X

മരിച്ചയാള്‍ എന്ത് തെറ്റ് ചെയ്തു? കനാലില്‍ വീണ് മരിച്ചയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ് അനാസ്ഥ

കണ്ണൂര്‍: വാഹനാപകടത്തില്‍ മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ കുറ്റപത്രം സമര്‍പ്പിച്ച മയ്യില്‍ പൊലീസ് നടപടി വിവാദമാകുന്നു. കൈവരിയില്ലാത്ത കനാലില്‍ വീണ് ദാരുണമായി മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കിയാണ് കണ്ണൂര്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിലെ മസ്‌കറ്റ് ടെയിലേഴ്‌സിന് സമീപം കനാല്‍ പാലം റോഡില്‍ നിന്ന് കനാലില്‍ വീണുമരിച്ച വ്യാപാരി പെരുമാച്ചേരി കാവുംചാല്‍ ചെങ്ങിനി ഒതയോത്ത് സിഒ ഭാസ്‌കരനെ(54)തിരെയാണ് കുറ്റപത്രം. ആറ് മാസം വരെ തടവുശിക്ഷ ലഭിക്കുന്ന 279-ാം വകുപ്പ് ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് നല്‍കിയ കുറ്റപത്രത്തിലെ വിവരങ്ങളെ കുറിച്ച് അറിയുന്നത് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് ഭാസ്‌കരന്റെ കുടുംബത്തിന് പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചതോടെയാണ്.

റോഡ് നിര്‍മാണത്തിലെ അപാകതയാണ് മരണകാരണമെന്ന പ്രദേശവാസികളുടെ ആരോപണം നിലനില്‍ക്കുമ്പോഴാണ് മയ്യില്‍ പൊലീസ് അന്വേഷണം പൂര്‍ത്തീകരിച്ച് അപകടത്തില്‍ മരിച്ചയാളെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. മണിക്കൂറുകള്‍ കഴിഞ്ഞാണ് അതുവഴി വന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇടുപ്പെല്ലിനും കഴുത്തിനുമേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഭാസ്‌കരന്റെ അപകട മരണത്തെ തുടര്‍ന്ന് ജനരോഷം ഉയര്‍ന്നതോടെ പഞ്ചായത്ത് അധികൃതരുടെ ഇടപെടലിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപകടം നടന്ന സ്ഥലത്ത് കൈവരി നിര്‍മിച്ചത്.

കുടുംബത്തിന് കുരുക്കായി
പൊലീസ് നടപടി

പൊതുമരാമത്ത് അധികൃതരുടെ കൃത്യവിലോപത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഭാസ്‌കരന്‍ മരിച്ചതിന് പിന്നാലെ ആ വേദനയ്‌ക്കൊപ്പം കുരുക്കായി പൊലീസ് അനാസ്ഥയും. നട്ടംതിരിയണം മരിച്ചയാള്‍ക്കെതിരെ കുറ്റപത്രത്തിന്റെ രൂപത്തിലെത്തിയ ചുവപ്പ് നാടയില്‍. പ്രാഥമിക അന്വേഷണ വിവരത്തില്‍ അസ്വാഭാവിക മരണമെന്ന് എഴുതിച്ചേര്‍ത്ത പൊലീസ് തന്നെയാണ് അന്വേഷണത്തിനൊടുവില്‍ തകിടം മറിഞ്ഞത്. ഇതുകാരണം അര്‍ഹതപ്പെട്ട ഇന്‍ഷൂറന്‍സ് തുക പോലും ലഭിക്കാത്ത സാഹചര്യമാണ് കുടുംബത്തിനുണ്ടായത്.

Chandrika Web: