കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഏപ്രില്‍ 16 വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 16ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികളില്‍ കോടതി തീരുമാനമെടുക്കുക.
നാമനിര്‍ദേശ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
മെയ് 1,3,5 തിയതികളിലാണ് ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് എട്ടിനാണ് ഫലപ്രഖ്യാപനം. 3358 ഗ്രാമ പഞ്ചായത്തുകളിലെ 48751സീറ്റുകളിലും 341 പഞ്ചായത്ത് സമിതികളിലെ 9240 സീറ്റുകളിലും 20 ജില്ലാ പരിഷത്തുകളിലെ 825 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.