X

‘പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നുണകളുടെ സാമ്രാജ്യം’; ഉപരോധത്തില്‍ രൂക്ഷ വിമര്‍ശനവുമായി പുടിന്‍

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നുണകളുടെ സാമ്രാജ്യമാണെന്ന് വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റിന്റ് വ്‌ലാദിമിര്‍ പുടിന്‍. യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്ക് മേല്‍ കടുത്ത ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്‌ വ്‌ലാദിമിര്‍ പുടിന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളെ വിമര്‍ശിച്ചത്.

നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പുടിന്റെ അമര്‍ഷം. യുക്രൈന് ആയുധ സഹായം നല്‍കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ വിമര്‍ശിച്ച റഷ്യ തങ്ങളോടുള്ള വിദ്വേഷം മുഴുവന്‍ പ്രതിഫലിക്കുന്ന ഈ നടപടി അപകടകരമാണെന്നാണ് മുന്നറിയിപ്പ് നല്‍കി.

അതേസമയം ബ്രിട്ടണ്‍, അമേരിക്ക, കാനഡ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും റഷ്യക്ക് മേല്‍ ഉപരോധം കടുപ്പിക്കും. പുടിനെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള റഷ്യയിലെ ബാങ്കുകള്‍ക്ക് മേല്‍ യുഎസ് ഉപരോധം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് റഷ്യയുടെ 12 യു.എന്‍ പ്രതിനിധികളെ അമേരിക്ക പുറത്താക്കിയിട്ടുണ്ട്. ഈ മാസം ഏഴിനകം രാജ്യം വിടണമെന്നാണ് അമേരിക്കയുടെ നിര്‍ദേശം. അതേസമയം, അമേരിക്കയുടെ തീരുമാനം നീതികരിക്കാനാകാത്തതാണെന്ന് റഷ്യ പ്രതികരണം നടത്തി. റഷ്യന്‍ കപ്പലുകള്‍ക്ക് രാജ്യത്തെ തുറമുഖങ്ങളില്‍ ബ്രിട്ടണ്‍ വിലക്കേര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കാനഡ നിരോധിക്കുകയും ചെയ്തു. റഷ്യയെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വിലക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആവശ്യം ഉന്നയിച്ചു.

Test User: