സംസ്ഥാനത്ത് ഇന്നലെമാത്രം കോവിഡ് ബാധിതരായവരുടെ എണ്ണം 18123 ആണ്. ട.പി.ആര്‍ 30നു മുകളില്‍. തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി പോസിറ്റീവ് ആയവര്‍ 3000 ലധികമാണ്. കോവിഡ് വ്യാപനം സകല സീമകളും ലംഘിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്. ഈ മാസം 21 മുതല്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു, പൊതു പരിപാടികളിലും വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലുമെല്ലാം പങ്കെടുക്കാവുന്നവരുടെ എണ്ണം നിചപ്പെടുത്തുന്നു, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരാവാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. രോഗികള്‍ ഏറ്റവും കൂടുതലുള്ള എറണാകുളം ജില്ലയില്‍ ഒരു പടികൂടി കടന്ന് മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ പരിപാടികളും നിര്‍ത്തിവെക്കാന്‍ വരെ കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഒരു മാസത്തേക്ക് എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും നിയന്ത്രണത്തിന്റെ ഭാഗമായി പാര്‍ട്ടി പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
എന്നാല്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ല എന്നു പ്രഖ്യാപനവുമായി ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുകയാണ് സി.പി.എം. ഈ നിയന്ത്രണങ്ങളെല്ലാം പ്രഖ്യാപിക്കുന്ന ഭരണകൂടത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ സമീപനം സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളെ പരിഹാസ്യമാക്കിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഏപ്രിലില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാലുടന്‍ സംസ്ഥാനത്ത് ലോക്ഡൗണായിരിക്കുമെന്ന് ഇപ്പോള്‍ സാധാരണക്കാര്‍പോലും പറഞ്ഞുനടക്കുന്ന അവസ്ഥയാണുള്ളത്. പാര്‍ട്ടിക്ക് കോടതിയും അന്വേഷണ ഏജന്‍സിയുമെല്ലാമുള്ളതു പോലെ പാര്‍ട്ടിക്കാര്‍ക്കുമാത്രമായി കോവിഡ് പിടികൂടാതിരിക്കാനുള്ള സംവിധാനവുമുണ്ടോ എന്നതാണ് ജനങ്ങള്‍ക്കറിയേണ്ടത്. രാവിലെ കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് വാചാലനാകുന്ന സംസ്ഥാന മുഖ്യമന്ത്രിയെ വൈകുന്നേരം കാണുന്നത് പാര്‍ട്ടി പൊതുയോഗത്തിലെ ഉദ്ഘാടകനായിട്ടാണ്. അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ യാതൊരു സങ്കോചവുമില്ലാതെ മുഖ്യമന്ത്രിക്ക് ചുറ്റുമിരുന്ന് കൈയ്യടിക്കുന്ന കാഴ്ച്ചക്ക് ദയനീയം എന്നല്ലാതെ എന്തു പറയാന്‍. കാരണവര്‍ക്ക് അടുപ്പിലുമാകാം എന്ന ചൊല്ലിന് സമാനമാണ് സംസ്ഥാനത്തെ കാര്യങ്ങള്‍.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡിന്റെ തുടക്കത്തില്‍ അനിവാര്യമായ പ്രതിഷേധത്തിനിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കുറിച്ച് അന്നു താന്‍ ഉപയോഗിച്ച വാക്കുകള്‍ മുഖ്യമന്ത്രി ഓര്‍ത്തെടുക്കുന്നത് നന്നാവും. വാളയാര്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനും അവരെ തടഞ്ഞുവെച്ച തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചും അവിടെ എത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മരണത്തിന്റെ വ്യാപാരികള്‍ എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ മുഖത്തേക്ക് ജനം കാര്‍ക്കിച്ചു തുപ്പുമെന്നായിരുന്നു മന്ത്രി റിയാസിന്റെ പ്രിതികരണം. എന്നാല്‍ അതേ മുഖ്യമന്ത്രിയും മന്ത്രിയും തന്നെ മരണത്തിന്റെ വ്യാപാരിയും ജനങ്ങളുടെ അരിശം പേറേണ്ടവരുമായി മാറേണ്ട സ്ഥിതിയല്ലേ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം സംജാതമായിരിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തേക്കാള്‍ ഗൗരവം അതിനെ ലാഘവത്തോടെ കാണുന്നതും പരിഹാസ്യമായ രീതിയില്‍ ന്യായീകരിക്കുകയും ചെയ്യുന്ന മന്ത്രിമാരുടെയും പാര്‍ട്ടി നേതാക്കളുടെയും സമീപനമാണ്. പൊതുപരിപാടിക്ക് 50 ല്‍ അധികം പേര്‍ പാടില്ലെന്നു നിയമം നിലനില്‍ക്കുമ്പോഴാണ് മുന്നൂറും അതിലധികവും പേര്‍ അടച്ചിട്ട റൂമില്‍ മൂന്നു ദിവസത്തോളം ഒരുമിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്നാണ് ജില്ലാ സെക്രട്ടറിമാരുടെ മറുപടി. പിന്നീടു തള്ളിപ്പറഞ്ഞെങ്കിലും 502 പേര്‍ പങ്കടുത്ത പാറശാലിയിലെ തിരുവാതിര സാമൂഹ്യ അകലം പാലിച്ചു കൊണ്ടാണെന്നായിരുന്നു പാര്‍ട്ടിയുടെ ന്യായീകരണം. തൃശൂരിലെ തിരുവാതിര കോവിഡിനെ അകറ്റിക്കൊണ്ടാണെന്നാണ് ഇപ്പോഴും പറയുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തിന്റെ പര്യായമായി മാറിയിരിക്കുകയാണെന്ന വിലയിരുത്തലുകളുണ്ടായിരിക്കുന്നത് പാര്‍ട്ടി സമ്മേളനങ്ങളിലെത്തിക്കുകയായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിമാര്‍ക്കു മനസില്ലെന്നാണ് പാര്‍ട്ടിക്കാരുടെ പരാതിയെങ്കില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനവും ഈ ധാര്‍ഷ്ട്യതത്തിന്റെ മറ്റൊരുദാഹരണമാണ്. ഭരണത്തുടര്‍ച്ച എന്തും ചെയ്യാനുള്ള ലൈസന്‍സായാണ് മുഖ്യമന്ത്രിയും കൂട്ടരും കാണുന്നതെങ്കില്‍ ആ നയം ഒരു നാട്ടില്‍ വിതക്കുന്ന വിനാശം എത്രമാത്രം വലുതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.