X

ആ കുഞ്ഞുങ്ങള്‍ക്ക് എന്തു സംഭവിച്ചു- എഡിറ്റോറിയല്‍

വീടകങ്ങള്‍ക്ക് ആഹ്ലാദവും പൊലിമയും നല്‍കുന്നത് കുഞ്ഞുങ്ങളാണ്. നിഷ്‌കളങ്കമായ ആ കളിചിരികള്‍ ആക്മസ്മികമായി പടിയിറങ്ങിപ്പോവുകയോ തട്ടിയെടുക്കപ്പെടുകയോ ചെയ്തതിന്റെ പേരില്‍ നെഞ്ചു കലങ്ങി അനേകായിരങ്ങളാണ് ഇന്ത്യയിലുള്ളത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകളോളം ആശങ്കയുണ്ടാക്കുന്ന മറ്റൊരു വൃത്താന്തവുമില്ല. ഒറ്റപ്പെട്ട ഒളിച്ചോട്ടങ്ങളും നിസാര സംഭവങ്ങളുമായി കുട്ടികളെ കാണാതാകുന്നതിനെ അധികാരികള്‍ ചുരുട്ടിക്കൂട്ടുമ്പോഴും ഔദ്യോഗിക കണക്കുകള്‍ ഇന്ത്യയെ ഭീതിപ്പെടുത്തുന്നുണ്ട്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റിനെ അറിയിച്ച കണക്കു പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലേറെ കുട്ടികളെ കാണാതായിട്ടുണ്ട്. ഇവരില്‍ 2,70,698 പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. ബാക്കി 40592 കുട്ടികള്‍ എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമില്ല. പൊലീസിന് ലഭിച്ച പരാതികള്‍ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക കണക്ക് മാത്രമാണിത്. ദുരൂഹതയുടെ ഇരുട്ടിലേക്ക് മറഞ്ഞുപോയ ആയിരക്കണക്കിന് കുട്ടികള്‍ വേറെയും കണക്കില്‍ പെടാതെ ഉണ്ടാകാം. 2015നും 2020നുമിടക്ക് കാണാതാവുകയും കണ്ടെടുക്കപ്പെടുകയും ചെയ്ത കുട്ടികളുടെ എണ്ണമാണ് മന്ത്രി പുറത്തുവിട്ടിരിക്കുന്നത്.

കേരളത്തിലും നൂറുകണക്കിന് കുട്ടികളെ കാണാതാകുന്നുണ്ട്. സംസ്ഥാനത്ത് ഓരോ ദിവസവും ശരാശരി മൂന്ന് കുട്ടികളെന്ന തോതില്‍ കാണാതാകുന്നുണ്ടെന്നാണ് പൊലീസ് കണക്ക്. ഇതില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. രാജ്യത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സ്മൃതി ഇറാനി സമൂഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ടുകിട്ടാത്ത ആയിരങ്ങള്‍ ദു:ഖ കനലുകളായി അവശേഷിക്കുന്നു. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരാകുന്ന അവര്‍ എവിടേക്ക് പോയെന്നോ, എന്ത് സംഭവിച്ചെന്നോ അറിയില്ല. ഇതേക്കുറിച്ച് കൃത്യമായ വിവരം അധികാരികളുടെ പക്കലുമില്ല. കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും ഏജന്‍സികളും ഏറെയുണ്ടെങ്കിലും കാണാതാകുന്ന സംഭവങ്ങള്‍ നിരന്തരം കേള്‍ക്കുന്നുണ്ട്. ഭിക്ഷാടന, സെക്‌സ് മാഫിയകളും മയക്കുമരുന്ന് സംഘങ്ങളും അവയവ തട്ടിപ്പുകാരുമെല്ലാം കുട്ടികളെ റാഞ്ചാന്‍ വല വിരിച്ച് നില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളിച്ചും ചിരിച്ചും ഓടിച്ചാടി നടന്ന് ജീവിതം ആസ്വദിക്കേണ്ട കണ്‍മണികള്‍ ഭിക്ഷാടന മാഫിയകളുടെ ക്രൂരമായ കൈകളില്‍ ജീവിതം ഹോമിക്കപ്പെട്ടു കഴിയുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ? അവയവങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്ന മാഫിയകളുടെ ഇരകളായി കുരുന്നുകള്‍ പിടഞ്ഞുമരിക്കേണ്ടിവരുന്നത് ഭീകരമാണ്! കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് അനേകം കദനകഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പക്ഷെ, കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന മാഫിയകളെക്കുറിച്ച് സുരക്ഷാ ഏജന്‍സികളുടെ പക്കല്‍ വേണ്ടത്ര വിവരങ്ങളില്ല. കാണാതാകുന്ന കുട്ടികള്‍ എവിടെപ്പോയെന്ന ചോദ്യത്തിന് മുന്നില്‍ അധികൃതര്‍ മൗനം തുടരുകയാണ്.

കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് കാണാതാവുകയും ചെയ്യുന്ന സംഭവങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. വീട്ടിലെ സംഘര്‍ഷവും മാനസിക പ്രശ്‌നങ്ങളും ദാരിദ്ര്യവും പഠന പ്രശ്‌നങ്ങളുമെല്ലാം കാരണം വീടുകളില്‍നിന്ന് ഇറങ്ങിപ്പോകുന്നവര്‍ ഏറെയാണ്. ഇവരില്‍ പലരും വലിയ മാഫിയകളുടെ കൈകളിലാണ് അകപ്പെടാറുള്ളത്. അതോടൊപ്പം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. കാണാതാകുന്ന കുട്ടികളെക്കുറിച്ച് അന്വേഷിക്കാനും കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കു കീഴില്‍ നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവില്ല. കുട്ടികളോടുള്ള ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ശക്തമായ ശിക്ഷാ നടപടികള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ ശക്തമായ നീക്കങ്ങള്‍ സര്‍ക്കാറിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അതോടൊപ്പം ബോധവത്കരണവും അനിവാര്യമാണ്. രക്ഷിതാക്കളുടെ അശ്രദ്ധ വലിയ അപകടങ്ങളുണ്ടാക്കും. സ്വന്തം സുരക്ഷയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാനും വീട്ടില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും മുതിര്‍ന്നവര്‍ ബോധപൂര്‍വം ശ്രമിക്കേണ്ടതുണ്ട്. അപരിചിതരോട് എങ്ങനെ പെരുമാറണമെന്നും പതിയിരിക്കുന്ന ചതിക്കുഴികള്‍ എത്രമാത്രം ഭീകരമാണെന്നും അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം. വിദ്യാലയങ്ങളില്‍ പോയിത്തുടങ്ങുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഇത്തരം വിവരങ്ങള്‍ കൈമാറാവുന്നതാണ്. അതോടൊപ്പം അവരെ അനാവശ്യ ഭീതികളിലേക്ക് തള്ളാതിരിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

നവമാധ്യമങ്ങളുടെ നിരന്തര ഉപയോഗവും കുഞ്ഞുങ്ങളെ അപകടപ്പെടുത്തും. കുട്ടികളെ കേന്ദ്രീകരിച്ച് സൈബര്‍ കൊള്ളസംഘങ്ങള്‍ ലോകത്തെങ്ങും സജീവമാണ്. അടുത്തിടെ തൃശൂരില്‍ ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടത്തിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ പതിനാലുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം രക്ഷിതാക്കളുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. ജീവിതം സങ്കടക്കടലാകാന്‍ ചെറിയ അശ്രദ്ധകള്‍ മതിയെന്ന് ഓര്‍ക്കുക. സ്വന്തം മക്കള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാതെ മരിച്ചതിനു തുല്യം രാപ്പകലുകള്‍ തള്ളിനീക്കുന്ന രക്ഷിതാക്കള്‍ ചുറ്റുമുണ്ടെന്ന സത്യം നമുക്ക് പാഠമാകേണ്ടതാണ്.

Test User: