കീവ്: യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങളുമായി പാശ്ചാത്യ ശക്തികള്‍ പിടിമുറുക്കുന്നു. എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് നിര്‍ത്തി റഷ്യയെ സാമ്പത്തികമായി കൂടുതല്‍ വീര്‍പ്പുമുട്ടിക്കാനുള്ള പദ്ധതികളാണ് യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. കല്‍ക്കരി ഇറക്കുമതി നിര്‍ത്തിവെക്കാനും നീക്കമുള്ളതായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചു. ഇതോടെ ശിക്ഷാ നടപടികള്‍ അവസാനിച്ചെന്ന് സമാധാനിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ റഷ്യയുടെ സ്വത്തു വകകള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദമിദ്രി മെദ്‌വദേവ് പറഞ്ഞു. കോടതികളില്‍ എണ്ണമറ്റ കേസുകളെ നേരിടേണ്ടിവരുമെന്ന് റഷ്യയുടെ എതിരാളികള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അന്താരാഷ്ട്ര കോടതികളിലും യു.എസ്, യൂറോപ്യന്‍ കോടതികളിലും അവര്‍ മറുപടി പറയേണ്ടിവരുമന്ന് മെദ്‌വദേവ് വ്യക്തമാക്കി.
അതേസമയം യുക്രെയ്‌ന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ സേന ആക്രമണം തുടരുകയാണ്. സാമ്പത്തിക, നയതന്ത്ര തലങ്ങളില്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്നത്. ഓസ്ലോയിലെ റഷ്യന്‍ എംബസിയില്‍നിന്ന് മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ നോര്‍വേ പുറത്താക്കി. നയതന്ത്ര പദവിക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നതെന്ന് നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രി ആരോപിച്ചു. റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന് യുക്രെയ്ന്‍ അംബാസഡറോട് ഹംഗറി വിശദീകരണം തേടി. യുദ്ധത്തില്‍ അഭയാര്‍ത്ഥികളായ പതിനായിരങ്ങളെ സ്വീകരിക്കുകയും യുക്രെയ്‌ന്റെ പരമാധികാരം അംഗീകരിക്കുകയും ചെയ്തിട്ടും ഹംഗറിയുടെ നേതാക്കളെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.