X
    Categories: MoreViews

ഫിഷ് സ്പായില്‍ പതുങ്ങിയിരിക്കുന്ന അപകടം; ഹെപിറ്റൈറ്റിസ് മുതല്‍ എച്ച്.ഐ.വി വരെ

നഗരകേന്ദ്രീകൃത ജീവിതത്തില്‍ സൗന്ദര്യസംരക്ഷകരുടെ പ്രിയമേറിയ ഒന്നാണ് ഫിഷ് സ്പാ. വന്‍കിട മാളുകളിലും ബ്യൂട്ടിപാര്‍ലറുകളിലുമായി എല്ലാ ഇടങ്ങളിലും ഫിഷ് സ്പാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ ഫിഷ് സ്പാ അത്ര സുരക്ഷിതമായ സൗന്ദര്യസംരക്ഷണ സംവിധാനമല്ലെന്നാണ് പുതിയ കണ്ടെത്തല്‍.

കാലുകള്‍ വൃത്തിയാക്കാന്‍ ചെയ്യുന്ന ഈ രീതി പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്.ഐ.വി വരെ ഇതിലൂടെ പകരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്.

പ്രമേഹരോഗികളും പ്രതിരോധശേഷി കുറഞ്ഞവരും ഈ സൗന്ദര്യസംരക്ഷണ രീതി പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

അധികം വലിപ്പമില്ലാത്ത ഗ്ലാസ് കൂടിലെ വെള്ളത്തില്‍ ചെറു മീനുകളെ നിക്ഷേപിക്കും. ഇതിലേക്ക് കാലുകളിട്ട് നിശ്ചിത സമയം ഇറക്കിവെക്കുന്ന രീതിയാണ് ഫിഷ് സ്പാ. സ്പാക്കുവേണ്ടി ഉപയോഗിക്കുന്ന മീനുകളല്ല പ്രശ്‌നക്കാരന്‍. മറിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ വെള്ളം ഉപയോഗിക്കുന്നതാണ് പ്രശ്‌നം.

രോഗമുള്ള ഒരാള്‍ സ്പാ ചെയ്താല്‍ അടുത്തതായി വരുന്ന രോഗമില്ലാത്തയാള്‍ക്കും അത് പകരാന്‍ സാധ്യതയുണ്ട്. മീനുകള്‍ക്ക് എച്ച്‌ഐവി വാഹകരാകാന്‍ ഒരിക്കലും സാധിക്കില്ല. എന്നാല്‍ ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി ബാധയുള്ള ഒരാളുടെ കാലുകളില്‍ മുറിവുകളുണ്ടായാല്‍ അതുവഴി അണുക്കള്‍ പടരാന്‍ കാരണമാകും.

ഗുരുതരമായ ചര്‍മ രോഗവും ഫിഷ് സ്പായിലൂടെ ഉണ്ടാവുന്നുണ്ടെന്നാണ് വിവരം. ഫിഷ് സ്പാ ചെയ്യുന്ന നൂറില്‍ ഒരാള്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. അമേരിക്ക ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ ഈ സ്പാ നിരോധിച്ചിട്ടുമുണ്ട്. എന്നാല്‍ കേരളത്തില്‍ ഫിഷ് സ്പാ ഇപ്പോള്‍ വന്‍ പ്രചാരമായിക്കൊണ്ടിരിക്കുകയാണ്.

chandrika: