X
    Categories: indiaNews

രണ്ട് സിംഹങ്ങളും പോയി, ഇനിയെന്ത് എന്‍ഡിഎ; പരിഹാസവുമായി ശിവസേന

മുംബൈ: സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളും പുറത്തുപോയതോടെ എന്‍ഡിഎ മുന്നണി ശോഷിച്ചതില്‍ മോദി സര്‍ക്കാറിനെ പരിഹസിച്ച മുമ്പ് കക്ഷിയായിരുന്ന ശിവസേന. ശിരോമണി അകാലിദളും പോയതോടെ രണ്ട് സിംഹങ്ങളും പോയി, എന്‍ഡിഎയില്‍ ഇനി ആരാണ് ബാക്കിയുള്ളത്, ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ പരിഹസിച്ചു. ഇപ്പോള്‍ ചിലര്‍ സഖ്യത്തോട് രാമ രാമ പറഞ്ഞ് പോയെന്നും രണ്ട് സിംഹങ്ങള്‍ നഷ്ടപ്പെട്ട എന്‍.ഡി.എയില്‍ ഒരു രാമനും ഇപ്പോള്‍ അവശേഷിക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.

എന്‍ഡിഎയുടെ അവസാന തൂണായിരുന്ന ശിരോമണി അകാലിദള്‍ സഖ്യം വിടുന്നത് തടയാന്‍ പോലും എന്‍ഡിഎ തയ്യാറായില്ലെന്നത് ആശ്ചര്യകരമാണ്. നേരത്തെ ശിവസേനയും എന്‍ഡിഎ വിട്ടിരുന്നു. എന്‍ഡിഎയ്ക്ക് രണ്ട് സിംഹങ്ങളെ നഷ്ടമായിരിക്കുന്നു. രണ്ട് പാര്‍ട്ടികളും പുറത്തുപോയതോടെ ഇനി ആരാണ് മുന്നണിയില്‍ അവശേഷിക്കുന്നത്? അവിടെ ബാക്കിയുള്ളവര്‍ക്ക് ഹിന്ദുത്വവുമായി എന്തെങ്കിലും ചെയ്യാനുണ്ടോ? നെടുംതൂണ് നഷ്ടമായ എന്‍.ഡി.എയ്ക്ക് ഇനി നിലനില്‍പ്പുണ്ടോയെന്നും, ലേഖനത്തില്‍ ശിവസേന ചോദിക്കുന്നു.

അതേസമയം, കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടതില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. ശിവസേനയും അകാലിദളുമില്ലാത്ത സഖ്യത്തെ എന്‍ഡിഎയായി കാണാനാകില്ലെന്നാ റാവത്തിന്റെ പ്രതികരിച്ചു. എന്‍ഡിഎയുടെ പ്രധാന തൂണുകളായിരുന്നു ശിവസേനയും അകാലിദളും. ശിവസനേ എന്‍ഡിഎയില്‍ നിന്ന് പുറത്ത് കടക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇപ്പോഴിതാ അകാലിദളും. ഇപ്പോള്‍ എന്‍ഡിഎയ്ക്ക് പുതിയ പങ്കാളികളെ കിട്ടിയിരിക്കുന്നു. അവര്‍ക്ക് ഞാന്‍ ആശംസ നേരുന്നു. പക്ഷെ ശിവസേനയും അകാലിദളുമില്ലാത്ത ഒരു സഖ്യത്തെ ഞാന്‍ എന്‍ഡിഎയായി പരിഗണിക്കില്ല,’സഞ്ജയ് റാവത്ത് പറഞ്ഞ

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുണ്ടായ അധികാര തര്‍ക്കത്തിന്റെ പേരിലാണ് ശിവസേന എന്‍ഡിഎയില്‍ നിന്നും അകന്നത്. അതേമയം, കര്‍ഷക വിരുദ്ധമെന്ന നിലയില്‍ വിവാദമായ കാര്‍ഷിക ബില്‍ എതിര്‍പ്പ് വകവെക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയതോടെയാണ് സുഖ്ബീര്‍ സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദള്‍ കഴിഞ്ഞദിവസം എന്‍ഡിഎ വിട്ടത്. പാര്‍ട്ടിയുടെ പ്രതിനിധിയായ ഹര്‍സിമ്രത്ത് കൗര്‍ നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവച്ചിരുന്നു. പിന്നാലെയാണ് മോദി സര്‍ക്കാറിന് കടുത്ത തിരിച്ചടിയായ മുന്നണി വിടാനുള്ള അകാലിദളിന്റെ ഔദ്യോഗിക തീരുമാനവും ഉണ്ടായത്. ബിജെപിയുടെ ആദ്യകാലം മുതലുള്ള സഖ്യകക്ഷികളില്‍ ഒന്നായിരുന്നു ശിരോമണി അകാലി ദള്‍. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്നായിരുന്നു പാര്‍ട്ടി നേതാവ് സുഖ്ബിര്‍ സിങ്ങ് പ്രഖ്യാപിച്ചത്.

 

 

chandrika: