ക്ഷേമരാഷ്ട്ര സങ്കല്‍പത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും വിദ്യാഭ്യാസവും മെച്ചപ്പെട്ട ആരോഗ്യവും നല്‍കുക ഭരണകൂടങ്ങളുടെ മുഖ്യ കടമകളിലൊന്നായി മാറിയതിന്റെ ചുവടുപിടിച്ച് ലോകത്ത് നാല്‍പതോളം രാജ്യങ്ങള്‍ കുഞ്ഞുങ്ങളുടെയും ബാല്യകൗമാരക്കാരുടെയും വിദ്യാഭ്യാസത്തിന് നിയമനിര്‍മാണങ്ങള്‍ നടത്തുകയുണ്ടായിട്ടുണ്ട്. അതിലൊന്നാണ് യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യാപാര്‍ലമെന്റ് പാസാക്കിയ 2009ലെ ‘സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശത്തിനുള്ള നിയമം’. 2010 ഓഗസ്റ്റില്‍ ഇത് നിയമമായി. ഇതനുസരിച്ച് 6നും 14നും വയസിനിടയിലെ കുട്ടികള്‍ക്ക് സര്‍ക്കാറുകള്‍ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കിയിരിക്കണം. മാന്യമായി ജീവിക്കാനുള്ള ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശമുള്‍ക്കൊള്ളുന്ന 21 (എ) അനുച്ഛേദത്തിന്റെ ചുവടുപിടിച്ചാണ് കോണ്‍ഗ്രസ് മുന്നണിസര്‍ക്കാര്‍ അത്തരത്തിലൊരു നിയമം നിര്‍മിച്ചത്. യു.എന്‍.ഒ അടക്കമുള്ള സാര്‍വലൗകിക സംഘടനകളുടെയും വിദഗ്ധരുടെയും ശിപാര്‍ശയും നിര്‍ദേശങ്ങളും ഇതിലുള്‍പ്പെട്ടിരുന്നു. അതിനുംമുമ്പേതന്നെ നമ്മുടെ ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തെക്കുറിച്ച് പ്രത്യേകം ഉള്‍ചേര്‍ത്തിരുന്നതുമാണ്.
ഇതൊക്കെ ഇപ്പോള്‍ എടുത്തുപറയാനുള്ള കാരണം കേരളത്തില്‍ തൊഴിലാളി വര്‍ഗ സ്‌നേഹികളെന്ന് അവകാശപ്പെടാറുള്ള മുന്നണിയും സര്‍ക്കാരും അടുത്തിടെ നടത്തിയൊരു നയപരമായ തീരുമാനമാണ്. 1997ല്‍ ഡി.പി.ഇ.പി പദ്ധതിയനുസരിച്ച് ആരംഭിച്ച് പ്രവര്‍ത്തിച്ചുവന്ന ഏകാധ്യാപക വിദ്യാലയങ്ങളെ ഏതാണ്ട് അപ്പാടെ ഒറ്റയടിക്ക് നിര്‍ത്തലാക്കിയതാണ് ഈ നടപടി. ജനാധിപത്യ ഭരണകൂടം ഒരിക്കലും ചെയ്യരുതാത്തതും ചിന്തിക്കരുതാത്തതുമായ തീരുമാനമാണിത്. ഇതോടെ സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങളാണ് ഇതിനോടകം താഴിട്ടിരിക്കുന്നത്. ഭരണഘടനാ തത്വത്തിന്റെയും രാജ്യത്തെ നിലവിലുള്ള നിയമത്തിന്റെയും നഗ്നമായ ലംഘനമാണിതെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. 344 ഏകാധ്യാപക വിദ്യാലയങ്ങളാണ് സംസ്ഥാനത്താകെ പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇതില്‍ 27 എണ്ണമൊഴികെയുള്ള എല്ലാമാണ് പൂട്ടിയിരിക്കുന്നത്. കോടതിയെ സമീപിച്ചതുകാരണം ഇവയില്‍ ചിലതിന് താല്‍കാലികമായ ശാപമോക്ഷം ലഭിച്ചിട്ടുണ്ടെന്ന് മാത്രം.
മലകളും താഴ്‌വരകളും പുഴകളും തോടുകളുമെല്ലാം താണ്ടി ഒറ്റപ്പെട്ടയിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ അന്ന് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇനി അത്തരം കുട്ടികളുടെ ഭാവിയെക്കുറിച്ച് സര്‍ക്കാറിന് വ്യക്തമായ നയമോ നിലപാടോ ഇല്ല. തദ്ദേശ സ്ഥാപനങ്ങളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ തുറന്നതോടെ അത് പലയിടത്തും കാര്യക്ഷമമല്ലെന്ന പരാതിയുയര്‍ന്നുകഴിഞ്ഞു. കോടികള്‍ വിമാനയാത്രക്കും ചികില്‍സക്കും ഹെലികോപ്റ്റര്‍ വാടകക്കും മറ്റുമായി ധൂര്‍ത്തടിക്കുകയും അഴിമതി സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും മുഖമുദ്രയായിരിക്കുകയും ചെയ്യുമ്പോഴാണ് ഏതാനും ആയിരങ്ങള്‍മാത്രം ചെലവുവരുന്ന കാര്യത്തിന് സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ കൈവിലങ്ങിട്ടിരിക്കുന്നത്. ഇവയിലെ അമ്പതോളം അധ്യാപികമാര്‍ക്ക് ഇതിനകം തൂപ്പു ജോലി നല്‍കാന്‍ തീരുമാനിക്കുകയും അവരില്‍ ചിലര്‍ ജോലിയില്‍ ചുമതലയേല്‍ക്കുകയും ചെയ്തതോടെ ഏകാധ്യാപക വിദ്യാലയം എന്ന സംവിധാനംതന്നെ നാമാവശേഷമാകുകയാണ്. ഒ.വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലില്‍ ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ സരസമായി വിവരിച്ചിട്ടുള്ളത് വായിച്ചിട്ടുള്ളവരും പുതിയകാല ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികളുടെ ഭാവിയെക്കുറിച്ച് അറിവുള്ളവരും ഈ മണ്ടന്‍ തീരുമാനത്തിന്റെ വരുംവരായ്കകളെക്കുറിച്ച് വേവലാതിപ്പെടാതിരിക്കില്ല.
കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ ലാഭം ലക്ഷ്യമാക്കിയുള്ള ഇത്തരത്തിലൊരു തീരുമാനം പ്രഖ്യാപിച്ചത്. സത്യത്തില്‍ അതിനെത്രയോ മുമ്പുതന്നെ ഇവയിലെ അധ്യാപകരുടെ ശമ്പളം നല്‍കുന്ന കാര്യത്തില്‍ അഴകൊഴമ്പന്‍ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. 24 വര്‍ഷം സര്‍വീസുള്ള ഏകാധ്യാപിക തിരുവനന്തപുരം അമ്പൂരി സ്വദേശി ഉഷാകുമാരിയുടെ പുതിയ ജോലിയെക്കുറിച്ച് വര്‍ണനയുള്ള വാര്‍ത്തകളാണ് അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. അധ്യാപിക വൃത്തിയില്‍നിന്ന് തൂപ്പു ജോലിയിലേക്ക് എന്നതായിരുന്നു അത്. സര്‍ക്കാര്‍ തൊട്ടടുത്ത സ്‌കൂളില്‍ തൂപ്പുകാരിയുടെ ജോലി നല്‍കിയെങ്കിലും ഉഷാകുമാരിയുടെ പെന്‍ഷനും മറ്റും ഇന്നും അനിശ്ചിതത്വത്തിലാണ്. അതുപോലെ മറ്റ് മുന്നൂറോളം പേര്‍ക്കും. അരിയും വിറകും തലച്ചുമടായി കുന്നുകളും മലകളും ഇടവഴികളും താണ്ടി ഇഴജന്തുക്കളെയും കാട്ടുമൃഗങ്ങളെയും ഭയന്ന് അരികുവല്‍കരിക്കപ്പെട്ടവരും ആദിവാസികളുമായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരായുസോളം സേവിച്ചവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്ത അനീതിക്കെത്രയോ മടങ്ങ് വരും നൂറുകണക്കിനുവരുന്ന കുട്ടികളുടെ കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ട മനുഷ്യത്വരഹിതമായ തീരുമാനം.