ജറൂസലേം: അധിനിവേശ വെസ്റ്റ്ബാങ്കില്‍ പുതിയ ജൂത കുടിയേറ്റത്തിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് പുതിയ കുടിയേറ്റത്തിന് ഇസ്രാഈല്‍ അംഗീകാരം നല്‍കുന്നത്. ഫലസ്തീനിയന്‍ പട്ടണമായ നാബുലസിന് സമീപത്തെ ഗോയിലത്ത് മേഖല എന്നറിയപ്പെടുന്ന കുന്നിന്‍ പ്രദേശത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുതായി അനുമതി നല്‍കിയിരിക്കുന്നത്.
40 കുടുംബങ്ങള്‍ക്കാണ് ഇവിടെ ഭവന നിര്‍മാണത്തിന് അനുമതി. ഈ കുടുംബങ്ങളുടെ വസതികള്‍ നേരത്തെ അനധികൃത നിര്‍മാണത്തെ തുടര്‍ന്ന് ഇസ്രാഈല്‍ നീക്കം ചെയ്തിരുന്നു. അതേ സമയം ഇസ്രാഈലിന്റെ നീക്കം അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഫലസ്തീന്‍ ആരോപിച്ചു. അന്താരാഷ്ട്ര സമൂഹം പ്രശ്‌നത്തില്‍ ഇടപെടണമെന്നും ഫലസ്തീന്‍ അഭ്യര്‍ത്ഥിച്ചു. ജൂത കുടിയേറ്റ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ ട്രംപ് അധികാരമേറ്റതിനു ശേഷം ജൂത കുടിയേറ്റ മേഖലകളിലെ ആയിരത്തോളം വീടുകള്‍ക്കാണ് ഇസ്രാഈല്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും 1967ലെ ഇസ്രാഈലി അധിനവേശത്തിനു ശേഷം ഫലസ്തീനില്‍ നിന്നും പിടിച്ചെടുത്ത 140 കുടിയേറ്റ സ്ഥലങ്ങളിലായി 600,000 ജൂതന്‍മാര്‍ക്ക് വസതികള്‍ നിര്‍മിക്കാന്‍ ഇസ്രാഈല്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. അതേ സമയം ഇസ്രാഈലി കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായാണ് കണക്കു കൂട്ടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിരുദ്ധ അഭിപ്രായമാണ് ഇസ്രാഈലിന്. വെസ്റ്റ് ബാങ്കില്‍ ഇസ്രാഈലി സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ 97 കുടിയേറ്റങ്ങളുള്ളതായാണ് ഇസ്രാഈല്‍ അധിനിവേശ വിരുദ്ധ സംഘടനയായ പീസ് നൗ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമെ 1992 ഭവനങ്ങള്‍ നിര്‍മിക്കുന്നതിനായി ഇസ്രാഈല്‍ ടെണ്ടറുകള്‍ക്ക് അംഗീകാരം നല്‍കിയതായും 100 ഹെക്ടര്‍ സ്ഥലം പൊതു ഭൂമിയായി അംഗീകരിച്ചതായും സംഘടന പറയുന്നു. ഫലസ്തീന്‍ മേഖലകളില്‍ അനധികൃതമായി ഇസ്രാഈല്‍ നിരന്തരം ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും 1990നു ശേഷം ഇതാദ്യമായാണ് ഔദ്യോഗികമായി കുടിയേറ്റത്തിന് ഇസ്രാഈല്‍ അംഗീകാരം നല്‍കുന്നത്.
സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പ്രവര്‍ത്തിക്കാതെ അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തി കുടിയേറ്റത്തിന് അനുമതി നല്‍കുക വഴി ഇസ്രാഈല്‍ അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനാന്‍ അഷ്‌റാവി പറഞ്ഞു. ഇസ്രാഈലിന്റെ തീരുമാനം ഭീതിജനകവും നിരാശ പടര്‍ത്തുന്നതുമാണെന്നായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസിന്റെ വക്താവിന്റെ പ്രതികരണം.