X

ജന്‍ ആക്രോഷ് റാലിയില്‍ മോദിക്കെതിരെ രൂക്ഷ ഭാഷയില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ ഭാഷയില്‍ കടന്നാക്രമിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി രാജ്യത്ത് വെറുപ്പ് വിതയ്ക്കുകയാണെന്നും നിലവിലെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങളെല്ലാം അസംതൃപ്തരാണെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോഷ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഡല്‍ഹിയില്‍ നടന്ന രാഹുലിന്റെ ആദ്യ പൊതുപരിപാടിയിയായിരുന്നു ഇത്.

കോണ്‍ഗ്രസ് സ്‌നേഹം വിതയ്ക്കുമ്പോള്‍ ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തൊട്ടാകെ വെറുപ്പ് വിതയ്ക്കുകയാണ്. ദളിതുകള്‍ ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷത്തേയും ദളിതുകളേയും കര്‍ഷകരേയും ഒരുപോലെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. കോണ്‍ഗ്രസിനെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം കള്ളം പ്രചരിപ്പിക്കുകയാണ്.

മോദി ഭരണത്തില്‍ ഭരണത്തില്‍ രാജ്യത്തെ ജനങ്ങളെല്ലാം അസംതൃപ്തരാണ്. പൊതുമേഖലാ ബാങ്കുകള്‍ കൊള്ളയടിച്ച് നീരവ് മോദി രാജ്യം വിട്ടു. പ്രധാനമന്ത്രി ഒരു വാക്ക് മിണ്ടിയില്ല. റഫേല്‍ ഇടപാടിലെ കരാറില്‍ മോദി വെള്ളം ചേര്‍ത്തു. ലോയ കേസില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കു പോലും നീതിതേടി തെരുവില്‍ ഇറങ്ങേണ്ട ഗതികേടാണെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശിതുടങ്ങി. കോണ്‍ഗ്രസിന്റെയും അതിന്റെ പ്രവര്‍ത്തകരുടേയും ശക്തി ഇപ്പോള്‍ രാജ്യം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിലെ ജനങ്ങളോട് 25 സീറ്റാണ് ഞങ്ങള്‍ ചോദിച്ചത്. അതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിനായിരിക്കും വിജയം. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്.. എല്ലാറ്റിനുമൊടുവില്‍ 2019ലെ പൊതു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തന്നെ വിജയിക്കും, രാഹുല്‍ കൂട്ടിച്ചേര്‍്ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, സല്‍മാന്‍ ഖുര്‍ഷിദ്, ഷീലാ ദീക്ഷിത്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.

chandrika: