X
    Categories: businessNews

സ്വര്‍ണവില ഇരുപതിനായിരത്തിലേക്ക് താഴുമോ? പുതുവര്‍ഷത്തില്‍ വിപണയില്‍ സംഭവിക്കാനിരിക്കുന്നത് എന്ത്?

കൊച്ചി: കോവിഡ് പ്രതിസന്ധിയും ചൈന-യുഎസ് ശീതസമരവും മൂലം സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2020. ഓഗസ്റ്റ് ആദ്യവാരത്തില്‍ പവന് 42,000 രൂപക്കാണ് വ്യാപാരം നടന്നത്. പിന്നീട് വില താഴേക്ക് വന്നെങ്കിലും 36000 രൂപക്ക് താഴേക്ക് വന്നിട്ടില്ല. 30,000 രൂപക്ക് താഴെയായിരുന്നു 2020 ആദ്യമാസങ്ങളില്‍ സ്വര്‍ണവില. ഇതാണ് പിന്നീട് കുതിച്ചുയര്‍ന്ന് 42,000 രൂപയിലെത്തിയത്. ഇപ്പോഴും ഒരു വര്‍ഷം മുമ്പുള്ള വിലയേക്കാള്‍ ഏകദേശം 7000-8000 രൂപ കൂടുതലാണ് പവന് വില.

പുതുവര്‍ഷത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടാവുമോ എന്നതാണ് ഉപഭോക്താക്കളില്‍ നിന്നുള്ള പ്രധാന ചോദ്യം. പണിക്കൂലി അടക്കം 30,000 രൂപക്ക് ഒരു പവന്‍ വാങ്ങാന്‍ പറ്റുന്ന നിലയിലേക്ക് വിപണി എത്തുമോ എന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. എന്നാല്‍ ഇത് ഉടന്‍ സാധ്യമാവില്ല എന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന. അതിന് അവര്‍ പറയുന്ന കാരണങ്ങള്‍ നിരവധിയാണ്.

കോവിഡ് പ്രതിസന്ധിമൂലം നിക്ഷേപകര്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഉയരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം. കോവിഡ് വാക്‌സിനെക്കുറിച്ചുള്ള ശുഭവാര്‍ത്തകള്‍ വന്നതോടെയാണ് പിന്നെ വിപണിയില്‍ നേരിയ ഇടിവുണ്ടായത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ പൂര്‍ണമായും വിജയകരമാവാത്തതും സാര്‍വത്രികമാവാത്തതും കാരണം ഇപ്പോഴും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.

സ്വര്‍ണം വലിയ തോതില്‍ വിറ്റഴിക്കാന്‍ ഇപ്പോഴും നിക്ഷേപകര്‍ തയ്യാറായിട്ടില്ല എന്നതുകൊണ്ട് വലിയ വിലക്കുറവ് പെട്ടന്നുണ്ടാവില്ല. എന്നാല്‍ കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ വിപണിയെ ശക്തിപ്പെടുത്തുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാവാന്‍ സാധ്യതയുണ്ട്. യുഎസ് പ്രസിഡന്റായി ജോ ബൈഡന്റെ വരവും യുഎസ്-ചൈന ശീതസമരത്തില്‍ അയവ് വന്നതും സ്വര്‍ണവിലയിലും അയവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: