വ്യാപാര യുദ്ധം, ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കെട്ടുപിണഞ്ഞതാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വോവെയ്(Huawei)ക്കെതിരെയുള്ള അമേരിക്ക നീക്കങ്ങള്‍. കുറച്ച് മാസങ്ങളായി അമേരിക്കയുമായി വോവെയ് യുദ്ധത്തിലാണെന്ന് തന്നെ പറയാം. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍സൂ കാനഡയുടെ കസ്റ്റഡിയിലാണിപ്പോള്‍. അമേരിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ദേശപ്രാകരമാണ് അവരെ കാനഡ അറസ്റ്റ് ചെയ്തത്.
ബിസിനസ് ആവശ്യാര്‍ത്ഥം മെക്‌സിക്കോയിലേക്ക് പുറപ്പെട്ട മെങ് വാന്‍സു യാത്രാമധ്യേ കാനഡയിലെ വാന്‍കുവറില്‍ ഇറങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍ അടുത്ത വിമാനത്തിന് കാത്തിരിക്കുമ്പോഴാണ് കാനേഡയന്‍ സംഘമെത്തി അവരെ അറസ്റ്റ് ചെയ്തത്. അമേരിക്കയുടെ അറസ്റ്റ് വാറന്റ് കാട്ടിക്കൊടുക്കുകയും ചെയ്തു. അമേരിക്കക്ക് കൈമാറുന്നതിനെതിരെ കാനഡയില്‍ നിയമപോരാട്ടം നടത്തുകയാണ് അവരിപ്പോള്‍. അമേരിക്കയുടെ ഉപരോധങ്ങള്‍ ലംഘിച്ച് ഇറാനുമായി വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് മെങിനെതിരെ യു.എസ് ഉന്നയിക്കുന്ന ആരോപണം. അതൊരു കാരണം മാത്രമാണ്. അതിലുപരി യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
സമീപ കാലത്ത് അമേരിക്കയിലെ ആപ്പിളിനെ കടത്തിവെട്ടിയാണ് വോവെയ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ മേഖലയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയയുടെ സാംസങ്ങിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് എത്താനും വോവെയ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
“ആപ്പിളിനെ വെട്ടിനുറുക്കുന്നതാണ് വോവെയ്യുടെ ലോഗോ എന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്” എന്ന ട്രോളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കമ്പനിയുടെ സ്ഥാപകനായ റെന്‍ സെങ്‌ഫെയുടെ മകളായ മെങാണ് വോവെയ്‌യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ വാവെയ് കമ്പനിയെ പിടിച്ചുകെട്ടാന്‍ ഭാവിയില്‍ മേധാവിയാകാന്‍ സാധ്യതയുള്ള മെങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു അമേരിക്കയുടെ മുന്നിലുള്ള വഴി.
ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടന്ന് യു.എസ് ടെലികോം ഉല്‍പന്ന ഘടകങ്ങള്‍ ഇറാന് വിറ്റുവെന്നാണ് മെങിനെതിരെ അമേരിക്ക ചുമത്തിയിരിക്കുന്ന കേസ്. ഇറാനെതിരെയുള്ള ഉപരോധത്തിന്റെ പേരില്‍ ഒരു വിദേശ കമ്പനി മേധാവിയെ യു.എസ് അറസ്റ്റ് ചെയ്യുന്നത് ആദ്യമാണ്. അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന വാവെയ് കമ്പനിയെ തടഞ്ഞുനിര്‍ത്താന്‍ ഇറാനെതിരെയുള്ള ഉപരോധം മറയാക്കിയെന്ന് മാത്രം. ചൈനീസ് ഭരണകൂടത്തിന്റെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് വോവെയ് ഒത്താശ ചെയ്തുകൊടുക്കുന്നുവന്ന് അമേരിക്ക പാശ്ചാത്യ രാജ്യങ്ങളില്‍ സജീവമായി പ്രചരിപ്പിക്കുന്നുമുണ്ട്. വോവെയ് വില്‍ക്കുന്ന ഉപകരണങ്ങളിലെല്ലാം രഹസ്യനിരീക്ഷണത്തിനുള്ള സംവിധങ്ങള്‍ ഉണ്ടെന്നാണ് യു.എസ് ആരോപിക്കുന്നത്. മെങിന്റെ അറസ്റ്റിന് പ്രതികാരമായി കാനഡയുടെ ചില പ്രമുഖരെ ചൈനയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് നല്‍കിയ ഉപരോധ ഇളവിന്റെ അടിസ്ഥാനത്തിലാണ് മെങിന്റെ കമ്പനി ഇറാനുമായി വ്യാപാരം നടത്തിയത്. എന്നിട്ടും അതിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്തതും വാവെയ്‌യെ കരിമ്പട്ടിക്കയില്‍ പെടുത്തിയതും രാഷ്ട്രീയത്തിനപ്പുറം സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയാണ്.