അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ച് പുരി ശങ്കരാചാര്യര്‍ നിശ്ചലാനന്ദ സരസ്വതി. അയോധ്യയില്‍ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ല. വിഗ്രഹം പ്രതിഷ്ഠിക്കേണ്ടത് ആചാരവിധിപ്രകാരമാണ്. രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പരിധിയുണ്ടെന്നും നിശ്ചലാനന്ദ സരസ്വതി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന 4 ശങ്കരാചാര്യന്മാരുടെയും പ്രഖ്യാപനം ബി.ജെ.പിക്ക് തലവേദനയാവുകയാണ്. ചടങ്ങ് രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വിട്ടുനില്‍ക്കുന്നത്.
ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകാതെയാണ് പ്രതിഷ്ഠാ ചടങ്ങെന്നും ധര്‍മശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയില്‍ നടക്കുന്നതെന്നും ശങ്കരാചാര്യന്‍ അവിമുക്തേശ്വരാനന്ദ സരസ്വതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇന്ത്യയിലെ 4 മഠങ്ങളിലെയും ശങ്കരാചാര്യന്മാര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മോദി ചെയ്യുന്നതെല്ലാം കണ്ട് കയ്യടിക്കാനില്ലെന്നാണ് ഇവരുടെ നിലപാട്. ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ നേട്ടത്തിനെന്നായിരുന്നു സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പ്രതികരണം.
ധര്‍മശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയില്‍ നടക്കുന്നതെന്നും പൂജ പഠിച്ച ആചാര്യന്മാര്‍ക്ക് പകരം പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും അത് കണ്ട് കയ്യടിക്കാന്‍ താനെന്തിന് പോകണമെന്നും സ്വാമി നിശ്ചലാനന്ദ സരസ്വതി പ്രതികരിച്ചു.