X

സത്യത്തില്‍ എന്താണ് കേരളത്തിന് സംഭവിച്ചത്? ഇതെല്ലാം ക്ഷണിച്ചുവരുത്തുന്ന കെടുതികളോ?

സത്യത്തില്‍ എന്താണ് കേരളത്തിന് സംഭവിച്ചത് എന്ന ചോദ്യത്തിന് ഇതിനകംതന്നെ പല ഉത്തരങ്ങളും നാം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. അതിലൊന്നും പ്രധാനപ്പെട്ടതും ആഗോളതലത്തിലെ കാലാവസ്ഥാമാറ്റമാണ്. ഭൂമിയില്‍ മനുഷ്യന്റെ ഇച്ഛയ്ക്കും സുഖത്തിനും സൗകര്യത്തിനുമായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍നിന്നും ശീതീകരണസംവിധാനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നും മറ്റും പുറന്തള്ളുന്ന കാര്‍ബണ്‍ അഥവാ ഹരിതഗൃഹവാതകങ്ങളാണ് അന്തരീക്ഷത്തിലും പ്രത്യേകിച്ച് ഭൂഉപരിതലത്തിലും ചൂട് വര്‍ധിക്കുന്നതിന് കാരണമാകുന്നതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാലെന്തുകൊണ്ട് വരള്‍ച്ച് പകരം മഴക്കെടുതികളുണ്ടാകുന്നുവെന്ന ചോദ്യത്തിനുത്തരം ഇതോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുകയും പൊടുന്നനെ മഴപെയ്യുകയും ചെയ്യുന്നു. കേരളം പോലെ മലനിരകള്‍ക്കും കടലിനും ഇടക്കുള്ള താരതമ്യേന ചെറിയൊരു ഇടത്തില്‍ വസിക്കുന്ന ജനതയെസംബന്ധിച്ചിടത്തോളം ഇതൊരു വന്‍ഭീഷണിതന്നെയാണ്. ഇതിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് ആലോചിച്ചുവരുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ യാതൊന്നും നടക്കുന്നില്ലെന്ന ്മാത്രമല്ല, പ്രകൃതിചൂഷണവും പ്രകൃതിദുരന്തങ്ങളും അടുത്തകാലത്തായി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പശ്ചിമഘട്ടമലനിരകള്‍ക്കും അറബിക്കടലിനും ഇടയിലെ കേരളത്തിന്റെ ശരാശരിദൂരം അഥവാ കേരളത്തിന്റെ വീതി വെറും 60 കിലോമീറ്റര്‍ മാത്രമാണ്. തെക്കോട്ടും വടക്കോട്ടും പോകുന്തോറും ഇത് കുറഞ്ഞുവരുന്നു. ഇവിടെവേണം. ഇന്ത്യയിലെ 4 ശതമാനത്തോളം വരുന്ന ജനതയെ താമസിപ്പിക്കാന്‍. രാജ്യത്തിന്റെ വെറും 1.8 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ വിസ്തൃതി.

ഒക്ടോബര്‍ 16ന് ശനിയാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിച്ചാലും നാമെത്തിച്ചേരുന്നത് മുന്‍പറഞ്ഞ കാലാവസ്ഥാവ്യതിയാനമാണെങ്കിലും അതിനെ പ്രതിരോധിക്കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. ജനങ്ങളേക്കാള്‍ ഭരണകൂടമാണ് ഇക്കാര്യങ്ങളില്‍ പരിഹാര-പ്രതിരോധനടപടികളുടെ അന്തിമവാക്ക് എന്നിരിക്കെ അവര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും നയങ്ങളും തീര്‍ത്തും ദുരന്തങ്ങള്‍ക്ക് എണ്ണ പകരുന്നതിന് സമാനമാണ്.

അതിലൊന്നാണ ്2018ലെ കേരളത്തിലെ മഹാപ്രളയത്തിന് തൊട്ടടുത്ത മാസങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷഭരണകൂടം കേന്ദ്രസര്‍ക്കാരില്‍നിന്ന ്ക്വാറി ഉടമകള്‍ക്കുവേണ്ടി പരിസ്ഥിതിലോലമേഖലകളെ ഒഴിവാക്കി ഇറക്കിച്ച ഉത്തരവ്. 2018 ഓഗസ്റ്റിലായിരുന്നു മഹാപ്രളയം. 1924ന് ശേഷം അതാദ്യമാണ് അത്തരത്തിലൊരു പ്രളയത്തിലേക്ക് കേരളം പതിച്ചത്. 500 ലധികം പേര്‍ കൊല്ലപ്പെട്ട നൂറോളം ഉരുള്‍പൊട്ടലുകളുടെ ചൂടാറുംമുമ്പാണ് 2018 ഡിസംബറില്‍ ക്വാറി ഉടകമള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനും ക്വാറികളുടെ പ്രവര്‍ത്തനാനുമതി പുനസ്ഥാപിക്കാനും കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ തയ്യാറായത്. 2013ല്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പശ്ചിമഘട്ടമലകളുടെ കാര്യത്തില്‍ ഇറക്കിയ ഉത്തരവ് മറികടന്നാണ ്‌സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. കോട്ടയം കൂട്ടിക്കലിലും തൊട്ടടുത്ത കൊക്കയാറിലും 25 ലധികംപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെയും മുണ്ടക്കയത്തെ നിരവധി വീടുകളുടെ നാശത്തിന്റെയും പശ്ചാത്തലത്തില്‍ ഈ ക്വാറികളുടെ പ്രവര്‍ത്തനം പുനപരിശോധിക്കപ്പെടേണ്ടതാണ്. എന്നാല്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അനങ്ങാന്‍ പോലും തയ്യാറല്ലെന്നതാണ ്‌വാസ്തവം. ഇതിന് മികച്ച ഉദാഹരണമാണ് പ്രളയത്തിനുശേഷം ക്വാറികളുടെ ദൂരപരിധി 200ല്‍നിന്ന് 50 മീറ്ററാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്. ദേശീയഹരിത ട്രിബൂണല്‍ ഉറക്കിയ വിധിയെ മറികടന്ന് ഇതിനായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു പിണറായിസര്‍ക്കാര്‍. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണ്. എന്നിട്ടാണ് പ്രളയത്തിനും ഉരുള്‍പൊട്ടലിനും ഉത്തരവാദി കാലാവസ്ഥാവ്യതിയാനം മാത്രമാണെന്ന ്സ്ഥാപിക്കാന്‍ സര്‍ക്കാരും ഭരണകക്ഷിക്കാരും പരിശ്രമിക്കുന്നത്. മാധവ് ഗാഡ്ഗില്‍ 2011ന് സമര്‍പ്പിച്ച പശ്ചിമഘട്ടപഠനറിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചതനുസരിച്ച് തയ്യാറാക്കിയ പരിസ്ഥിതിലോലപട്ടികയിലാണ് കേരളസര്‍ക്കാര്‍ തിരുത്തല്‍വരുത്തിയത്. 1986ലെ പരിസ്ഥിതിസംരക്ഷണനിയമത്തിന്റെ നഗ്്‌നമായ ലംഘനംകൂടിയാണിത്.

കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഉരുള്‍പൊട്ടലുണ്ടായതെങ്കിലും ഒരേ മലയോരപ്രദേശമാണിവ. ഇവിടെ ഏഴോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂട്ടിക്കലിലെ ദുരന്തത്തിന് കാരണം പൂര്‍ണമായും മലമുകളിലെ ക്വാറികളാണ്. കോട്ടയംജില്ലയിലെ നാല് പരിസ്ഥിതിലോല വില്ലേജുകളില്‍ പൂഞ്ഞാര്‍, മേലുകാവ്,തെക്കേക്കര, കൂട്ടിക്കല്‍ എന്നീ വില്ലേജുകളെ ക്വാറിഉടമകള്‍ക്കായി ഇ.എസ്.എ പട്ടികയില്‍നിന്ന് ഒഴിവാക്കിനല്‍കിയത് റവന്യൂസെക്രട്ടറി പി.എച്ച് കുര്യന്റെ 2018 ജൂണ്‍നാലിലെ ആവശ്യമാണ്. ഇതിനൊപ്പിച്ച് കേന്ദ്രപരിസ്ഥിതിമന്ത്രാലയം 2018 ഡിസംബര്‍ 3ന് ഭേദഗതി ഉത്തരവ് നല്‍കുകയായിരുന്നു. വെറുതെയല്ല, കേരളം ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നുവെന്ന് മാധവ് ഗാഡ്ഗില്‍ തുടരെത്തുടരെ അഭിപ്രായപ്പെടുന്നത്.

 

 

adil: