X

ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത; ‘ദി വയറി’ന്റെ വിലക്ക് കോടതി നീക്കി

അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായ്‌ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്‍ കോടതി നീക്കി. എന്നാല്‍ വിലക്ക് നീക്കിയെങ്കിലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട തുടങ്ങിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ജയ് ഷായുടെ ബിസിനസിലെ അവിശ്വസനീയമായ വളര്‍ച്ചയെക്കുറിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനാണ് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ജയ് ഷാ ആവശ്യപ്പെട്ടത്. വിലക്ക് ഭരണഘടന വിരുദ്ധമാണെന്ന് വയര്‍ കോടതിയില്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളും ജയ്ഷാ തന്നെ നല്‍കുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലേക്കാണ് തങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതില്‍ അപകീര്‍ത്തികരമായ വിവരങ്ങളൊന്നുമില്ലെന്നും വയര്‍ പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം തരണമെന്നും ഇന്‍ജങ്ഷന്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു ദിവസത്തേയ്ക്ക് പോലും നീട്ടാന്‍ പാടില്ലെന്ന് വയര്‍ വാദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ‘ദി ഗോള്‍ഡന്‍ ടച്ച് ഓഫ് ജയ് അമിത്ഷാ’ എന്ന റിപ്പോര്‍ട്ടിന് വിലക്കേര്‍പ്പെടുത്തിയത്.

chandrika: