ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ഈയിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 20000ത്തോളം സീറ്റുകളില്‍ എതിരില്ലാതെ ഏകപക്ഷീയമായി വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ ഉത്തരവ്.
വോട്ടെടുപ്പില്ലാതെതന്നെ വിജയിച്ച തെരഞ്ഞെടുപ്പ് വിധിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ആശ്വാസമായ വിധിയുണ്ടായത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കോടതി വോട്ടെടുപ്പ് നടക്കാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട സീറ്റുകളിലെ വിജയം സംബന്ധിച്ച ഉത്തരവ് ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയില്‍ 58,692 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 20,178 തദ്ദേശ സീറ്റുകളിലാണ് തൃണമൂല്‍ മത്സരമില്ലാതെ ഏകപക്ഷീയമായി ജയിച്ചുകയറിയത്.
എന്നാല്‍ ഏകപക്ഷീയമായ വിജയം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റ ആക്രമണ തന്ത്രം മൂലമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. എതിര്‍ കക്ഷികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തി തടഞ്ഞുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇതിനാല്‍ ത്‌നനെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും സി.പി.എമ്മം ആവശ്യപ്പെടുകയായിരുന്നു.
ബംഗാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സ്പെഷല്‍ ലീവ് പെറ്റീഷനിലാണ് കോടതി ഉത്തരവ്. അതേസമയം ആരോപണത്തിന്‍രെ ഗൗരവം കണക്കിലെടുത്ത് തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമണത്തെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് പരാതി നല്‍കാന്‍ കോടതി 30 ദിവസം സമയം അനുവദിച്ചു.
ഭീഷണിയെ തുടര്‍ന്ന് മത്സരിക്കുന്നതില്‍ നിന്നും തടയപ്പെട്ട വ്യക്തികള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് നിയപരമായ പരിഹാരം തേടാമെന്നും കോടതി അറിയിച്ചു.