കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരന്‍ നിഷ്‌കളങ്കമായി പറഞ്ഞതാണെന്നു പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും സുധാകരേട്ടന്‍ പറഞ്ഞ ആ വാക്കുതന്നെ പറയും. നിങ്ങളാണെങ്കിലും അതുതന്നെ പറയും. കെ.സുധാകരനുമായി ജ്യേഷ്ഠാനുജന്‍മാരെപ്പോലെയാണെന്നും വി.ഡി.സതീശന്‍ മാധ്യമങ്ങളോടു വിശദീകരിച്ചു.
കോണ്‍ഗ്രസ് സമരാഗ്‌നി ജാഥയ്ക്കിടെ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിനിടെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയ മോശം പ്രതികരണത്തിലായിരുന്നു വി.ഡി.സതീശന്റെ വിശദീകരണം.
”അടുത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്നതാണു നടന്നത്. നിങ്ങളാണെങ്കിലും അതുതന്നെ പറയുകയുള്ളു. നിങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. ആദ്യം വാര്‍ത്താസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്ന സമയത്തില്‍നിന്നു വൈകി ഒരാള്‍ കാത്തിരിക്കുമ്പോള്‍ പറയുന്നതാണത്. ഒരാള്‍ കാത്തിരുന്നാല്‍ അസ്വസ്ഥനാകില്ലേ?
കെ.സി.വേണുഗോപാല്‍ സ്ഥലത്തുള്ളതിനാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചില ചര്‍ച്ചകള്‍ രാവിലെ നടന്നിരുന്നു. അതിനുശേഷം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നതിനാലാണു വൈകിയത്. സഹപ്രവര്‍ത്തകര്‍ തമ്മില്‍ സംസാരിക്കുന്നതല്ലേ അദ്ദേഹം പറഞ്ഞത്? അതിന്റെ അപ്പുറത്ത് എന്താ ഉള്ളത്. അവന്‍ എവിടെ പോയി കിടക്കുവാ എന്ന് ചോദിച്ചു. നിങ്ങള്‍ വരുമ്പോള്‍ നിങ്ങളുടെ ക്യാമറാമാനെ കണ്ടില്ലെങ്കില്‍ നിങ്ങള്‍ ചോദിക്കില്ലേ അവന്‍ എവിടെ പോയികിടക്കുവാ എന്ന്. അത്ര തന്നെ ഉള്ളൂ. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. നിങ്ങളിത് വല്യ വാര്‍ത്തയാക്കേണ്ട. ഹൈക്കമാന്‍ഡ് ഇടപെട്ടു, താക്കീത് നല്‍കി, രാജി ഭീഷണി മുഴക്കി, ഇങ്ങനെ എന്തല്ലാം വാര്‍ത്തകളാണ് നല്‍കിയത്. സമ്മതിച്ചു ഞാന്‍…”വി.ഡി.സതീശന്‍ പറഞ്ഞു.