X

വികാരം തുളുമ്പിയ മോദിയുടെ കത്ത് പങ്കുവച്ച് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ വികാരനിര്‍ഭരമായ കത്ത് പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്ഥാനമൊഴിയുന്നതിന്റെ തലേദിവസം എഴുതിയ കത്താണ് മുന്‍ രാഷ്ട്രപതി ട്വിറ്ററില്‍ പങ്കുവച്ചത്. മോദിക്ക് പ്രണബ് മുഖര്‍ജിയോടുള്ള സ്‌നേഹവും ബഹുമാനവുമാണ് കത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

സ്‌നേഹവും ബഹുമാനവും അറിയിക്കുന്നതോടൊപ്പം രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന വരും തലമുറക്ക് പ്രണബ് മുഖര്‍ജി മാതൃകയായിരിക്കുമെന്നും മോദി കത്തിലൂടെ പറയുന്നു. ‘ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദില്ലിയിലേക്ക് വരുമ്പോള്‍ താനവിടെ അപരിചിതനായിരുന്നു. കാത്തിരുന്നത് വലിയ വെല്ലുവിളികളും. ആ സമയത്ത് വഴികാട്ടിയായത് പ്രണബ് ദാ ആണ്. പിതൃതുല്യമായ സ്‌നേഹമാണ് പ്രണബ് മുഖര്‍ജി തന്നോട് കാണിച്ചത്. നമ്മുടെ ആശയങ്ങളും ആദര്‍ശങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും വ്യത്യസ്തമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെയാണ് പ്രതിനിധാനം ചെയ്തത്. എന്നിട്ടും പ്രണബ് മുഖര്‍ജിയുടെ അറിവും കഴിവും നിര്‍ദ്ദേശങ്ങളും വ്യക്തിത്വ സവിശേഷതകളും മുതല്‍ക്കൂട്ടായി. താങ്കളുടെ അറിവുകള്‍ തന്നെയും തന്റെ സര്‍ക്കാരിനെയും സഹായിച്ചിട്ടുണ്ട്.
താങ്കളെക്കുറിച്ചോര്‍ത്ത് ഇന്ത്യ അഭിമാനിക്കും. രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന വരും തലമുറക്ക് താങ്കള്‍ എന്നും മാതൃകയായിരിക്കും.


സ്വാര്‍ത്ഥലക്ഷ്യങ്ങളില്ലാതെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രപതിയായിരുന്നു താങ്കള്‍’. കത്തില്‍ പറയുന്നു. പ്രണബ് മുഖര്‍ജിയുടെ ട്വീറ്റ് മോദിയും പങ്കു വെച്ചിട്ടുണ്ട്‌

chandrika: