രാജ്യത്തെ അഞ്ചുനിയമസഭകളിലേക്ക് ഫെബ്രുവരി പത്തിനും മാര്‍ച്ച് ഏഴിനുമിടയില്‍ നടന്ന വോട്ടെടുപ്പുകളുടെഫലം ഇന്നലെ പുറത്തുവന്നപ്പോള്‍ കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിക്ക് അഭിമാനിക്കാന്‍ ഏറെ വക നല്‍കുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. അവരുടെ നാല് സംസ്ഥാനങ്ങളിലെയും വിജയം ആവര്‍ത്തിക്കാനായി. രാജ്യത്തെ ഏറ്റവുംജനസംഖ്യയുള്ള സംസ്ഥാനത്ത് 37 വര്‍ഷത്തിനുശേഷം തുടര്‍ഭരണം ലഭിക്കാനായതില്‍ ആ പാര്‍ട്ടിയുടെ സംഘടനാസംവിധാനത്തിനാണ് ക്രെഡിറ്റ് മുഴുവന്‍. തികഞ്ഞ വര്‍ഗീയവാദിയായ യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥിനും ബി.ജെ.പിയുടെ ദേശീയനേതാക്കളായ പ്രധാനമന്ത്രി മോദിയടക്കമുള്ളവര്‍ക്കും ഈവിജയത്തില്‍ പങ്ക് അവകാശപ്പെടാം. ചിട്ടയായ പ്രചാരണവും അസൂയാര്‍ഹമാംവിധം യോജിപ്പുള്ള നേതൃനിരയുമാണ് ബി.ജെ.പിയെ ഈ നിലയിലെത്തുന്നതിന് സഹായിച്ചത്. 312 സീറ്റുകള്‍ കരസ്ഥമാക്കിയിടത്ത് ഇത്തവണ നാല്‍പതോളം സീറ്റുകള്‍ ചുരുങ്ങിയത് ഭരണവിരുദ്ധവികാരം കാരണമാണെന്ന് പറയാമെങ്കിലും കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന കക്ഷിക്കേല്‍ക്കാറുള്ള പരാജയം കാര്യമായി ഇവിടെ ഏശിയില്ല എന്നത് കാണേണ്ടിയിരിക്കുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ നില 47ല്‍നിന്ന് 130നടുത്തേക്ക് കുതിച്ചിട്ടുപോലും അവര്‍ക്ക് സര്‍ക്കാരുണ്ടാക്കാനായില്ല. യഥാക്രമം രണ്ടുംഒന്നും നേടിയ കോണ്‍ഗ്രസും ബി.എസ്.പിയുംകൂടി തനിച്ച് മല്‍സരിച്ചതാണ് ഈയൊരു ജനവിധിക്ക് കാരണമായത്. മണിപ്പൂര്‍, ഗോവ, ഉത്തര്‍ഖണ്ഡ് എന്നിവിടങ്ങളിലും ബി.ജെ.പിക്ക് നേട്ടമാണുണ്ടായിരിക്കുന്നത്. ആദ്യരണ്ടിടത്ത് കഴിഞ്ഞതവണ കോണ്‍ഗ്രസ് ഏറ്റവുംവലിയ ഒറ്റക്കക്ഷിയായിരുന്ന സ്ഥാനം ഇത്തവണ ബി.ജെ.പിക്ക് നേടാനായിരിക്കുന്നു. പഞ്ചാബില്‍ കഴിഞ്ഞതവണ 117ല്‍ 77 സീറ്റോടെ ഭരണത്തിലേറിയിരുന്ന കോണ്‍ഗ്രസ് ഇത്തവണ വെറും 18 സീറ്റുകളിലേക്ക് ചുരുങ്ങിയതും മതേതരവിശ്വാസികളായ എല്ലാവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ആംആദ്മി പാര്‍ട്ടിയുടെ വിജയമാകട്ടെ ഏറെ തിളക്കമുളളതായിരിക്കുന്നു. കേവലഭൂരിപക്ഷത്തിന് വേണ്ട 59 നേക്കാള്‍ 33 സീറ്റുകളുടെ വര്‍ധനവ്. ഡല്‍ഹിയിലും മുമ്പ് ഇവ്വിധത്തിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ അര്‍ധഅരാഷ്ട്രീയ കക്ഷി അധികാരവും തുടര്‍ഭരണവും പിടിച്ചത്.
