പട്ടിണിക്യൂബയില്‍നിന്ന് ആര്‍ക്ക് എന്തു പഠിക്കാന്‍ ? വീണാജോര്‍ജ് പിണറായി വിജയനു പഠിക്കുന്നെന്ന് കെ സുധാകരന്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ക്യൂബന്‍ സംഘത്തെ കാണാന്‍ ആശാവര്‍ക്കര്‍മാരുടെ ചെലവില്‍ ഡല്‍ഹിക്കു പോയി അപമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുന്നതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലാണ് ഓര്‍മവരുന്നത്.

നേരത്തെ നിശ്ചയിച്ചിരുന്ന ഡല്‍ഹി പരിപാടിയാണ് മന്ത്രി പൊടുന്നനവെ ആശാ വര്‍ക്കേഴ്‌സിന്റെ അക്കൗണ്ടിലേക്കു മാറ്റിയത്. ഫെബ്രുവരി 10 മുതല്‍ സമരവും തുടര്‍ന്ന് നിരാഹാര സമരവും നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് നേരിയ പ്രതീക്ഷ നല്കിയ ശേഷം അവരെ പിന്നില്‍നിന്നു കുത്തുകയായിരുന്നു. കേന്ദ്രമന്ത്രിയെ കാണാന്‍ പോകുകയാണെന്ന് മന്ത്രിയുടെ ഓഫീസാണ് പ്രചരിപ്പിച്ചത്. അതു നടക്കാതെ വന്നപ്പോള്‍ മീഡിയയെ കുറപ്പെടുത്തുന്നു.

ഡല്‍ഹിക്കു പോകുന്നതിനു തൊട്ടുമുമ്പു നടത്തിയ ചര്‍ച്ചകളും മന്ത്രി പ്രഹസനമാക്കി. അധ്വാനിക്കുന്ന സ്ത്രീ സമൂഹത്തിന്റെ പ്രയാസങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയാത്ത വിധത്തില്‍ മന്ത്രി ആളാകെ മാറിപ്പോയി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ മന്ത്രി പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് അപമാനമാണ് ഇവരെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ കേന്ദ്രവും കണ്ടില്ലെന്നു നടിക്കുന്നു. സമരക്കാരെ പലതവണ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് തീരുമാനവുമായി വന്നാല്‍ മതിയെന്നു സമരക്കാര്‍ പറഞ്ഞതില്‍ പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല. കോണ്‍ഗ്രസ് സമരക്കാരോടൊപ്പം അടിയുറച്ചു നില്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

പട്ടിണിയും പരിവട്ടവുമായി നട്ടംതിരിയുന്ന ക്യൂബയില്‍നിന്ന് കേരളത്തിന് എന്താണ് വാരിക്കോരി കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും അതിരൂക്ഷമായതിനെ തുടര്‍ന്ന് മെയ്ദിന പരേഡുപോലും ഉപേക്ഷിച്ച രാജ്യമാണ് ക്യൂബ. തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും ഏറ്റവും ഉയര്‍ന്ന നിലയില്‍. ജനാധിപത്യത്തെ തൂക്കിലേറ്റി ഏകകക്ഷി സമ്പ്രദായത്തില്‍ ഭരിച്ചു കുളമാക്കിയ രാജ്യമാണ് ക്യൂബ.

മുഖ്യമന്ത്രിയും മന്ത്രി വീണാജോര്‍ജുമൊക്ക രണ്ടു വര്‍ഷം മുമ്പാണ് ക്യൂബയില്‍ പഠിക്കാന്‍ പോയത്. അതിന്റെ തുടര്‍ച്ചയായാണ് ക്യൂബന്‍ ഉപപ്രധാനമന്ത്രി ഉള്‍പ്പെടുന്ന ക്യൂബന്‍ സംഘത്തെ മന്ത്രി കണ്ടത്. പിണറായി വിജയന്‍ ക്യൂബയില്‍നിന്ന് കുറെ കാര്യങ്ങള്‍ പഠിച്ചു. അതു നടപ്പാക്കിയാണ് കേരളം ക്യൂബയുടെ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

webdesk13:
whatsapp
line