ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തത് പശ്ചിമ ബംഗാളിലെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. ബംഗാളില്‍ 3576 കേസുകളും രാജസ്ഥാനില്‍ 1422 കേസുകളും 2016ല്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ഗുജറാത്തില്‍ 548 കേസും മഹാരാഷ്ട്രയില്‍ 517 കേസുകളുമാണുണ്ടായത്. കഴിഞ്ഞവര്‍ഷം രാജ്യത്താകമാനം രജിസ്റ്റര്‍ ചെയ്തത് 8132 കേസുകളാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 75 കേസുകളില്‍ 66 ഉം ഡല്‍ഹിയിലാണ്. ദക്ഷിണേന്ത്യയില്‍ ഒന്നാംസ്ഥാനം തമിഴ്‌നാടിനാണ്. 434 കേസുകള്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കര്‍ണാടകയില്‍ 404 കേസുകളുണ്ട്. ആന്ധ്ര (239), തെലങ്കാന (229), ജാര്‍ഖണ്ഡ് (109), ആസാം (91), ഒഡീഷ (84), ഉത്തര്‍പ്രദേശ് (79), മധ്യപ്രദേശ് (51), ബിഹാര്‍ (43) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. കേരളത്തില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ ഉത്തരാഖണ്ഡ് (12), ഹിമാചല്‍പ്രദേശ് (8), മേഘാലയ (7), മണിപ്പൂര്‍ (3), മിസോറാം (2), അരുണാചല്‍പ്രദേശ് (2), സിക്കിം (1). ജമ്മു കശ്മീര്‍, ത്രിപുര, നാഗാലാന്റ്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങള്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. മനുഷ്യക്കടത്ത് തടയാന്‍ ചില സംസ്ഥാനങ്ങളില്‍ സ്‌ക്വാഡുകളുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടുണ്ട്.