തെരഞ്ഞെടുപ്പുഫലചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാകാനിരിക്കുന്നതേ ഉള്ളൂവെങ്കിലും എത്താവുന്ന നിഗമനം വര്‍ഗീയകക്ഷിയായ ബി.ജെ.പിയുടെ തേരോട്ടവും മതേതരകക്ഷിയായ കോണ്‍ഗ്രസിന്റെ കനത്തപരാജയവുമാണ്. ഇതിന് പലരെയും അഭിനന്ദിക്കുകയും മറ്റുചിലരെ കുറ്റപ്പെടുത്തേണ്ടിയും വരും. പരാജയത്തെക്കുറിച്ചുള്ള ആരോപണപ്രത്യാരോപണങ്ങള്‍ക്കുള്ള സമയമായിട്ടില്ല. കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തകസമിതിയോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് അറിയിച്ചതും തോല്‍വി രാഹുല്‍ഗാന്ധി അംഗീകരിച്ചതും വെച്ച് അതിനെ സ്വാഗതംചെയ്യുകയാണ് ഇപ്പോള്‍ മതേതരകക്ഷികളെല്ലാം ചെയ്യേണ്ടത്. കോണ്‍ഗ്രസിന് പ്രചാരണരംഗത്തും തന്ത്രരൂപീകരണത്തിലും പറ്റിയ തെറ്റുകള്‍ ആ പാര്‍ട്ടിയുടെ നേതൃത്വം ചര്‍ച്ചചെയ്ത് പോരായ്മകള്‍ പരിഹരിക്കട്ടെ. എന്നാല്‍തന്നെയും 2019ലോക്‌സഭയില്‍ സോണിയാഗാന്ധി നേടിയ റായ്ബറേലിയിലെ ഏകവിജയം തിരിച്ചുപിടിക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. 1989ല്‍ കൈവിട്ട ഭരണമാണ ്‌യു.പിയില്‍ കോണ്‍ഗ്രസിന്. ബബാരിമസ്ജിദിനെതിരായ രാമക്ഷേത്രപ്രക്ഷോഭവും പള്ളിതകര്‍ക്കലുമാണ് ആ മതേതരപാര്‍ട്ടിയുടെ അടിവേരിളക്കിയത്.
പഞ്ചാബില്‍ മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗിന്റെ രാജിക്കിടയാക്കിയത് അകാലിദളില്‍നിന്ന് ഭരണം കിട്ടിയതുമുതലുള്ള തൊഴുത്തില്‍കുത്താണ്. ഉപമുഖ്യമന്ത്രിയായിട്ടുപോലും അമരീന്ദറിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ നവ്‌ജ്യോത് സിദ്ദു തയ്യാറായി. ഇത് പിന്നീട് ദലിതനായ ചരംജിത്‌സിംഗ് ഛന്നിയിലേക്ക് മുഖ്യമന്ത്രിപദം കൈമാറാന്‍ കാരണമായി. അപ്പോഴും പരാതിയുടെ ഭാണ്ഡക്കെട്ട് പുറത്തെടുക്കാനാണ് സിദ്ദു ശ്രമിച്ചത്. അതിന്റെ തിക്തഫലം അദ്ദേഹമുള്‍പ്പെടെ കോണ്‍ഗ്രസിന്റെ 18 ഒഴികെ മുഴുവന്‍സ്ഥാനാര്‍ത്ഥികള്‍ക്കും അനുഭവിക്കേണ്ടിവന്നിരിക്കുന്നു. പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുമായിചേര്‍ന്ന് മല്‍സരിച്ച അമരീന്ദര്‍, ഛന്നി, സിദ്ദു, മുന്‍മുഖ്യമന്ത്രിയും 92കാരനുമായ പ്രകാശ്‌സിംഗ് ബാദല്‍ എന്നീ വന്‍സ്രാവുകള്‍ പരാജയപ്പെട്ടത് കിട്ടിയ അധികാരം നേരാംവണ്ണം ഉപയോഗിക്കാനറിയാത്തവരെ ജനം തൂത്തെറിയുമെന്നതിന്റെ വ്യക്തമായ തെളിവാണ്. രണ്ടിടത്താണ് ഛന്നി തോറ്റത്. ഉത്തര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രി ഹരീഷ്‌റാവത്തിന്റെ പരാജയവും പാര്‍ട്ടിയുടെ കല്ലുകടിയാണ്. മണിപ്പൂരിലും ഗോവയിലും സാമാജികരെ ചാക്കിട്ടുപിടിച്ച് അധികാരത്തിലെത്തിയ ബി.ജെ.പിക്ക് ഇത്തവണ അതിന്റെ ആവശ്യമില്ലെന്നായിരിക്കുന്നു. ഇതോടെ 40 വര്‍ഷക്കാലം ഇന്ത്യഭരിച്ച കോണ്‍ഗ്രസിന്റെ ഭരണം രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി ഒതുങ്ങുകയാണ്. മുസ്്‌ലിംകളുള്‍പ്പെടെയുള്ള അരികുവല്‍കരിക്കപ്പെടുന്നവരുടേതും കര്‍ഷകാദി പീഡിതജനവിഭാഗങ്ങളുടേതുമാണ് ഈ പരാജയങ്ങള്‍.