X
    Categories: Views

രജനീകാന്തിന്റെ ആത്മീയ രാഷ്ട്രീയം

 

അധര്‍മം കളിയാടുമ്പോള്‍ സ്വാര്‍ഥതയുടെ പേരില്‍ ഉത്തരവാദിത്തം മറന്ന് മാറിനില്‍ക്കരുതെന്ന ഭഗവത്ഗീതയിലെ ശ്രീകൃഷ്ണ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് തമിഴരുടെ സ്റ്റൈല്‍മന്നന്‍ നടന്‍ രജനീകാന്ത് പുതുവര്‍ഷത്തലേന്ന് രാഷ്ട്രീയത്തിന്റെ മരവുരി സ്വയം എടുത്തണിഞ്ഞിരിക്കുന്നത്. മതത്തിനും ജാതിക്കുമപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുണ്ടാകുകയെന്നും

ആത്മീയതയായിരിക്കും അതിന്റെ മുഖമുദ്രയെന്നും, വരുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ കക്ഷിയുടെ പേര് പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിയമസഭാ സീറ്റുകളില്‍ മുഴുവന്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്നുമാണ് ഈ അറുപത്തേഴുകാരന്‍ തമിഴ് ജനതയോട് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റകഴകത്തിന്റെ അനിഷേധ്യ നേതാവ് ശെല്‍വി ജയലളിതയുടെ മരണത്തിനുശേഷം ഒരുവിധ രാഷ്ട്രീയ പാരമ്പര്യത്തിന്റെയും പിന്‍ബലമില്ലാതെ മറ്റൊരു താരംകൂടി സ്വയം ഇറങ്ങിപ്പുറപ്പെട്ടതിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നവരാണധികവും. എന്നാല്‍ പൊതുവെ കലങ്ങിമറിഞ്ഞ തമിഴക രാഷ്ട്രീയ രംഗത്തേക്ക് ഇതിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എം.ജി.ആറിനെപോലെ ഏഴൈകളുടെ തോഴനായി വെള്ളിത്തിരയില്‍ കസറി എന്നതുമാത്രമാണ് രജനിയുടെ കൈമുതല്‍.

ഡി.എം.കെ, അഖിലേന്ത്യാ അണ്ണാ ഡി.എം.കെ, പി.എം.കെ, എം.ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ഇടതുപക്ഷ കക്ഷികള്‍, ബി.ജെ.പി തുടങ്ങി ആവോളം സംഘടനകളും നേതാക്കളും നിറഞ്ഞുനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ രജനികാന്തിന് പുതുതായി എന്ത് കര്‍ത്തവ്യമാണ് നിര്‍വഹിക്കാനുള്ളത്? തമിഴ്‌നാട്ടില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചലച്ചിത്ര രംഗത്തെ നടീനടന്മാരാണ് കഴിഞ്ഞ കുറച്ചുകാലമായി മേല്‍ക്കോയ്മ നേടിയിട്ടുള്ളത്. അണ്ണാദുരൈയുടെ വേര്‍പിരിയലിന് ശേഷം സ്വന്തമായി അദ്ദേഹമുണ്ടാക്കിയ പ്രാദേശിക രാഷ്ട്രീയ കക്ഷിയാണ് ദ്രാവിഡ മുന്നേറ്റ കഴകം. ദ്രാവിഡ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അടിത്തറപാകിയ ദേശീയ രാഷ്ട്രീയവുമായി വേര്‍പെടുത്തിയത് വിജയകരമായി പര്യവസാനിച്ചതായാണ് കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ തമിഴ്‌നാട് കണ്ടത്.

മുത്തുവേല്‍ കരുണാനിധിയും എം.ജി രാമചന്ദ്രനും ജയലളിതയും ശിവാജി ഗണേശനുമൊക്കെ രാഷ്ട്രീയത്തില്‍ പലതലത്തില്‍ മികച്ച പാടവം സൃഷ്ടിച്ച വെള്ളിത്തിരയിലെ ഭൈമീകാമുകന്മാരായിരുന്നു. മുഖ്യമന്ത്രിയായ മുത്തുവേല്‍ കരുണാനിധി തികഞ്ഞ നിരീശ്വരവാദിയും യുക്തിവാദിയുമായിരിക്കുമ്പോള്‍, എം.ജി.ആറിലൂടെ വ്യക്ത്യാധിഷ്ഠിതവും ഈശ്വര വിശ്വാസത്തിലധിഷ്ഠിതവുമായ രാഷ്ട്രീയത്തെയും തമിഴ് ജനത താലോലിച്ചു. ഇതിന്റെ ഓരത്തുനിന്നാണ് ജയലളിതയോടുള്ള താരാരാധനയിലൂടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ തമിഴകം കണ്ടതും അനുഭവിച്ചതും. കണ്ണടച്ചുള്ള ഈ താരാരാധനയില്‍ നേതാക്കള്‍ക്കും അധികാരികള്‍ക്കും യഥേഷ്ടം പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ കഴിഞ്ഞു. ഇവിടേക്കാണ് കറകളഞ്ഞ ആത്മീയവാദിയും നിസ്വാര്‍ഥനുമായി രജനി പ്രവേശനം നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കസേരയാണ് രജനി നോട്ടമിട്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പൂര്‍വസൂരികളുടേതില്‍ നിന്ന് രജനിക്കുള്ള ഭിന്നത അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ പറയാന്‍ തക്ക പാരമ്പര്യമോ പരിശീലനമോ ഇല്ലെന്നതാണ്. അപ്പോള്‍ ആ കസേരയില്‍ എങ്ങനെ അദ്ദേഹം ശോഭിക്കുമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

ദേശീയ രാഷ്ട്രീയത്തില്‍ മാറ്റംമറിച്ചിലുകളുടെ ആണ്ടുകളാണ് കഴിഞ്ഞുപോയത്. അതിനെ ബി.ജെ.പി എന്ന വര്‍ഗീയ കക്ഷിയുമായി ചേര്‍ന്ന് തമിഴ്‌നാട്ടിലും സ്ഥാപിച്ചെടുക്കാന്‍ രജനി ആദ്യഘട്ടത്തില്‍ ശ്രമിച്ചെങ്കിലും അത് പരാജയമാണെന്നാണ് അദ്ദേഹം സ്വയം വിളിച്ചുപറയുന്നത്, വ്യംഗ്യമായെങ്കിലും. ജയലളിതക്കെതിരെ 1996ല്‍ അഴിമതിക്കും അഹങ്കാരത്തിനുമെതിരെ താനുണ്ട് എന്ന് ദ്യോതിപ്പിക്കാന്‍ രജനി ശ്രമിച്ചിരുന്നുവെന്നത് നേരാണ്. എന്നാല്‍ കരുണാനിധി ഉള്ളിടത്തോളം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം തന്ത്രപൂര്‍വമായ പ്രഖ്യാപനം നടത്തി ഒഴിഞ്ഞുമാറി. നടന്മാരായ വിജയകാന്തും മറ്റും രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാന്‍ തുനിഞ്ഞ് പരാജയപ്പെട്ട് പിന്മാറേണ്ടിവന്നത് രജനിയുടെയും മനസ്സിലുണ്ടാകണം.

പ്രാദേശിക വാദമാണ് രജനിക്കെതിരായ മറ്റൊരു ഘടകം. കര്‍ണാടകയില്‍ ജനിച്ചെങ്കിലും താന്‍ പച്ചൈത്തമിഴനാണെന്നാണ് രജനി പറയുന്നത്. അത് മലയാളിയായ എം.ജി.ആറിന്റെയും മൈസുരുകാരിയായ ജയലളിതയുടെയും കാര്യത്തിലും ഉണ്ടായ വിവാദമാണെങ്കിലും അതിലൊക്കെ അപ്പുറമാണ് തമിഴര്‍ക്ക് സിനിമാക്കാരോടുള്ള അടിമത്ത മനോഭാവം എന്ന് കാലം തെളിയിച്ചുകഴിഞ്ഞതാണ്. സ്വന്തമായുള്ള ആരാധക വൃന്ദമാണ ്‌രജനികാന്തിന് കേഡര്‍ പടയായുള്ളത്. അവരില്‍ എത്രപേര്‍ മിനിമം നിലവാരം പുലര്‍ത്തുകയും രാഷ്ട്രീയ പരിചയവും ഉള്ളവരാണെന്ന സന്ദേഹവും നിലനില്‍ക്കുന്നു. ഇതിനൊക്കെ ഇടയില്‍ മറ്റൊരു സൂപ്പര്‍താരം കമല്‍ഹാസനും തമിഴ ്‌രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാന്‍ തയ്യാറായി നില്‍പുണ്ട്. അങ്ങനെ വന്നാല്‍ ഉണ്ടാകാവുന്ന വെല്ലുവിളിയെ ആത്മീയതകൊണ്ട് നേരിടാമെന്നാണ് രജനി കണക്കുകൂട്ടുന്നത്. കമല്‍ യുക്തിവാദ -ഇടതുപക്ഷ മനസ്സുള്ളയാളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കമലും അണ്ണാ ഡി.എം.കെ വിമതന്‍ ടി.ടി.വി ദിനകരന്‍ എം.എല്‍.എയും ബി.ജെ.പിയും ആര്‍.എസ്.എസ്സുമൊക്കെ രജനിയുടെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ കയ്യിലേക്ക് പോകാന്‍ രജനി വിഡ്ഢിത്തം കാട്ടില്ലെന്നുതന്നെയാണ് പ്രതീക്ഷ. കാരണം ദ്രാവിഡ രാഷ്ട്രീയത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തിന് ഒട്ടും പ്രസക്തിയില്ലെന്നുള്ളതിന്റെ തെളിവാണ് ഇതുവരെയും ഒരു എം.എല്‍.എയെ പോലും ജയിപ്പിക്കാനാകാത്തതും ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടക്ക് താഴെ മാത്രം വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതും.

ഇനി അണ്ണാ ഡി.എം.കെയുടെ അണികള്‍ എങ്ങോട്ടുപോകുമെന്ന ചോദ്യമാണ് ഒന്നാം തരമായി മുന്നില്‍വന്നുനില്‍ക്കുന്നത്. അവരില്‍ പലരും കളംമാറിത്തുടങ്ങിതായാണ് റിപ്പോര്‍ട്ടുകള്‍. ദിനകരനും ജയയുടെ തോഴി ശശികലക്കും രജനി ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി മുഖ്യമന്ത്രി പളനിസ്വാമിക്കും ഉപമുഖ്യന്‍ പനീര്‍ശെല്‍വത്തിനുമുള്ളതാണ്. എം.ജി.ആറിന്റെ മരണശേഷമുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. ജനുവരി എട്ടിന് ആരംഭിക്കുന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിലുണ്ടായേക്കാവുന്ന ബഹളങ്ങളിലേക്കാണ് ഭാവിയുടെ ചൂണ്ടുപലക കിടക്കുന്നത്. എങ്ങനെയും ഭരണത്തെ മറിച്ചിടുക എന്നതാണ് രജനിയുടെയും ബി.ജെ.പിയുടെയും ദിനകരന്റെയുമൊക്കെ ഉന്നം. അത് സംഭവിച്ചാല്‍ രാഷ്ട്രപതി ഭരണവും 2019നൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുമാണ് കാണാന്‍ പോകുന്നത്. സ്രാവുകളെ പിടിക്കാനുള്ള പരിശ്രമമാകും പതിവുപോലെ കേന്ദ്ര ഭരണകക്ഷി നടത്തുക. അതിന് വീണുകൊടുക്കുന്നവര്‍ക്കായിരിക്കും ജനകീയ കോടതിയിലെ തിരിച്ചടി. തല്‍കാലം കാത്തിരുന്നുകാണുക തന്നെ.

chandrika: