കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറാതെ ബി.ജെ.പി. കൊല്‍ക്കത്ത ലാല്‍ ബസാറിലെ പൊലീസ് ആസ്ഥാനത്തക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു എന്നാരോപിച്ചായിരുന്നു സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധം.
വെല്ലിങ്ടണ്‍ ഏരിയയില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സംസ്ഥാനത്തെ 18 ബി.ജെ.പി എം.പിമാരും ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയ വര്‍ഗീയ, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയ മുകുള്‍ റോയ് തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാല്‍ ബിപിന്‍ ബിഹാരി ഗാംഗുലി സ്ട്രീറ്റില്‍ ബാരികേഡുകള്‍ വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അക്രമികള്‍ പൊലീസിന് നേരെ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. ഇതോടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. മമതാ ബാനര്‍ജി കാരണമാണ് ബംഗാളില്‍ അക്രമങ്ങള്‍ അരങ്ങേറുന്നതെന്നും അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് മമത ഒഴിവാക്കണമെന്നും കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. ബി.ജെ.പി രാജ്യത്ത് എല്ലായിടത്തുമുണ്ട്. എന്നാല്‍ ബംഗാളില്‍ മാത്രമാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. അതിനു കാരണം മമതയാണ്- വിജയവര്‍ഗിയ കുറ്റപ്പെടുത്തി. അതേസമയം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷം വ്യാപകമായിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്.
ബാസിര്‍ഹട്ട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് എത്തിക്കാന്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ക്രമസമാധാന സ്ഥിതി കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ബംഗാള്‍ സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയാണിതെന്നായിരുന്നു തൃണമൂലിന്റെ പ്രതികരണം.
സംഘര്‍ഷമൊഴിയാതെ ബംഗാള്‍; ബി.ജെ.പി റാലി അക്രമാസക്തം
Tags: west bengal