X

എന്താണ് പക്ഷാഘാതം? എങ്ങിനെയാണ് ഇത് സംഭവിക്കുന്നത്?

Dr. Ashraf V V
Senior Consultant & Director – Neurology
Aster MIMS Calicut

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ, പൂര്‍ണമായും തടസ്സപ്പെടുകയോ അല്ലെങ്കില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ഉണ്ടാകുന്നത്. പക്ഷാഘാതം പ്രധാനമായും രണ്ട് തരമാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ പ്ലാക്ക് അടിഞ്ഞ് കൂടുകയും ഈ പ്ലാക്കുകള്‍ പൊട്ടി അത് രക്തക്കട്ടയായി തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടുത്തുന്നു. ഇതിനെ ഇഷ്‌കീമിക് സ്‌ട്രോക്ക് എന്ന് പറയുന്നു. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും തന്മൂലം പക്ഷാഘാതം സംഭവിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇതിനെ ഹെമറേജിക് സ്‌ട്രോക് എന്ന് വിളിക്കുു. 87% ആളുകളിലും കണ്ട് വരുന്നത് ആദ്യം പറഞ്ഞ ഇഷ്‌കീമിക് സ്‌ട്രോക് ആണ്.

എന്തൊക്കെയാണ് പക്ഷാഘാതത്തിന്റെ
ലക്ഷണങ്ങള്‍?

പെട്ടെന്ന് ഉണ്ടാകുന്ന കൈ, കാല് അല്ലെങ്കില്‍ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോകല്‍ മുഖം ഒരു വശത്തേക്ക് കോടിപ്പോകല്‍ ശരീരത്തിന്റെ ഒരു ഭാഗത്ത് അല്ലെങ്കില്‍ മുഖത്തിന് അനുഭവപ്പെടുന്ന തരിപ്പ്, മരവിപ്പ്, ബാലന്‍സ് നഷ്ടപ്പെട്ട’് ആടുന്നത് പോലെ തോന്നല്‍, കുഴഞ്ഞ് വീണ് അബോധാവസ്ഥയിലാവുക, സംസാരം കുഴയല്‍

എന്തെല്ലാമാണ് പക്ഷാഘാതത്തിന്റെ അപകടസാധ്യതാ ഘടകങ്ങള്‍ അല്ലെങ്കില്‍ റിസ്‌ക് ഫാക്ടേഴ്‌സ്?

അപകടസാധ്യതാ ഘടകങ്ങള്‍ ഉള്ള ഒരാള്‍ക്ക് ഇല്ലാത്ത ഒരാളുമായി താരതമ്യം ചെയ്യുമ്പോള്‍ പക്ഷാഘാതത്തിനുള്ള സാധ്യത 30 മടങ്ങ് കൂടുതലാണ്. ഇത്തരം അപകട സാധ്യതാ ഘടകങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം.

1 ജീവിത ശൈലി അപകട സാധ്യതാ ഘടകങ്ങള്‍: പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, അമിതവണ്ണം, നിയമവിരുദ്ധ മരുന്നുകളുടെ അമിതമായ ഉപയോഗം
2. ചികിത്സാപരമായ അപകട സാധ്യതാ ഘടകങ്ങള്‍: അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം, അമിതമായ കൊളസ്‌ട്രോളിന്റെ അളവ്, പ്രമേഹം, ഒ എസ് എ (obdstrective sleep apnea), പാരമ്പര്യം, ഇവ കൂടാതെ പ്രായം, ലിംഗം, ചിലതരം ഹോര്‍മോണുകള്‍ ഇവയെല്ലാം പക്ഷാഘാതത്തിന് കാരണമാകാറുണ്ട്.

രോഗനിര്‍ണ്ണയം

രോഗനിര്‍ണ്ണയം ചികിത്സ ഇവ പക്ഷാഘാതത്തിന്റെ കാര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്

രോഗനിര്‍ണ്ണയ രീതികള്‍

1. സി. ടി സ്‌കാന്‍
എക്‌സ്-റെ വികിരണങ്ങള്‍ ഉപയോഗിച്ച് രോഗിയുടെ തലയുടെ ചിത്രങ്ങള്‍ എടുക്കുന്ന ടെസ്റ്റാണിത്. ഇതില്‍ നിന്നും രോഗിയുടെ പക്ഷാഘാതം ഏത് തരമാണെന്നത് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇഷ്‌കീമിക് സ്‌ട്രോക്കാണോ, ഹെമറേജിക് സ്‌ട്രോക്കാണോ അല്ലെങ്കില്‍ തലയില്‍ ഏതെങ്കിലും തരത്തിലുള്ള നീര്‍ക്കെട്ട’്, മുഴ, തലച്ചോറിലെ രക്തക്കുഴലുകളുടെ അവസ്ഥ തുടങ്ങിയവ മനസ്സിലാക്കാന്‍ ഈ രീതിയിലൂടെ കഴിയുന്നു.

2. എം ആര്‍ ഐ
ഇവിടെ റേഡിയോ-കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് തലച്ചോറിന്റെ വിശദമായ പഠനം നടത്തുന്നു. ഡിഫ്യൂഷന്‍, പെര്‍ഫ്യൂഷന്‍ എന്ന പ്രത്യേകതരം സ്‌കാനിംഗ് ചെയ്യുന്നതോടെ പക്ഷാഘാതം മൂലം എത്ര കോശങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു, ഭാഗികമായി നശിച്ചവ എത്ര, രക്തക്കുഴലുകളുടെ സ്ഥാനം, സ്വഭാവം തുടങ്ങി ചികിത്സയെ സ്വാധീനികുന്ന നിര്‍ണ്ണായകങ്ങളായ നിരവധി വിവരങ്ങള്‍ ലഭിക്കുന്നു.

3. സെറിബ്രല്‍ ആന്‍ജിയോഗ്രാം അല്ലെങ്കില്‍ ഡിജിറ്റല്‍ സബ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി
കാലിലെ ഫിമറല്‍ ആര്‍ട്ടറി എന്ന് വിളിക്കുന്ന ധമനിയില്‍ ഉണ്ടാകുന്ന ഒരു താക്കോല്‍ ദ്വാരത്തിലൂടെ കത്തീറ്റര്‍ എന്ന് പറയുന്ന ഒരു ട്യൂബ് കടത്തി തലവരെ എത്തിച്ച് അതിലൂടെ ഡൈ ഇഞ്ചക്റ്റ്് ചെയ്ത് എക്‌സ്-റെയുടെ സഹായത്തോടെ തലച്ചോറിലേയും കഴുത്തിലേയും രക്തക്കുഴലുകളിലെ തടസ്സം, നീര്‍ വീക്കം, സിരകളും ധമനികളും തമ്മിലുള്ള അസാധാരണമായ ബന്ധം എന്നിവ കണ്ടെത്താന്‍ സഹായിക്കുന്നു. വളരെ ആധുനികവും നൂതനവും ആധികാരികവുമായ ഒരു രോഗനിര്‍ണ്ണയ രീതിയാണിത്.

 

webdesk11: