റ് ബേഗേജിലും കൊണ്ട് പോകേണ്ടതാണ്. മൊത്തം 60 ദിവസത്തെ മരുന്ന് എടുക്കേണ്ടതാണ്. വിദേശത്തുള്ളവര്‍ക്ക് നല്‍കുന്നതിനായി സമ്മാനപൊതികള്‍ ആരില്‍ നിന്നും യാത്രയുടെ യാതൊരു ഘട്ടത്തിലും സ്വീകരിക്കരുത്. അതുവഴി വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്.നറുക്കെടുപ്പിലൂടെ അവസരം ലഭിച്ച് പിന്നീട് വിവിധ കാരണങ്ങളാല്‍ യാത്ര റദ്ദ് ചെയ്യണമെങ്കില്‍ ഹജ്ജ് കമ്മിറ്റിയുടെ സൈറ്റില്‍ പോയി ഓണ്‍ലൈനായി കേന്‍സല്‍ ചെയ്യാം.

വളണ്ടിയറും ട്രെയിനറും പറയുന്ന സമയത്ത് നെടുമ്പാശേരി ഹജ്ജ് ക്യാമ്പില്‍ എത്തി കവറിലുള്ള മുഴുവന്‍ ആളുകളുടെയും ലഗേജുകള്‍ ഒന്നിച്ച് സഊദി എയര്‍ലൈന്‍സിന്റെ കൗണ്ടറില്‍ ഏല്‍പിച്ച് ടോക്കണ്‍ വാങ്ങേണ്ടതും തുടര്‍ന്ന് ആ ടോക്കണ്‍ സൂക്ഷിക്കേണ്ടതുമാണ്. പിന്നീട് ക്യാമ്പിലുള്ള ഹജ്ജ് സെല്ലില്‍നിന്ന് കവര്‍ ലീഡര്‍ യാത്രാ രേഖകള്‍ ഏറ്റുവാങ്ങേണ്ടതാണ്. ഓരോ ഹാജിയുടെയും പാസ്‌പോര്‍ട്ട്, ബോര്‍ഡിംഗ് പാസ്, സ്റ്റീല്‍ വള, ഐഡന്റിറ്റി കാര്‍ഡ്, മടക്കയാത്രക്കുള്ള ബോര്‍ഡിംഗ് പാസ് എന്നിവ അവിടെ നിന്ന് ലഭിക്കും. തൊട്ടടുത്തുള്ള ബേങ്ക് കൗണ്ടറില്‍നിന്ന് സഊദിയിലെ ദൈനംദിന ചെലവിനുള്ള 2100 റിയാലും ഓരോരുത്തര്‍ക്കും ലഭിക്കും. കൗണ്ടറില്‍ നിന്നും പണം എണ്ണി നോക്കേണ്ടതാണ്. സഊദി റിയാല്‍ 500, 200, 100, 50, 20, 10, 5, 1 എന്നിങ്ങനെയുള്ള നോട്ടുകള്‍ ഉണ്ടായിരിക്കും. യാത്രാ രേഖകളും മറ്റും നഷ്ടപ്പെടാതെ സൂക്ഷിക്കുക. യാതൊരു കാരണവശാലും പണം മൊത്തമായി ഒരാള്‍ കൈവശം വെക്കരുത്. അവനവന്റെ യുക്തം പോലെ ഓരോരുത്തരും പണം സൂക്ഷിക്കുക. ക്യാമ്പില്‍നിന്ന് ലഭിക്കുന്ന വളയും മാലയും അവിടെ നിന്നും തന്നെ ഹാജിമാര്‍ അണിയേണ്ടതാണ്. യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് ശേഷം മാത്രം ഊരി വെക്കേണ്ടതുമാണ്. ഏതെങ്കിലും കാരണത്താല്‍ കൂട്ടം തെറ്റുകയോ വഴിതെറ്റുകയോ ചെയ്താല്‍ യഥാസ്ഥാനത്ത് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാന്‍ സ്റ്റീല്‍ വള നിര്‍ബന്ധമാണ്.
(തുടരും)

Chandrika Web: