X
    Categories: indiaNews

കൈയിലിരുന്നതും പോയി ബി.ജെ.പി; മഹാരാഷ്ട്ര മോഡല്‍ ബിഹാറില്‍ പാളി

പറ്റ്‌ന: ഏകനാഥ് ഷിന്‍ഡേയെ മുന്നില്‍ നിര്‍ത്തി ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പി, അവിടെ മന്ത്രിസഭാ വികസനത്തിന് തിരഞ്ഞെടുത്ത അതേ ദിവസം തന്നെയാണ് ബിഹാറില്‍ അവര്‍ക്ക് ഭരണം നഷ്ടമായത്.യാദൃശ്ചികമാവാം ഇതെന്ന് പറയുമ്പോഴും രണ്ടു സംസ്ഥാനങ്ങളിലും നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ സാമ്യതകളുണ്ട്. മറ്റൊരു മഹാരാഷ്ട്ര തന്നെയായിരുന്നു ബിഹാറില്‍ ബി.ജെ.പി സ്വപ്‌നം കണ്ടത്. എന്നാല്‍ ഉദ്ദവിന് പറ്റിയ അമളി നിതീഷിന് പിണഞ്ഞില്ല. ബി.ജെ.പി നീക്കം തിരിച്ചറിഞ്ഞ് സര്‍ക്കാറിനെ തന്നെ ഇല്ലാതാക്കി നിതീഷ്. മഹാരാഷ്ട്ര മാതൃകയില്‍ ജെ.ഡി.യുവിനെ പിളര്‍ത്തി ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു ബി.ജെ.പി നീക്കം. അടുത്തിടെ ജെ.ഡി.യുവില്‍ നിന്ന് രാജിവച്ച ആര്‍. സി.പി സിങിനെ മുന്നില്‍ നിര്‍ത്താനും ബി.ജെ.പി പദ്ധതി തയ്യാറാക്കി. ജെ.ഡി.യുവില്‍ നിതീഷ് കഴിഞ്ഞാല്‍ രണ്ടാമനായിരുന്നു സിങ്.

എന്നാല്‍ അടുത്ത കാലത്തായി ഇരുവരും നല്ല ബന്ധത്തിലായിരുന്നില്ല. രണ്ടാം മോദി സര്‍ക്കാറില്‍ ചേരുമ്പോള്‍ രണ്ട് കേന്ദ്രമന്ത്രി പദമാണ് നിതീഷ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ ഒരു സീറ്റ് സിങിനു വേണ്ടിയായിരുന്നു ചോദിച്ചത്. ഇത് നല്‍കാത്തതിനാല്‍ 2019ല്‍ സര്‍ക്കാറില്‍ ചേരാതെ വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ സിങിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇത് നിതീഷുമായി ആലോചിക്കാതെയായിരുന്നു. അമിത് ഷാ ലക്ഷ്യമിട്ടതും ഇരുവരേയും പിണക്കുക എന്നതായിരുന്നു. രാജ്യസഭാ കാലാവധി പൂര്‍ത്തിയായ ആര്‍.സി. പി സിങിനെ നിതീഷ് വീണ്ടും നോമിനേറ്റ് ചെയ്തില്ല. പകരം സീറ്റ് മറ്റൊരാള്‍ക്ക് നല്‍കി. ഇതോടെ ആര്‍.സി.പി സിങിന്റെ മന്ത്രിസ്ഥാനവും പോയി. അന്നു മുതല്‍ നല്ല ബന്ധത്തിലല്ല ഇരുവരും.

അടുത്തിടെ പ്രകോപനമൊന്നുമില്ലാതെയാണ് സിങ് ജെ.ഡി.യുവില്‍ നിന്ന് രാജിവെച്ചത്. കാരണമായി പറഞ്ഞത് പാര്‍ട്ടി അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും. പ്രത്യക്ഷത്തില്‍ തന്നെ വിശ്വസനീയമായിരുന്നില്ല ഈ വാദം. ജെ.ഡി.യുവില്‍ പിളര്‍പ്പുണ്ടാക്കാന്‍ അമിത് ഷാ നടത്തുന്ന കരുനീക്കമായിരുന്നു ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ജെ.പിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി ജെ.ഡി.യുവിന്റെ സീറ്റ് ബി.ജെ. പി വെട്ടിക്കുറച്ചിരുന്നു. ജെ.ഡി. യുവിനെ തളര്‍ത്താനുള്ള നീക്കമായിരുന്നു ഇത്.

എന്‍.ഡി. എ മന്ത്രിസഭയില്‍ നിതീഷുമായി അടുപ്പം പുലര്‍ത്തിയിരുന്ന ബി.ജെ.പി നേതാക്കളെ മാറ്റി മറ്റുചിലരെ അമിത് ഷാ പ്രതിഷ്ഠിച്ചിരുന്നു. ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍ മോദിയെ മാറ്റിയതടക്കം ഇതിന്റെ ഭാഗമായിരുന്നു. ഡല്‍ഹിയിലിരുന്ന് റിമോട്ട് നിയന്ത്രണം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇതിലും നിതീഷ് അപകടം മണത്തിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടുത്തിടെ പട്‌നയില്‍ നടത്തിയ ഒരു പ്രസംഗവും നിതീഷില്‍ സംശയം ജനിപ്പിച്ചു. ബിഹാറില്‍ ഇനി പ്രാദേശിക കക്ഷികള്‍ ഉണ്ടാകില്ലെന്നായിരുന്നു നദ്ദയുടെ പ്രസംഗം.

Test User: