X

പ്രധാന ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനില്‍ സംസ്ഥാനത്തിന്റെ ‘കേരളം നമ്പര്‍ വണ്‍’ പത്രപ്പരസ്യം

ന്യൂഡല്‍ഹി: ദേശീയ ചര്‍ച്ചയായ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക വിവാദത്തിന് പത്രപരസ്യത്തിലൂടെ മറുപടിയുമായി കേരള സര്‍ക്കാര്‍. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ കേരള സര്‍ക്കാറിനെ ദേശീയതലത്തില്‍ പ്രതിക്കൂട്ടിലാക്കാനും രാഷ്ട്രപതി ഭരണത്തിനും ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ ‘കേരളം നമ്പര്‍ വണ്‍’ പത്രപ്പരസ്യം.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ ഒന്നാമതാക്കുന്ന കാര്യങ്ങളെ ഉയര്‍ത്തി കാട്ടിയാണ് പത്രപരസ്യം നല്‍കിയിരിക്കുന്നത്.
‘വാട്ട് മൈക്ക് കേരള നമ്പര്‍ വണ്‍’ എന്ന ചോദ്യത്തോടെ പ്രധാന ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനിലാണ്  മുഴുവന്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

കേരളത്തിലെ മികവുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പരസ്യം സംസ്ഥാനം എത്തിച്ചേര്‍ന്ന അടിസ്ഥാന സൗകര്യങ്ങളേയും സാമൂഹിക അന്തരീക്ഷത്തേയും പ്രകീര്‍ത്തിക്കുന്നതാണ്. ക്രമസമാധാനം, മതസൗഹാര്‍ദ്ദം, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിട പദ്ധതി തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരസ്യം.

എ.ഡി.ബി റിപ്പോര്‍ട്ട് പ്രതിപാദിച്ച് രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയെ പോലും പിന്നിലാക്കി കേരളം വളരുന്ന കാര്യവും പരസ്യത്തിലുണ്ട്. അതോടൊപ്പം ജസ്റ്റിസ് കെ.ടി തോമസ്, പ്രമുഖ നടന്‍ കമല്‍ ഹാസന്‍, ആത്മീയ നേതാവ് ശ്രീം എം എന്നിവര്‍ കേരളത്തെ സംബന്ധിച്ച് പറഞ്ഞ സവസ്തുതകളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

chandrika: