X

ചര്‍ച്ചയല്ല, വേണ്ടത് പിന്‍വലിക്കല്‍ തന്നെ- എഡിറ്റോറിയല്‍

കേരളവഖഫ്‌ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിട്ടുകൊണ്ട് നവംബര്‍ ഒന്‍പതിന് നിയമസഭയില്‍ പാസാക്കിയെടുത്ത വിവാദനിയമത്തെക്കുറിച്ച് വിശദമായചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രിപിണറായിവിജയന്‍ ഇന്നലെ വ്യക്തമാക്കിയിരിക്കുകയാണ്. ”വഖഫ്‌ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. മറിച്ച് അത് സര്‍ക്കാരിന്റെ നിര്‍ദേശമായിരുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധബുദ്ധിയില്ല. വിശദമായ ചര്‍ച്ചനടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയുംചെയ്യും.’ വഖഫ്‌ബോര്‍ഡ് ജീവനക്കാരുടെ നിയമനംസംബന്ധിച്ച് വളരെ മുമ്പുമുതല്‍ക്കുതന്നെ വിവാദം നിലനില്‍ക്കവെ പുതുതായി നിരവധി സംശയങ്ങള്‍കൂടിയാണ് മുഖ്യമന്ത്രി പ്രസ്താവന ഉയര്‍ത്തിവിട്ടിരിക്കുന്നത്. മുസ്‌ലിംലീഗും ഇരുപതോളം മുസ്‌ലിംസംഘടനകളും ഒറ്റക്കെട്ടായി പുതിയനിയമത്തിലെ അവകാശലംഘനങ്ങളും ഭരണഘടനാവിരുദ്ധതയും മറ്റും ചൂണ്ടിക്കാട്ടി സമരരംഗത്ത് ഇറങ്ങിയതിനെതുടര്‍ന്ന് സമസ്തകേരള ജംഇയ്യത്തുല്‍ഉലമയുടെ നേതാക്കളുമായി ഇന്നലെരാവിലെ തിരുവനന്തപുരത്തുനടത്തിയ ചര്‍ച്ചക്കൊടുവിലാണ് മുഖ്യമന്ത്രിയുടേതായി പുതിയപ്രസ്താവന പുറത്തുവന്നത്. പക്ഷേ അവിടംകൊണ്ടുമാത്രം പ്രശ്‌നംതീരുന്നില്ല; പകരം മൂര്‍ച്ഛിക്കുകയാണ്. മുസ്‌ലിംലീഗ് ഉള്‍പ്പെടെ 16 സംഘടനകളുടെ നേതൃസമിതി ചേര്‍ന്നെടുത്ത യോഗതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധങ്ങള്‍ കനത്തുകൊണ്ടിരിക്കവെയാണ് കൗശലപൂര്‍വം മുഖ്യമന്ത്രി പിന്നാക്കംപോയെന്നു വരുത്തുന്നതെന്നുവേണം അനുമാനിക്കാന്‍. മുഖ്യമന്ത്രി പറയുന്നതുപോലെ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പാസാക്കിയ ഒരുനിയമത്തെക്കുറിച്ച് വിശദമായ ചര്‍ച്ചവേണമെങ്കില്‍ അതെന്തുകൊണ്ട് നിയമം പാസാക്കി ആഴ്ചകള്‍ക്കുശേഷം ഒരുസംഘടനയുമായി മാത്രം നടത്തിയെന്ന ചോദ്യമാണ് ആദ്യമായി ഉയരുന്നത്.

നിയമനിര്‍മാണം തെറ്റായിപ്പോയെന്ന് സമ്മതിക്കുകയാണെങ്കില്‍ ആയത് പിന്‍വലിക്കാനായി അതേസഭയില്‍ പുതിയബില്‍ അവതരിപ്പിക്കുകയാണ് പോംവഴിയെന്നിരിക്കെ അക്കാര്യത്തില്‍ ഒരുറപ്പും നല്‍കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. മുസ്‌ലിംകളുടെ മാത്രമായ ഒരുമതകീയവിഷയത്തില്‍ സര്‍ക്കാറും ഭരണകക്ഷിയും തികച്ചും ഏകപക്ഷീയമായി തീരുമാനമെടുത്തശേഷം പിന്നീടത് പിന്‍വലിക്കാന്‍ തയാറാണെങ്കില്‍ അക്കാര്യംതുറന്നുപറയാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നത്? വിഷയത്തില്‍ നിര്‍ബന്ധബുദ്ധിയില്ലായിരുന്നുവെന്ന് പിണറായിവിജയന്‍ പറയുന്നത് വിശ്വസിക്കണമെങ്കില്‍ എന്തിന് സര്‍ക്കാര്‍ ഒരുനിയമനിര്‍മാണത്തിന് തയാറായി എന്നതും വിശദീകരിക്കപ്പെടേണ്ടതുണ്ട്. പി.എസ്.സി നിയമത്തിനുവേണ്ടി ‘നിര്‍ബന്ധബുദ്ധിയോടെ ‘വാദിക്കുന്ന മന്ത്രിയെയും ഘടകക്ഷിയെയും തള്ളിപ്പറയാന്‍ അദ്ദേഹംതയ്യാറുണ്ടോ. വഖഫ്‌ബോര്‍ഡാണ് അതിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്ന് പറയുന്നവാദത്തില്‍ യാതൊരു സത്യവുമില്ലെന്ന് നേരത്തെ തന്നെ ബോര്‍ഡ് മുന്‍ചെയര്‍മാന്‍ പാണക്കാട്‌സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയതാണ്. സംസ്ഥാനത്ത് വഖഫ്‌ബോര്‍ഡ് കൈകാര്യംചെയ്ത മുന്‍മന്ത്രി കെ.ടി.ജലീല്‍ പങ്കെടുത്ത ബോര്‍ഡിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 2016 ജൂലൈയിലെ യോഗത്തിലാണ് ബോര്‍ഡ് അത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും നിലപാട്. പ്രസ്തുതയോഗത്തിന് അതിന് അധികാരമില്ലെന്നും യോഗത്തിന്റെ മിനുട്‌സില്‍ അങ്ങനെ എഴുതിവെച്ചിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നുമാണ് ചെയര്‍മാനും മുസ്‌ലിംലീഗ്പ്രതിനിധികളും പറയുന്നത്. എന്നിട്ടും മുഖ്യമന്ത്രി കള്ളം ആവര്‍ത്തിക്കുന്നത് എന്തിനുവേണ്ടിയാണ്? നൂറുശതമാനം മുസ്‌ലിംകള്‍ക്കുമാത്രം അവകാശപ്പെട്ട നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ട് ബില്ലവതരിപ്പിക്കും മുമ്പ് എന്തുകൊണ്ട് 27 ശതമാനം മുസ്‌ലിംകളുള്ള ഒരുസംസ്ഥാനത്തെ സര്‍ക്കാര്‍ ബന്ധപ്പെട്ട കക്ഷികളുമായി അഭിപ്രായരൂപീകരണം നടത്താന്‍ സന്നദ്ധമായില്ല. നിര്‍ബന്ധബുദ്ധിയില്ലെങ്കില്‍ എന്തിന് നാലുകൊല്ലംമുമ്പ് 2017ല്‍ ഇതുസംബന്ധിച്ച് പ്രത്യേകഓര്‍ഡിനന്‍സ് ഇറക്കി? 2018ല്‍ നാലുതവണയും 2019, 20, 21വര്‍ഷങ്ങളില്‍ രണ്ടുതവണവീതവും ഓര്‍ഡിനന്‍സ് പുതുക്കിയശേഷമാണ് നവംബറില്‍ ബില്ലുമായി സര്‍ക്കാര്‍ നിയമസഭയെ സമീപിക്കുന്നത്.

യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ചബോര്‍ഡില്‍ നിയമനം നടത്താതിരിക്കുന്നതിനും ന്യൂനപക്ഷ ധനകാര്യകോര്‍പറേഷനിലേതുപോലെ സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിനും വേണ്ടിയായിരുന്നു അതെന്നതല്ലേ സത്യം. എന്നിട്ടാണ് നിയമനത്തിന്റെപേരില്‍ മുസ്‌ലിംലീഗിനെ പ്രതിക്കൂട്ടില്‍കയറ്റാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. മാത്രമല്ല, മുഖ്യമന്ത്രി പറയുന്നതുപോലെ ഭരണകൂടം ജനങ്ങളുടെമേല്‍ ഒരുനിയമനിര്‍മാണവുമായി മുന്നോട്ടുവരുന്നത് നിര്‍ബന്ധ ബുദ്ധിയില്ലാതെയാണെന്നുവരുന്നത് അദ്ദേഹമിരിക്കുന്ന കസേരയുടെയും സര്‍ക്കാരിന്റെയാകെ തന്നെയും മഹത്വത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ്. യു.ഡി.എഫും വിശിഷ്യാ മുസ്്‌ലിംലീഗും നിയമസഭയില്‍ ബില്ലിനെ ശക്തിയുക്തം എതിര്‍ത്തിട്ടും സര്‍ക്കാര്‍ തിടുക്കം കാട്ടിയതെന്തിനായിരുന്നു. വസ്തുതകള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ പ്രതിഷേധം ശക്തമായപ്പോള്‍ പിന്തിരിഞ്ഞോടേണ്ടിവരുമായിരുന്നോ? ഫലത്തില്‍, ഏതാനുംദിവസംമുമ്പ് മൂന്നു കാര്‍ഷികകരിനിയമങ്ങള്‍ പിന്‍വലിക്കാനായി കേന്ദ്രത്തിലെ നരേന്ദ്രമോദിസര്‍ക്കാര്‍ പറഞ്ഞ തൊടുന്യായങ്ങള്‍തന്നെയാണ് പിണറായിവിജയനും മറ്റൊരുഭാഷയില്‍ ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നത്. കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നും അതിനാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്നുമാണ് മോദി പറഞ്ഞതെങ്കില്‍ അത്രപോലും പറയാനുള്ള ത്രാണി കമ്യൂണിസ്റ്റുകാരനായ പിണറായിവിജയന് ഇല്ലാതെ പോയതെന്തുകൊണ്ടായിരിക്കും. അപ്പോള്‍ പുതിയനിയമംകൊണ്ട് പിണറായിയും സി.പി.എമ്മും ഉദ്ദേശിച്ചത് 80:20 അനുപാതത്തിലുള്ള മുസ്‌ലിം-ക്രൈസ്തവസ്‌കോളര്‍ഷിപ്പ് വിഷയത്തിലെന്നപോലെ മതേതരമെന്നപേരില്‍ ന്യൂനപക്ഷങ്ങളെ തമ്മിലും, മുസ്‌ലിംകളുടെ ഒരവകാശംകൂടി കവര്‍ന്നെടുക്കുകവഴി മുസ്‌ലിംകളെകൂടിയും തമ്മില്‍തല്ലിച്ച് രക്തംകുടിക്കുകയാണ്. യു.എ.പി.എകേസുകളിലുള്‍പ്പെടെ പിണറായിവിജയന്‍ സര്‍ക്കാരിന്റെ വാക്കും നടപടിയും മോരുംമുതിരയും പോലെയാണെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പുതിയപ്രസ്താവനയെ അവിശ്വസിക്കുകയാണെന്നും പ്രഖ്യാപിതസമരവുമായി മുന്നോട്ടുപോകുമെന്നും മുസ്‌ലിംലീഗ്അടക്കമുള്ള സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വഖഫ് സംരക്ഷണമഹാറാലിയുമായി മുന്നോട്ടുപോകാനുള്ള മുസ്‌ലിംലീഗ് തീരുമാനം അതുകൊണ്ടുതന്നെ ജനാധിപത്യവിശ്വാസികളൊന്നടങ്കം നെഞ്ചേറ്റുകയാണ്. വെറും വാചകമടിയല്ല, മതേതരത്വവും വിശ്വാസികളുടെ മൗലികാവകാശവും ജനഹിതവും കണക്കിലെടുത്ത് അവര്‍ക്കെതിരായ നിയമം പിന്‍വലിക്കാനും പറ്റിയതെറ്റിന് മാപ്പുപറയാനും നിയമസഭയ്ക്കകത്ത് ആര്‍ജവമുള്ള നടപടിയെടുക്കാനുമാണ് ഇടതുപക്ഷസര്‍ക്കാര്‍ ഇനി സന്നദ്ധമാകേണ്ടത്. ആനമണ്ടത്തരങ്ങളുടെ ഡസനോളം പിന്‍വലിക്കല്‍നിരയിലേക്ക് ഇതുകൂടി ചേര്‍ക്കാമല്ലോ.

 

Test User: