X

ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ഇനിയെന്ത്?

ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഭിന്നവിധിയുണ്ടായതോടെ ഇനി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഫുള്‍ബെഞ്ചിന് കൈമാറും. ഫുള്‍ബെഞ്ച് സര്‍ക്കാര്‍ പ്രതിനിധിയെയും ഹര്‍ജിക്കാരനെയും വീണ്ടും വിസ്തരിക്കും. കേസില്‍ ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായാല്‍ ലോകായുക്തയും ഉപലോകായുക്തമാരും കേസ് പരിഗണിക്കണമെന്നും ഭൂരിപക്ഷ അഭിപ്രായം നടപ്പിലാക്കണമെന്നുമാണ് ലോകായുക്ത നിയമത്തിലെ 7 (1)ല്‍ പറയുന്നത്.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്‍ ഗവര്‍ണറുടെ പരിഗണനക്ക് അയച്ചെങ്കിലും ഒപ്പിടാത്തതിനാല്‍ നിയമമായില്ല. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ കേസിനു പ്രസക്തിയില്ലാതാകും. ബില്ലിലെ ഭേദഗതി അനുസരിച്ച് ലോകായുക്ത വിധി എതിരായാല്‍ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഗവര്‍ണറല്ല, നിയമസഭയാണ്. സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാരിന് വിധിയെ മറികടക്കാന്‍ കഴിയും. നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ലിന് അനുമതി നല്‍കാനിടയില്ല. ഗവര്‍ണര്‍ ബില്ലില്‍ എതിരായ നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് ആശ്വാസകരമായ തീരുമാനമാണ് ലോകായുക്തയില്‍ നിന്ന് ഉണ്ടായതെന്നാണ് സി.പി.എം വിലയിരുത്തല്‍. അതേസമയം ലോകായുക്തയായിരുന്ന പയസ് കുര്യാക്കോസ് അധ്യക്ഷനായ ഫുള്‍ ബഞ്ച് പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും നേരത്തെ വ്യക്തമാക്കിയതാണെന്ന് പ്രതിപക്ഷം പറയുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കസേര തെറിക്കാന്‍ പോലും സാധ്യതയുണ്ടായിരുന്ന ദുരിതാശ്വാസ നിധി ദുരുപയോഗ കേസില്‍ ലോകായുക്തയില്‍ നിന്നുണ്ടായ വിചിത്ര വിധിക്കെതിരെ പ്രതിഷേധമറിയിച്ച് നിയമവിദഗ്ധര്‍. ഒരു വര്‍ഷം മുന്‍പ് വാദം പൂര്‍ത്തിയായ കേസ് വിധി പറയാതെ മാറ്റിവെച്ചെന്നു മാത്രമല്ല, ജഡ്ജുമാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടുപോലും പൊതുമുതല്‍ വകമാറ്റിയെന്ന ഗുരുതരമായ സംഭവത്തെ ലോകായുക്ത വേണ്ടത്ര ഗൗരവത്തോടെ സമീപിച്ചില്ലെന്നും വിമര്‍ശനമുണ്ട്. പിണറായിയെ രക്ഷിക്കാനാണ് കേസ് ഫുള്‍ബെഞ്ചിന് വിട്ടതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതിന് പിന്നിലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

കേസുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളിലും രാഷ്ട്രീയ വിവാദങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സാധാരണക്കാരന്റെ പണമാണ്. കുട്ടികളുടെ കുടുക്ക സമ്പാദ്യം മുതല്‍ സ്ത്രീകള്‍ വളര്‍ത്തിയ ആടുകളെ വിറ്റുപോലും സംഭാവന നല്‍കിയ പണമാണ് വകമാറ്റി നല്‍കിയത്. എന്നാല്‍ എല്ലാം സര്‍ക്കാരിന്റെ നയപരമായ തീരുമാനമെന്നും മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നിലപാട്. വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന വിധിയാകട്ടെ ഭിന്നവിധിയായി എന്ന പ്രത്യേകതയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമോ എന്നതിനേക്കുറിച്ചു പോലും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും തമ്മില്‍ ഭിന്നതയുണ്ടായി എന്നാണ് വിവരം. വിധി പറയാന്‍ ഇത്രയധികം കാലതാമസം വന്ന കേസിലാണ് ഹര്‍ജി അന്വേഷണ പരിധിയിലാണോ എന്നതില്‍പ്പോലും ഇരുവര്‍ക്കും യോജിപ്പിലെത്താനായില്ലെന്ന് വ്യക്തമാക്കുന്ന വിധി.

ഹര്‍ജിയുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കിടെ ലോകായുക്തയും ഉപലോകായുക്തയും ശ്രദ്ധേയ പരാമര്‍ശങ്ങള്‍ നടത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ജനങ്ങളുടെ പണം ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന തരത്തില്‍ തോന്നിയ പോലെ ഉപയോഗിക്കാനാകുമോയെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വാദത്തിനിടെ ആരാഞ്ഞിരുന്നു. ദുരിതാശ്വാസ നിധി കേസ് ലോകായുക്ത പരിഗണിക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താന്‍ കഴിയുന്നതാണ് ലോകായുക്തയുടെ 14-ാം വകുപ്പ്. എന്നാല്‍ ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി.

ഭേദഗതി ഓര്‍ഡിനന്‍സ് വരുന്നതിനാല്‍ ഈ കേസില്‍ തിടുക്കത്തിന്റെ ആവശ്യമുണ്ടോയെന്ന് ഉപലോകായുക്ത ഹാറുണ്‍ അല്‍ റഷീദ് വാദത്തിനിടെ ചോദിച്ചു. ഓര്‍ഡിനന്‍സ് ഭേദഗതി വരുന്നത് കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിക്കു ബാധകമല്ലെന്നായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിന്റെ നിരീക്ഷണം. പൊതുപ്രവര്‍ത്തകരെ അയോഗ്യരായി പ്രഖ്യാപിക്കാന്‍ സെക്ഷന്‍ 14 പ്രകാരം ലോകായുക്തക്ക് അധികാരമുണ്ടെന്നും, റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ മാത്രമേ ഭേദഗതി വന്നിട്ടുള്ളൂ എന്നുമുള്ള ഹര്‍ജിക്കാരനായ ആര്‍.എസ്.ശശികുമാറിന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തിന്റെ അഭിപ്രായത്തോട് ലോകായുക്ത യോജിപ്പ് പ്രകടിപ്പിച്ചു. മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിച്ചതെന്നും മന്ത്രിസഭാ തീരുമാനം ലോകായുക്തയില്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നും സര്‍ക്കാര്‍ അറ്റോണി ടി.എ. ഷാജി വാദം ഉന്നയിച്ചു. മന്ത്രിസഭ തീരുമാനമെടുത്ത വിഷയത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് കഴിയില്ല. മരണപ്പെട്ട പൊതുപ്രവര്‍ത്തകരുടെ കുടുംബത്തിനാണ് സഹായം നല്‍കിയത്. സമൂഹത്തില്‍ ഏതു വിഭാഗത്തിലുള്ള ആളുകളായാലും സഹായിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അതു തുടരുമെന്നും ടി.എ.ഷാജി പറഞ്ഞു. എന്നാല്‍ പൊതുമുതലെടുത്തല്ല ഔദാര്യം കാട്ടേണ്ടതെന്ന് ലോകായുക്ത മറുപടി പറഞ്ഞു.

webdesk11: