X

പാശ്ചാത്യന്‍ മാധ്യമങ്ങള്‍ കണ്ണുള്ളവനെ അന്ധനാക്കുന്നത് തുടരുന്നു; സഊദിയില്‍ ലോകകപ്പ് ഫുട്ബോള്‍ സ്ംപ്രേഷണ വിലക്കെന്ന് വീണ്ടും വ്യാജന്‍

അശ്റഫ് തൂണേരി

ദോഹ:പാശ്ചാത്യന്‍ മാധ്യമങ്ങളും വാര്‍ത്താഏജന്‍സികളും രീതി മാറ്റി വീണ്ടും വ്യാജ വാര്‍ത്തക്ക് പിന്നാലെ. സഊദി അറേബ്യയില്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണത്തിന് വിലക്കെന്ന തലക്കെട്ടിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റോയിട്ടേഴ്സ് വാര്‍ത്താഏജന്‍സിയും ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ പത്രങ്ങളും അസംബന്ധ വാര്‍ത്തയുമായി രംഗത്തെത്തിയത്.

റോയിട്ടേഴ്സ് വാര്‍ത്തയുടെ ഉള്ളടക്കത്തിലൊരിടത്ത് തന്നെ യഥാര്‍ത്ഥ സംഭവം വിശദീകരിക്കുന്നുണ്ടെങ്കിലും വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സൗദി അറേബ്യയില്‍ നിന്ന് ടോഡ്.ടി.വി പേജ് ആക്സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എഴുതിക്കാണിക്കുന്നത് ഇതാണ്: ”ക്ഷമിക്കണം, അഭ്യര്‍ത്ഥിച്ച പേജ് മാധ്യമ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നു”. സാറ്റലൈറ്റ് വഴി പൊതുവെ ബിഇന്‍ ചാനല്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്- എന്ന് റോയിട്ടേഴ്സ് തന്നെ വാര്‍ത്തയുടെ ഉള്ളടകത്തില്‍ വിശദീകരിക്കുന്നു.

അതേസമയം ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ സംപ്രേഷണത്തിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയെന്ന വാസ്തവ വിരുദ്ധ വാര്‍ത്തയാണ് മൊത്തത്തില്‍ പ്രചരിക്കുന്നത്. ടോഡ്.ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് മാത്രമാണ് സഊദിഅറേബ്യയില്‍ തടസ്സപ്പെടുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതിയില്ലാത്തതാണ് തടസ്സപ്പെടാന്‍ കാരണം. സൗദി അറേബ്യയില്‍ ബിഇന്‍ സ്പോര്‍ട്സിലൂടെയുള്ള ലൈവ് സംപ്രേഷണം കൃത്യമായി ലഭിക്കുന്നുണ്ട്. പബ്ലിക് സ്‌ക്രീനുകളിലടക്കം ഇത് ഔദ്യോഗികമായി തന്നെ സൗദി അറേബ്യന്‍ അധികൃതരുടെ നേതൃത്വത്തില്‍ കളികള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ”ബിഇന്‍ സ്പോര്‍ട്സിലൂടെ കളി ലഭിക്കുന്നുണ്ട്. ഇപ്പോള്‍ എന്റെ ഒരു സുഹൃത്ത് അവിടെ കളി കാണുകയാണ്. മൊറോക്കോയും ബെല്‍ജിയവും തമ്മിലുള്ള കളിയാണ് കാണുന്നത്. ഒരു തടസ്സുവുമില്ല.”- ഖത്തറിലെ കോര്‍ണിഷിലുള്ള സഊദിഹൗസില്‍ നിന്നും സഊദി മാധ്യമപ്രവര്‍ത്തകനായ ഹാരിദ് ഷെഹ്റാനി ചന്ദ്രികയോട് പറഞ്ഞു.

ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ടോഡ്.ടിവിയുടെ സ്ട്രീമിംഗ് മുടങ്ങിയിരുന്നു. എന്നാല്‍ പോളണ്ടിനെതിരെ സൗദി തോറ്റതോടെയാണ് സംപ്രേഷണം തടഞ്ഞത് എന്ന മട്ടിലാണ് തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് മലയാളമടക്കമുള്ള ചില മാധ്യമങ്ങളും തൊണ്ടതൊടാതെ ഇതുവിഴുങ്ങുന്നുണ്ട്. ലോകകപ്പ് കളികള്‍ നിയമവിരുദ്ധമായി സ്ട്രീം ചെയ്യുന്ന വിവിധ ആപ്പുകള്‍ക്ക് എല്ലാ രാജ്യങ്ങളിലും വിലക്കുണ്ടെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍. പല ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ചില മാധ്യമങ്ങളും ഈ തെറ്റായ വാര്‍ത്ത ഏറ്റെടുത്ത് സഊദിക്കും ഖത്തറിനുമെതിരെ പ്രചാരണം ശക്തമാക്കുന്നുണ്ട്. ടോഡ്.ടിവി ബിഇന്‍ സ്പോര്‍ട്സിന്റെ മൊബൈല്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനമാണ്. മിഡില്‍ ഈസ്റ്റിലേയും നോര്‍ത്ത് ആഫ്രിക്കയിലേയും പ്രമുഖ മാധ്യമ ഗ്രൂപ്പായ എം.ബി.സിയുടെ സമാന പ്ലാറ്റ്ഫോമും ലക്ഷക്കണക്കിന് വരിക്കാരുമുള്ള ഷാഹിദുമായി മത്സര രംഗത്തുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് കൂടിയാണ് ടോഡ്.ടി.വി.

Test User: