X

വയനാടിനോട് എന്തിനീ ക്രൂരത

വയനാട് ദുരന്തത്തില്‍ ജീവനും ജീവനോപാധികളും നഷ്ടമായവരോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെ ഇന്നലെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരിക്കുകയാണ്. അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നും നിയമസഭ ഐകകണ്ഠന പാസാക്കിയ പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. വയനാട് പുനരധിവാസം സംബന്ധിച്ച് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷം പിന്‍വലിച്ച്, പകരം കേന്ദ്ര ധനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിക്കുകയായിരുന്നു. രാഷ്ട്രിയമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി അവതരിപ്പിച്ച പ്രമേയം തന്നെ വിഷയത്തിന്റെ മുഴുവന്‍ ഗൗരവവും വ്യക്തമാക്കുന്നുണ്ട്.

രാജ്യം സാക്ഷ്യംവഹിച്ചതില്‍തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് 2024 ജൂലൈ 30ന് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍. 250ലധികം മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുകയും 40 ലധികം പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തില്‍ ഒരു പ്രദേശമൊന്നാകെ തകര്‍ന്നു തരിപ്പണമായിപ്പോവുകയായിരുന്നു. ഞങ്ങളെമാത്രം എന്തിനിങ്ങനെ ബാക്കിയാക്കി എന്ന കുടപ്പിറപ്പുകള്‍ക്കൊപ്പം ജീവിതവും ജീവനോപാധികളും തകര്‍ന്നുപോയ, ദുരന്തത്തെ അവശേഷിച്ച മനുഷ്യരുടെ വിലാപങ്ങള്‍ ഓരോ മലയാളികളുടെയും അന്തരാളങ്ങളില്‍ ഇപ്പോഴും അലയടിച്ചുകൊണ്ടിരിക്കുകയാണ്. സകലതും നഷ്ടപ്പെട്ടുപോയ ഈ മനുഷ്യരെ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയെന്ന ദൗത്യമാണ് ഭരണകൂടങ്ങള്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും വയനാട്ടില്‍ ചെയ്യാനുണ്ടായിരുന്നത്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ പോലെ തന്നെ സമാനതകളില്ലാത്ത ചുവടുവെപ്പുകളാണ് സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ഇക്കാര്യത്തിലുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ ഉദാരമായിതന്നെ സംഭാവനനല്‍കിയപ്പോള്‍ മുസ്ലിംലീഗ് പാര്‍ട്ടി വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഫണ്ടുശേഖരണവും അത്യല്‍ഭുതകരമായാണ് മുന്നേറിയത്. അത്രമേല്‍ വിശ്വാസത്തോടെ പൊതുസമൂഹം ഏല്‍പ്പിച്ച പണം ചടുലമായ പ്രവര്‍ത്തനങ്ങളിലൂടെ അവകാശികളുടെ കരങ്ങളിലേക്കെത്തിച്ചുകൊണ്ട് ആ വിശ്വാസ്യതയുടെ തിളക്കം പാര്‍ട്ടി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടിയന്തര സഹായം എത്തിക്കുന്നതിലും ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ കോപനത്തിലുമെല്ലാം വീഴ്ചകള്‍ പ്രകടമാണെങ്കിലും ജനങ്ങളെ പുനരധിവസിപ്പിക്കുകയെന്ന ഭഗീരഥപ്രയത്‌നത്തില്‍ പ്രതിപക്ഷവും സര്‍ക്കാറിനൊപ്പം ഉറച്ചുനില്‍ക്കുകയാണ്.

ഇന്നലെ നിയമസഭയില്‍ കണ്ടിട്ടുള്ളത് ഈ പിന്തുണയുടെ നിദര്‍ശനമാണ്. എന്നാല്‍ ഇത്രയും വലിയൊരു ദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരി ച്ചുകൊണ്ടിരിക്കുന്ന സമീപനം ഞെട്ടിപ്പിക്കുന്നതും ഒരുപരിഷ്‌കൃത ഭരണകൂടത്തിന് ഒരുതരത്തിലും യോജിക്കാത്തതുമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സമാനമായ മറ്റൊരുദുരന്തമായി കേന്ദ്രത്തിന്റെ ഈ സമീപനം മാറിക്കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ.് ദുരന്ത നിവാരണത്തിന്റെ നിര്‍ണായകഘട്ടത്തില്‍ ഒരു ദിവസത്തെ തിരച്ചില്‍പോലും മാറ്റിവെക്കേണ്ടിവന്നെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയും ആശ്വാസത്തോടെയുമായിരുന്നു കേരളം വീക്ഷിച്ചത്. നാടിന്റെ പ്രതീക്ഷക്കൊത്തുതന്നെ സ്‌നേഹോഷ്മളമായ പെരുമാറ്റങ്ങളും പ്രതീക്ഷാ നിര്‍ഭരമായ സംസാരങ്ങളുമെല്ലാം അദ്ദേഹത്തില്‍ നിന്നുണ്ടാവുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുമുമ്പുതന്നെ കേന്ദ്രദുരന്തനിവാരണസേന ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ദൂരന്തത്തിന്റെ ആഴം മനസിലാക്കിയ സാഹചര്യത്തില്‍ വയനാട്ടില്‍വെച്ചുതന്നെ സഹായപ്രഖ്യാപനമുണ്ടാവുമെന്നുവരെ സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നുമാത്രമല്ല പ്രധാനമന്ത്രി തിരികെ ഡല്‍ഹിയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും കേരളം കാത്തിരുന്ന പ്രഖ്യാപനം ഇതുവരെയും ഉണ്ടായില്ല. പ്രധാനമന്ത്രിയില്‍ നിന്നു മാത്രമല്ല, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍നിന്നുള്‍പ്പെടെ വാചകക്കസര്‍ത്തുകള്‍ നിരന്തരം ഉണ്ടാവുന്നുണ്ടെങ്കിലും സഹായം മാത്രം എത്തുന്നില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കേന്ദ്ര ദുരന്ത നിവാരണ ഫണ്ടില്‍നിന്നും ഉദാരമായ സഹായങ്ങള്‍ സംസ്ഥാനം കാത്തിരിക്കുന്നവെങ്കില്‍ സാമാന്യ യുക്തിക്ക് നിരക്കാത്ത ന്യായങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

വയനാടിന് ശേഷം 33 പേര്‍ മരണമടഞ്ഞ ദുരന്തമുണ്ടായ സംസ്ഥാനത്തിന് 1 കോടി നല്‍കിയ സാഹചര്യത്തിലാണ് ഈ മുടന്തന്‍ ന്യായങ്ങളില്‍ കേന്ദ്രം അഭിരമിക്കുന്നത്. കേരളം ഇന്ത്യയില്‍ തന്നെയല്ലേ എന്ന ചോദ്യമാണ് ഇവിടെ ന്യായമായും ഉടലെടുക്കുന്നത്. അല്‍പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍ എല്ലാം തകര്‍ന്നുപോയ ഒരു ജനതയെ പുനരധിവസിക്കാനുള്ള ഒരു നാടിന്റെ എല്ലാം മറന്നുള്ള ശ്രമങ്ങളില്‍ കേന്ദ്രം ഒരുനിമിഷം പോലും പാഴാക്കാതെ പങ്കാളികളാവേണ്ടതുണ്ട്. പ്രതിപക്ഷത്തിന്റെ അകൈതവമായ പിന്തുണ ഉപയോഗപ്പെടുത്തി കേരളത്തിന് ലഭിക്കേണ്ട അവകാശങ്ങള്‍ നട്ടെല്ലുനിവര്‍ത്തി ചോദിച്ചുവാങ്ങാനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാറും കാണിക്കേണ്ടതുണ്ട്.

 

webdesk17: