X

ബോധ്യമില്ലാത്തത് ഈ സര്‍ക്കാറിന്റെ കാര്യത്തില്‍

ബശീര്‍ വെള്ളിക്കോത്ത്‌

മുസ്‌ലിം ലീഗ് മത സംഘടനയോ രാഷ്ട്രീയ സംഘടനയോ എന്നാണത്രെ മുഖ്യമന്ത്രി പിണറായി വിജയന്റെ സംശയം. ബി.ജെ.പി ഒഴികെ ഏതാണ്ടെല്ലാ മുഖ്യ ധാരാ രാഷ്ട്രീയ സംഘടനകളോടും യോജിച്ചും വിയോജിച്ചും അധികാര പങ്കാളിയായും അല്ലാതെയും കാലാകാലങ്ങളിലുരുത്തിരിയുന്ന രാഷ്ട്രീയ നയ നിലപാടുകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുകയും സമുദായ ഐക്യം സാമൂഹിക സൗഹൃദം രാഷ്ട്രീയത്തിന്റെ മാനവിക മുഖം എന്നിവ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത് ഒന്നാം പാര്‍ലമെന്റ് മുതല്‍ ഇതുവരെയും രാജ്യത്തെ വിവിധ നിയമസഭകളിലും പ്രാതിനിധ്യവും കേന്ദ്രം കേരളം ബംഗാള്‍ എന്നിവിടങ്ങളില്‍ ഭരണ പങ്കാളിത്തവും വഹിച്ച മുസ്‌ലിം ലീഗ് ഒരു സമ്പൂര്‍ണ രാഷ്ട്രീയ പ്രസ്ഥാനമാണെന്നതില്‍ ഇവിടെ ആര്‍ക്കും സംശയമില്ല. മുസ്‌ലിം ലീഗ് പോലൊരു പാര്‍ട്ടിയുടെ ക്രിയാത്മക സാനിധ്യം ന്യൂനപക്ഷങ്ങള്‍ ഭരണഘടനാ വിരുദ്ധ പ്രതിരോധങ്ങളിലേക്ക് വഴിതെറ്റിപ്പോകാതിരിക്കാന്‍ അനിവാര്യമാണെന്ന് സാക്ഷാല്‍ പിണറായി തന്നെയും അഭിപ്രായപ്പെട്ട സന്ദര്‍ഭങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ മുമ്പുണ്ടായിട്ടുണ്ട്. എന്നാല്‍ 2006 ലെ ഒന്നാം പിണറായി സര്‍ക്കാറും 2011 ലെ തുടര്‍ഭരണവും നിരീക്ഷിക്കുന്ന ശരാശരി മലയാളിയുടെ മനസ് ഇപ്പോള്‍ ചോദിക്കുന്ന ചോദ്യം പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ അതോ ആര്‍.എസ്.എസിന്റെ ഏജന്റാണോ എന്നാണ്. പിണറായി ഭരണ നേതൃത്വത്തിലിരുന്ന അഞ്ചര വര്‍ഷക്കാലത്തെ കേരളഭരണം ഇവിടെ നടപ്പാക്കിയത് ആര്‍.എസ്.എസ് അജണ്ടയാണെന്ന കൃത്യമായ ബോധ്യമാണ് ഈ ചോദ്യമുയരുന്നതിന്റെ അടിസ്ഥാനം.

അധികാരത്തിലേറിയ ആദ്യ നാളുകളില്‍ തന്നെ ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പി ആയി നിയമിച്ചു കൊണ്ട് തുടങ്ങിയ ആര്‍.എസ്.എസിനു വേണ്ടിയുള്ള ഭരണം ഇപ്പോഴും അനുസ്യൂതമായി തുടരുകയാണ്. സിനിമാ തിയേറ്ററുകളില്‍ പ്രദര്‍ശന പരിസമാപ്തിയില്‍ ദേശീയ ഗാനാലാപനം വേണമെന്ന കേന്ദ്ര നിര്‍ദേശം വന്നപ്പോള്‍ അതിന്റെ അയുക്തി ചോദ്യം ചെയ്ത സംവിധായകന്‍ കമലിന്റെ വീട്ടിന് മുന്നില്‍ ആര്‍.എസ്.എസുകാര്‍ ജനഗണമനപാടി നടത്തിയ സമരത്തിനെതിരെ കേസെടുക്കാത്ത സര്‍ക്കാര്‍ അതേ വിവാദത്തിന്റെ ഭാഗമായി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി.ചവ്‌റ ദേശീയഗാനം പരാമര്‍ശിക്കപ്പെടുന്ന തന്റെ ഒരു പഴയ നോവലിന്റെ ഭാഗം എഫ്.ബിയില്‍ പോസ്റ്റിയപ്പോള്‍ അദ്ദേഹത്തിനെതിരെയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയതിന് അദ്ദേഹത്തിന്റെ സുഹൃത്തും ആക്ടിവിസ്റ്റുമായ അന്‍വറിനുമെതിരെയും യു.എ.പി.എ ചുമത്തി കേസെടുത്തുകൊണ്ട് തങ്ങളുടെ പൊലീസ് നയമെന്തെന്ന് കേരളത്തെ ബോധ്യപ്പെടുത്തി. പയ്യന്നൂരില്‍ സി.പി.എമ്മുകാരാല്‍ കൊല്ലപ്പെട്ട ബി.ജെ.പിക്കാരന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് കടന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യിപ്പിക്കുകയും വിലാപ യാത്രക്കിടയില്‍ മത്സരാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും കാണികളുമടക്കം ലക്ഷക്കണക്കിന് മനുഷ്യര്‍ തടിച്ചു കൂടിയ കണ്ണൂരിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിക്കരികെ പൊതു ദര്‍ശനം അനുവദിക്കുകയും ചെയ്ത ഭരണകൂടം കാസര്‍ക്കോട്ടെ ചൂരിയിലെ പള്ളിയില്‍ കയറി റിയാസ് മൗലവിയെ ആര്‍.എസ്.എസുകാര്‍ നിഷ്ടൂരമായി കൊന്നപ്പോള്‍ പരിയാരത്ത് നിന്ന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹം അദ്ദേഹം ഒന്‍പത് വര്‍ഷം ജോലി ചെയ്ത ചൂരി സ്വദേശികള്‍ക്ക് ഒരു നോക്ക് കാണാന്‍ അവിടേക്ക് കൊണ്ടു പോകണമെന്ന കുടുംബത്തിന്റെയും നാട്ടുകാരുടെയും സ്ഥലം എം.എല്‍.എ യുടെയും മറ്റു ജനപ്രതിനിധികളുടേയും അഭ്യര്‍ത്ഥന തിരസ്‌കരിച്ചു കൊണ്ട് ജന്മനാട്ടിലേക്ക് കൊണ്ട് പോയത് ഈ അജണ്ടയുടെ തുടര്‍ച്ചയാണ്. സ്വമേധയാ വിശ്വാസ മാറ്റത്തിന് വിധേയനായ കൊടിഞ്ഞിയിലെ ഫൈസലിന്റെ ഘാതകരായ ആര്‍.എസ്. എസുകാരെ പിടിക്കാന്‍ ഹൈവേ പിക്കറ്റിങ്ങുള്‍പ്പെടെ നടത്തേണ്ടി വരും വിധം കാല താമസം വരുത്തുകയും കൊല നടന്ന് ഒരു മാസത്തോളം പിന്നിട്ട് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് കേരള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ജാമ്യം ലഭ്യമാക്കുകയും ചെയ്ത ഭരണം തന്നെയാണ് ആ പ്രതികളിലൊരാളായ ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ കിട്ടാത്ത കാരണം പറഞ്ഞു കൊല നടന്ന മൂന്നാം ദിവസം ഒന്നാം പ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്ത് റിമാന്റിലയച്ചത്.

പ്രസംഗത്തിലെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ ഇപ്പോള്‍ സി.പി.എം ആലയ വാസിയായ അഡ്വക്കേറ്റ് സി. ശുകൂര്‍ നല്‍കിയ പരാതികളില്‍ മുജാഹിദ് പ്രവര്‍ത്തകനായ ശംസുദ്ദീന്‍ പാലത്തിനെ ജയിലിലടക്കുകയും വര്‍ഗീയ ഭാഷണത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശശികലയെ വര്‍ഷമേറെ കഴിഞ്ഞും തൊടാതിരിക്കുന്നതും കേരളം കണ്ടതാണ്.

എന്‍.ആര്‍.സി, സി.എ.എ പ്രതിരോധ സമരങ്ങള്‍ക്കെതിരെ യോഗിയുടെ യു.പി യോട് മത്സരിക്കാനെന്ന വണ്ണം കേസെടുത്തതും അവ പിന്‍വലിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പിന്‍വലിക്കാതിരിക്കുന്നതും നാര്‍ക്കോട്ടിക് ജിഹാദ്, തുപ്പല്‍ ഹലാല്‍ തുടങ്ങിയ വര്‍ഗീയതയുടെ തീ തുപ്പുന്ന ആരോപണ കര്‍ത്താക്കള്‍ക്കെതിരെ ചെറു വിരലനക്കാത്തതും ലീഗിന്റെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തി എന്ന കുറ്റം കണ്ടെത്തി ലീഗ് നേതാവ് പരേതനായ സി. മോയിന്‍ കുട്ടിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുകയും പാലക്കാട്ടൊരു സ്‌കൂളില്‍ പ്രോട്ടോകോള്‍ ലംഘിച്ചു ദേശീയ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കാതിരിക്കുകയും ചെയ്ത ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ അലോസരപ്പെടുത്താതിരിക്കാന്‍ ജാഗ്രത കാണിക്കുകയും അത് ചോദ്യം ചെയ്ത ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തതിന്റെ കാരണങ്ങള്‍ മുകളില്‍ പറഞ്ഞ സംഘീ അജണ്ടയുടെ പ്രായോഗീകരണമല്ലാതെ മറ്റെന്താണ്?.

ബെഹ്‌റയുടെ സംഘീ പ്രീണനത്തിന് ശക്തി കൂട്ടാനല്ലെങ്കില്‍ വേറെന്തിനാണ് സിറാജുന്നിസയെ വെടി വെച്ചു കൊന്ന് ആനന്ദ നൃത്തമാടിയ രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കി വെച്ചത്?. സംഘീ താത്വികന്‍ ദീന്‍ ദയാല്‍ ഉപാധ്യയുടെ ജന്മ ശതാബ്ദി ആഘോഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ അയച്ചതും വീര്‍ സവര്‍ക്കറും ബല്‍രാജ് മധോക്കും കണ്ണൂര്‍ സര്‍വകലാശാലയില്‍ പാഠ്യ വിഷയമായതും ആ വി.സി ക്ക് ചരിത്രത്തിലാദ്യമായി പുനര്‍ നിയമനം നല്‍കിയതും നിഷ്‌കളങ്ക നടപടികളെന്ന് അരിയാഹാരം കഴിക്കുന്നവര്‍ കരുതണോ?. തലശേരിയില്‍ അഞ്ചു നേരം നിസ്‌കരിക്കാന്‍ പള്ളികളിവിടെ കാണില്ലെന്നും ബാങ്ക് വിളിക്കാനാവില്ലെന്നും മുദ്രാവാക്യം വിളിച്ച സംഘികള്‍ക്കെതിരെ കേസെടുക്കാന്‍ യൂത്ത് ലീഗിന്റെ പരാതി കിട്ടേണ്ടി വന്നതും നിരോധനാജ്ഞ ലംഘിച്ചു വീണ്ടും നടത്തിയ പ്രകടനത്തിനെതിരെ ഇപ്പോഴും കേസെടുക്കാതിരിക്കുന്നതും കോഴിക്കോട് ലീഗ് നടത്തിയ ഐതിഹാസിക റാലിക്കെതിരെ സ്വമേധയാ കേസെടുത്തതും പിണറായി വിജയന്‍ സംഘികളുടെ ദാസ്യപ്പണി തുടരുന്നതിന്റെ ലക്ഷണമല്ലെങ്കില്‍ പിന്നെന്താണ്?.

 

Test User: