X

ധൂര്‍ത്തിന്റെ വഴിയില്‍ ഇനിയെന്ത്

ശംസുദ്ദീന്‍ വാത്യേടത്ത്

കെ റെയിലിനും താഴിട്ടു. ഇനി ഏത് പദ്ധതിയുടെ പേരിലാണ് കേരള സര്‍ക്കാര്‍ ധൂര്‍ത്തിന് ഒരുങ്ങുന്നതെന്ന് അറിയില്ല. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പഠനത്തിനായി വിദേശ രാജ്യങ്ങള്‍, മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബവുമായി സന്ദര്‍ശിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ചത് ആരോപണങ്ങള്‍ക്കിടയാക്കിയിരുന്നു. കെ റെയില്‍ പദ്ധതി എന്ന ആശയവുമായി വന്ന സമയത്ത് തന്നെ ഇത് കേരളത്തിന്ന് ആവശ്യമില്ലാത്ത ഒന്നാണെന്ന് മുന്നറിയിപ്പുണ്ടായിട്ടും മുന്‍കൂട്ടി ഉണ്ടാക്കിയ ഗുഢാലോചന അനുസരിച്ച് മുന്നോട്ട് പോയി. എന്ത് തടസം ഉണ്ടായാലും പുറകോട്ടില്ലന്ന പഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്ത് വന്നെങ്കിലും സര്‍ക്കാറിന്റെ കമ്മീഷന്‍ തട്ടല്‍ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയാതെ ഇപ്പോള്‍ കെ റെയിലിന് താഴിടേണ്ടി വന്നു.

ഒരു നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ പ്രധാന ഘടകമാണ് ഗതാഗത സൗകര്യം. കടലും പുഴയും കായലുകളും കാടും മലയും കൊണ്ടല്ലാം സമ്പുഷ്ടമായ കേരളത്തിലെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയും പ്രകൃതിയാല്‍ കനിഞ്ഞവ നശിപ്പിക്കാതെയും ഗതാഗത സൗകര്യവും വികസന പ്രവര്‍ത്തനങ്ങളും നടത്താം എന്നിരിക്കെ എന്തിനാണ് 63940 കോടി രൂപ ചിലവഴിച്ച് മണിക്കുറുകളുടെ വ്യത്യാസം പറഞ്ഞ് കെ റെയില്‍ എന്ന സെമി ഹൈസ്പീഡ് റെയില്‍ കൊണ്ട് വരുന്നത് എന്ന ചോദ്യം മുമ്പേ ഉയര്‍ന്നതാണ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് 12 മണിക്കൂര്‍ എന്നത് 4 മണിക്കൂര്‍ ആക്കി ചുരുക്കുക എന്നതും വലിയ പദ്ധതി വരുമ്പോള്‍ വ്യവസായികള്‍ കൂടുതല്‍ കേരളത്തില്‍ നിക്ഷേപിക്കും എന്ന ലക്ഷ്യവുമാണ് സെമി ഹൈസ്പീഡ് റെയില്‍വേയുടെ പിന്നിലുള്ളതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടായിരുന്നെങ്കിലും ഇത്തരം ഒരു പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ഇടതു പക്ഷത്തുനിന്ന് തന്നെ ആവശ്യം ഉയര്‍ന്നിരുന്നു.
കെ റെയിലിന്റെ കടം തീര്‍ക്കാന്‍ ഒരു നൂറ്റാണ്ട് കൊണ്ട് കഴിയുമോ. അത്രയും യാത്രക്കാര്‍ കേരളത്തിലുണ്ടോ. അതിനു മാത്രം ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുമോ എന്നൊക്കെ ചിന്തിക്കാതെ ഏതെങ്കിലും കമ്പനി പറയുന്നതിന്ന് അനുസരിച്ച് തുള്ളാനുള്ളതാണോ കേരള ഭരണാധികാരികള്‍. ഗതാഗതത്തിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നും കേരളത്തിന്റെ തീരദേശത്ത് കൂടി കടന്ന് പോകുന്ന പഴയ എന്‍.എച്ച് 17 ഇപ്പോഴത്തെ 66 മഹാരാഷ്ട്രയിലെ പനവേലി വരെയാണ്. 1622 കിലോമീറ്ററുള്ള ഈ 66 ഹൈവേ അടക്കം നിരവധി ഹൈവേകള്‍ കേരളത്തിലുണ്ട്. ഈ ഹൈവേയുടെ പോരായ്മകള്‍ നികത്തി ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡ് ആക്കിയാല്‍ തന്നെ ഗതാഗതത്തിന്ന് വലിയ സൗകാര്യമാണ്. ഒപ്പം റയില്‍ ഗതാഗതം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോകുന്ന പാതകളായ ബ്രോഡ് ഗേജ് ഇരട്ടിപ്പിക്കുക, സിഗ്‌നല്‍ സംവിധാനം പുതിയ ടെക്‌നോളജിയില്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ ഇവിടത്തെ വലിയ പ്രശ്‌നങ്ങള്‍ തീരും. മറ്റ് സംസ്ഥാനങ്ങളിലെ സ്പീഡ് കേരളത്തില്‍ എത്തുമ്പോള്‍ ഒരു ട്രെയിനിനും എടുക്കാന്‍ കഴിയുന്നില്ല. റെയിലിന്റെ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ 12 മണിക്കൂര്‍ എന്നത് 6 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്തുന്ന ട്രെയിനുകള്‍ നിലവിലുള്ള ഈ പാതയിലൂടെ ഓടിക്കാന്‍ കഴിയും. മാത്രമല്ല

ഇതോടൊപ്പം സെമി ഹൈസ്പീഡ് വേണ്ട ഹൈസ്പീഡ് ട്രെയിന്‍ തന്നെ നമ്മുടെ നിലവിലുള്ള റയില്‍പാതയോട് ചേര്‍ന്ന് നിര്‍മിക്കാവുന്നതാണ്. എങ്കില്‍ ഇപ്പോള്‍ പ്ലാന്‍ ചെയ്തതിന്റെ 25 ശതമാനം മാത്രമേ ചിലവ് വരുകയുള്ളുവെന്നാണ് പറയുന്നത്. എറണാകുളം ഇടപ്പള്ളിയില്‍ നിന്നും പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട്, തിരൂര്‍ തീരദേശ റെയില്‍ എന്നത് ഒരു നൂറ്റാണ്ടിനപ്പുറമുള്ള ആവശ്യമാണ്.തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം കൊടുങ്ങല്ലൂര്‍ ചാവക്കാട് തിരൂര്‍ കോഴിക്കോട് കാസര്‍ക്കോട് എത്തുന്ന ഒരു തീരദേശ റെയില്‍ നടപ്പായാല്‍ ഉണ്ടാവുന്ന വികസന നേട്ടങ്ങള്‍ വളരെ വലുതായിരിക്കും. ഈ പാത വന്നാല്‍ ഏകദേശം 50 കിമീറ്ററോളം കുറവായിരിക്കും നിലവിലുള്ള പാത വിട്ട്. മറ്റൊന്ന് ജലഗതാഗതമാണ്. തിരുവനന്തപുരം കോവളം മുതല്‍ കാസര്‍കോട് ഹോസ്ദൂര്‍ഗ് വരെ ജലഗതാഗതം നടപ്പാക്കാന്‍ ആലോചന ഉണ്ടായിരുന്നു. 450 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാത നടപ്പായാല്‍ നിലവിലെ പല യാത്രാപ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും എന്ന് മാത്രമല്ല ടൂറിസ്റ്റുകള്‍ക്ക് കേരളത്തിലേക്ക് വരാന്‍ വലിയ താല്‍പര്യം ഉണ്ടാവുകയും ചെയ്യും. 70 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവും ഉള്ള പദ്ധതിയാണ് ഉദേശിക്കുന്നത്. 450 കിലോമീറ്ററില്‍ 200 കിലോമീറ്ററോളം ജലപാത കേരളത്തിലുണ്ട്. അതില്‍ പ്രധാനം കൊല്ലം കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ദേശീയ ജലപാത. ബാക്കിയുള്ള പല പ്രദേശങ്ങളിലും വീതി കൂട്ടിയും ആഴം ഉണ്ടാക്കിയും ഈ ജലപാത നടപ്പാക്കിയാല്‍ ഉണ്ടാവുന്ന യാത്രാ സൗകര്യവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കലും 64 ആയിരം കോടിയി ചിലവ് ചെയ്ത് നിര്‍മ്മിക്കുന്ന സെമി ഹൈസ്പീഡ് െ്രെടനിനുണ്ടാവുകയില്ല എന്നത് തീര്‍ച്ചയാണ്. എന്നിട്ടും കെ റെയില്‍ കൊണ്ടുവന്നേ അടങ്ങൂ എന്ന പിടിവാശിയിലായിരുന്നു സര്‍ക്കാര്‍.

ജനോപകാരമുള്ള പല പദ്ധതികളും വേണ്ടന്നു വെച്ചും വെട്ടി കുറച്ചുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ദുരന്തങ്ങള്‍ അഴിമതിക്ക് മറയാക്കരുത് എന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുന്നു. പ്രളയകാലത്തെ ദുരിദാശ്വാസ ഫണ്ടും കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് അഴിമതിയും പിന്‍ വാതില്‍ നിയമനവും എല്ലാം സര്‍ക്കാറിന്റെ അഴിമതി മുഖമാണെങ്കിലും അതിനെയല്ലാം മറച്ച് വെക്കുന്ന സര്‍ക്കാര്‍ തന്ത്രം പലപ്പോഴും പൊളിഞ്ഞിട്ടുണ്ട് എന്നതും നാം മറക്കരുത്. ഖജനാവില്‍ പണം ഇല്ലന്നും പെന്‍ഷന്‍ നല്‍കാന്‍ പോലും വഴിയില്ലന്നും പറയുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയാറാവുന്നില്ല.

Test User: