X

‘പറഞ്ഞത് പറഞ്ഞത് തന്നെ, ഉറച്ചുനിൽക്കുന്നു’; ജാതി അധിക്ഷേപ വിവാദത്തിൽ കലാമണ്ഡലം സത്യഭാമ

നർത്തകനും നൃത്താധ്യാപകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് ആരോപണവിധേയയായ കലാമണ്ഡലം സത്യഭാമ. പറഞ്ഞത് പറഞ്ഞത് തന്നെയാണ്. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. താൻ ആരുടെയും പേര് പറഞ്ഞിട്ടില്ല. വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും സത്യഭാമ പ്രതികരിച്ചു.

വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല. താൻ അത് പൊതുവായി പറഞ്ഞതാണ്. അതിൽ ഉറച്ചു നിൽക്കുന്നു. വാക്കുകൾ വളച്ചൊടിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇനി കൂടുതൽ പ്രതികരണത്തിനില്ലെന്നും സത്യഭാമ പറഞ്ഞു.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കലാമണ്ഡലം സത്യഭാമ ജാതിയധിക്ഷേപം നടത്തിയത്.

പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവർ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്.

താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എടുക്കുന്നതും ഇവർക്ക് താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചിട്ടുണ്ട്.

പേരെടുത്ത് പറഞ്ഞില്ലെങ്കിലും സത്യഭാമ ഉന്നംവച്ചത് തന്നെയാണെന്ന് ആർഎൽവി രാമകൃഷ്ണൻ ഉറപ്പിച്ചു പറയുന്നു. കലാമണ്ഡലത്തിൽ പഠിക്കുന്ന സമയത്ത് ഇവരുമായുള്ള പ്രശ്നങ്ങൾ മൂലം തനിക്ക് ഒരു കേസ് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഒരു കാര്യവുമില്ലാതെയാണ് തന്റെ പേര് പറയാതെ ചാലക്കുടിക്കാരൻ എന്ന് പറഞ്ഞ് പരാമര്‍ശിച്ചത്.
സംഗീത-നാടക അക്കാദമിയുടെ വിഷയം ചൂണ്ടിക്കാട്ടിയും തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി എന്ന് സൂചിപ്പിച്ചും വ്യക്തമായ പരാമർശങ്ങളോടെ ഇത് അവതരിപ്പിച്ചത്. കാക്കയെപോലെ കറുത്തവൻ, മോഹിനിയാട്ടത്തിന് വേണ്ടുന്ന സൗന്ദര്യമില്ലാത്തവൻ എന്നൊക്കെ പറയുമ്പോൾ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്.
കലാലോകത്തിന് എന്തുമാത്രം മോശമായ സന്ദേശമാണ് ഇവർ നൽകുന്നത്. ഇപ്പോൾ വീട്ടമ്മമാർ പോലും തങ്ങളുടെ തടസ്സങ്ങൾ മാറ്റിവെച്ചിട്ട് നൃത്തം പഠിക്കാൻ വരുന്ന സാഹചര്യത്തിലാണ് ഈ പരാമർശം നടത്തിയത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. കലാ-സാംസ്‌കാരിക രംഗത്തിന് ശാപമാണ് ഇവരുടെ ഈ വാക്കുകൾ എന്നും ആർഎൽവി രാമകൃഷ്ണൻ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

webdesk13: