പാലും കോഴിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളുമെന്നുവേണ്ട സകലതിനും തമിഴ്‌നാടിനെ ആശ്രയിക്കുന്ന കേരളയീന് അവ വാങ്ങാന്‍ വേണ്ട അത്യാവശ്യ പണത്തിനുപോലും തമിഴനെ ആശ്രയിക്കേണ്ട ഗതികേടിനെക്കുറിച്ച് എന്തു പറയാനാണ്. എല്ലാം ശരിയാകുമെന്നും സര്‍ക്കാര്‍ ഒപ്പമെന്നും പറയുന്ന ഭരണാധികാരികള്‍ക്ക് സംസ്ഥാനത്തെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പാവപ്പെട്ടവരും സാധാരണക്കാരും നേരിടുന്ന കൊള്ളപ്പലിശക്കാരെക്കുറിച്ച് കേട്ടറിവുപോലുമില്ലേ. മോദി സര്‍ക്കാര്‍ ‘ഇല്ലാതാക്കിയ’ കള്ളപ്പണം അതിസമ്പന്നര്‍ ഇടനിലക്കാര്‍ വഴി കോടികളിറക്കി ശതകോടികള്‍ കൊയ്യുമ്പോള്‍ ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയാണ് ശരാശരി മലയാളി. നാടന്‍ പലിശക്കാരും ഇതിലൊട്ടും കുറവല്ല. കോവിഡ് കാലത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും ചികില്‍സാചെലവും മുതലെടുത്താണ് സംസ്ഥാനത്തൊട്ടാകെ ബ്ലേഡ്മാഫിയ അരങ്ങുവാഴുന്നത്. കോവിഡ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വഴിയില്‍ ആളുകളെയിട്ട് പിഴ ഈടാക്കുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റെയും നേരിയൊരംശം ആര്‍ജവം പോരേ ഈ പകല്‍കൊള്ള അവസാനിപ്പിക്കാന്‍?.
കഴിഞ്ഞദിവസങ്ങളില്‍ അതിര്‍ത്തി ജില്ലയായ പാലക്കാട് ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായി. ചുണ്ടമ്പറ്റയില്‍ മൂന്നു പിഞ്ചുമക്കളുടെ കുടുംബനാഥന്‍ ആത്മഹത്യചെയ്തത് ചിട്ടിപ്പണം സംബന്ധിച്ച ബാധ്യതയെതുടര്‍ന്നായിരുന്നെങ്കില്‍ തലസ്ഥാന ജില്ലയില്‍ ഗുണ്ടകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത് പലിശപ്പണക്കാരുടെ പിണിയാളുകളായാണ്. കടംവാങ്ങി തിരിച്ചുകൊടുക്കാന്‍ കഴിയാത്തവരെ ഇവര്‍ എന്തും ചെയ്യുമെന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം പാലക്കാട്ടെതന്നെ ഒരു അധ്യാപിക 22 ലക്ഷം വാങ്ങിയതിനുശേഷം മാസം ഒരുലക്ഷം വെച്ച് 40 ലക്ഷത്തിലധികം രൂപ കൊടുത്തിട്ടും ഗുണ്ടകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായി പരാതിവന്നു. ഒരു ലക്ഷം രൂപ കടം വാങ്ങിയ മറ്റൊരു യുവതി ഇരട്ടിതുക അടച്ചിട്ടും കൂടുതല്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പൊലീസില്‍ പരാതിയുണ്ട്. പാവപ്പെട്ട കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, കോയമ്പത്തൂര്‍, തേനി, ഗൂഡല്ലൂര്‍ മേഖലകളില്‍ നിന്നുവന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ വാടകക്ക് താമസിക്കുന്നവരാണ് ഇതിന് പിന്നിലെന്നത് പൊലീസിനോ പ്രാദേശിക നേതാക്കള്‍ക്കോ അറിയാത്തതല്ല. എന്നാല്‍ ഇവരുടെ ‘കിമ്പളം പറ്റുന്ന’ ചിലര്‍ പൊലീസിലും പ്രാദേശിക നേതാക്കളിലുമുണ്ടെന്നതാണ് വാര്‍ത്തകള്‍. കണ്ണൂര്‍, കോട്ടയം, ഇടുക്കി, പാലക്കാട് പോലുള്ള ജില്ലകളില്‍ പട്ടിക വിഭാഗക്കാരാണ് അധികവും ഇരകള്‍. സ്ത്രീകള്‍ കൃത്യമായി പലിശയും തുകയും അടയ്ക്കുമെന്നതാണ് ഇവരെ വല വീശുന്നതിന് കാരണം. 20 മുതല്‍ 25 ശതമാനം വരെയാണ് വട്ടിപ്പലിശ. കോവിഡ് കാരണം കച്ചവടം മുടങ്ങുകയും നഷ്ടത്തിലാകുകയുംചെയ്ത ചെറുകിട വ്യാപാരികളെയും ഇക്കൂട്ടര്‍ ചാക്കിട്ട് കുരുക്കിലാക്കുന്നുണ്ട്. പതിനായിരം രൂപ കൊടുത്ത് വൈകീട്ട് ആയിരം രൂപ വെച്ച് തിരിച്ചടക്കുന്ന രീതിയുമുണ്ടത്രെ. കേരളത്തില്‍ അടുത്ത കാലത്തായി ഗുണ്ടാആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചതിന് പിന്നിലും ഇത്തരക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കരയില്‍ ഏതാനും മാസം മുമ്പ് നടന്ന ഗുണ്ടാആക്രമണത്തിന് കാരണം പലിശയിടപാടായിരുന്നു. 2020 സെപ്തംബറില്‍ കണ്ണൂരില്‍ യുവതി കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യചെയ്തു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവിന് മകന്‍ വാങ്ങിയ 2 ലക്ഷം രൂപക്ക് പകരമായി നല്‍കേണ്ടിവന്നത് 30 ലക്ഷം രൂപയാണ്. ഇതിനായി അയാള്‍ക്ക് കല്യാണ മണ്ഡപം കൂടി വില്‍ക്കേണ്ടിവന്നു. ആജീവനാന്തസമ്പാദ്യമാണ് ഈ വയോധികന് നഷ്ടമായത്. പവര്‍ ഓഫ് അറ്റോണി വരെ എഴുതിവാങ്ങി നല്‍കുന്ന വായ്പക്ക് തിരിച്ചടവ് മുടങ്ങുമ്പോള്‍ നിയമനടപടികളും സ്വീകരിക്കാറുണ്ട് ചിലര്‍. പണം നഷ്ടപ്പെട്ടവര്‍ അഭിമാനവും കൂടി നഷ്ടപ്പെടരുതെന്ന് കരുതി ഈടുകൊടുത്ത വീടും പുരയിടവും തീറെഴുതിക്കൊടുത്ത് നാടുവിടുന്നതും പതിവായിട്ടുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ഇവര്‍ക്കെതിരെ ഒരൊറ്റ കേസ് പോലുമെടുത്തിട്ടില്ല. പരാതികള്‍ സ്റ്റേഷനുകളില്‍തന്നെ തീര്‍പ്പാക്കുന്ന അവസ്ഥയുമുണ്ട്. പണം നഷ്ടപ്പെട്ടത് മിച്ചവും.
ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും പാവപ്പെട്ടവനുമുന്നില്‍ ഇടംതടിച്ച് നില്‍ക്കുമ്പോഴാണ് ജനത്തിന് കുടുംബം നിലനിര്‍ത്താനായി കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരുന്നത്. സമ്പന്നര്‍ അതിസമ്പന്നരാകുന്ന കാലത്താണിത്. കര്‍ഷകരും തൊഴിലാളികളും കിടപ്പാടം തീറെഴുതുമ്പോള്‍ ശമ്പളക്കാരെമാത്രം ബാങ്കുകളും സര്‍ക്കാരുകളും താലോലിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ‘ഓപറേഷന്‍ കുബേര’ എന്ന പേരില്‍ നടത്തിയ പൊലീസ് പ്രത്യേക റെയ്ഡ് ഈ പകല്‍കൊള്ളക്കെതിരെ പ്രായോഗിക പരിഹാരമായിരുന്നു. നിരവധി പേര്‍ ഇതിന്റെ പേരില്‍ അഴിക്കുള്ളിലായി. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പലരും തിരിച്ചെത്തി. വീണ്ടും കുബേരന്മാരുടെ തേരോട്ടമായി. നിത്യവരുമാനക്കാരുടെ പണത്തില്‍ നല്ലൊരു ശതമാനവും പോകുന്നത് സര്‍ക്കാര്‍വിലാസം മദ്യത്തിനും ലോട്ടറിക്കുമാണെന്നതും കാണാതിരുന്നുകൂടാ. രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായി കൂടിയായാലേ രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യമാകൂ.