കാസര്‍കോഡും താനൂരിലും നഗരസഭകളില്‍ മതം നോക്കിയാണു അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് ആക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ വര്‍ഗ്ഗീയതയുടെ പ്രചാരകനായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി
അബ്ദുറഹ്മാന്‍ രണ്ടത്താണി.
ക്രിസ്ത്യാനികളില്ലാത്ത തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ നിന്ന് എ കെ ആന്റണിക്ക് ചരിത്ര വിജയം നേടി കൊടുത്തതും ഇതേ വോട്ടര്‍മാരാണെന്ന കാര്യം അദ്ദേഹം ഓര്‍ക്കുന്നത് നന്ന്. അന്ന് എ കെ ആന്റണിക്കെതിരെ സി പി എം നിര്‍ത്തിയ മുസ്‌ലിം സ്ഥാനാര്‍ത്ഥിക്ക് കെട്ടി വെച്ച കാശ് കിട്ടാന്‍ ‘ക്ഷ’ വരക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്തെ പൊന്നാനിയില്‍ മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രത്തില്‍ നിന്നാണു സ്വന്തം പാര്‍ട്ടിക്കാരനായ നന്ദകുമാര്‍ എം.എല്‍.എയായതെന്നതെങ്കിലും മന്ത്രി ചെറിയാന്‍ ഓര്‍ക്കേണ്ടതായിരുന്നു. സൗദി അറേബ്യയില്‍ മുസ്‌ലിം പള്ളിയില്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കാറില്ലെന്ന് അസത്യം പ്രചരിപ്പിച്ചത് പോലെ സാമൂഹ്യന്തരീക്ഷം മലീമസമാക്കാനുള്ള മറ്റൊരു ശ്രമമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണസഭയില്‍ അംഗങ്ങളായ നേതാക്കളെ ജന പ്രതിനിധികളാക്കിയ പാരമ്പര്യമുള്ളവരാണു മലപ്പുറത്തുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഭരണഘടനയുടെ പവിത്രത പോലും തിരിച്ചറിയാതെ പോകുന്നവരായി മന്ത്രി മാറരുത്..
പിണറായി മന്ത്രിസഭയില്‍ ഗീബല്‍സിന്റെ റോളെടുത്ത് ചൊറിയാന്‍ ഇറങ്ങുന്ന ചെറിയാനു പ്രബുദ്ധ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് ചേരില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.