X
    Categories: indiaNews

ബംഗാള്‍; മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ച് കേന്ദ്രം

ഡല്‍ഹി: ബംഗാള്‍ സന്ദര്‍ശനവേളയില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രാലയം കേന്ദ്രത്തിലേക്കു തിരിച്ചുവിളിച്ചു. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി കേന്ദ്രം പരോക്ഷ അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. നഡ്ഡയുടെ വാഹനവ്യൂഹത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള നടപടികളാണ് വിവാദമായിരിക്കുന്നത്.

അതേസമയം, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്‌ക്കെഴുതിയ കത്തില്‍ തൃണമൂലിന്റെ ലോക്‌സഭാ ചീഫ് വിപ് കല്യാണ്‍ ബാനര്‍ജി, ആഭ്യന്തര മന്ത്രി അമിത് ഷായെ നിശിതമായി വിമര്‍ശിച്ചു. പരോക്ഷമായി അടിയന്തരാവസ്ഥ നടപ്പാക്കുന്നുവെന്ന് ആരോപിച്ച ബാനര്‍ജി, അമിത് ഷായും ഭല്ലയുമുള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ലെന്നും പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനനില വിശദീകരിക്കാന്‍ നാളെ ഡല്‍ഹിയിലെത്താന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരെ ഡല്‍ഹിയിലേക്കു വിടേണ്ടതില്ലെന്നു മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനു പിന്നാലെയാണ്, സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റാനുള്ള തീരുമാനം.

ഇതിനിടെ, ബംഗാളില്‍ നിന്നുള്ള 260 ല്‍ അധികം പരാതികളില്‍ സംസ്ഥാന സര്‍ക്കാര്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ അവ ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുമെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ കൊല്‍ക്കത്തയില്‍ പറഞ്ഞു.

 

Test User: