X

ബംഗാളിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലെ ഡോക്ടര്‍മാരും; പണിമുടക്ക് രോഗികളെ ബാധിച്ചു

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ.എം.ഒ ദേശീയ തലത്തില്‍ നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരം നടത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു കേരളത്തിലെ ഡോക്ടര്‍മാര്‍ ഇന്നലെ മെഡിക്കല്‍ ഒ.പികള്‍ ബഹിഷ്‌കരിച്ചത്. സര്‍ക്കാര്‍ പ്രാദേശിക ആസ്പത്രികളില്‍ രാവിലെ 8 മുതല്‍ 10 വരേയും മെഡിക്കല്‍ കോളജുകളില്‍ 10 മുതല്‍ 11 വരേയായിരുന്നു ബഹിഷ്‌കരണം.

ദേശീയ മെഡിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോളേജ് വിദ്യാര്‍ത്ഥി യൂണിയനേയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തികൊണ്ടായിന്നു പ്രതിഷേധം. 11 മണിക്ക് ശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി തലയില്‍ ബാന്റ് അണിഞ്ഞാണ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍, സ്വകാര്യ ആസ്പത്രികളില്‍ അത്യാഹിത സേവനങ്ങള്‍ ഒഴികെ 24 മണിക്കൂര്‍ നീളുന്ന പണിമുടക്കായിരുന്നു. അത്യാഹിത വിഭാഗവും ലേബര്‍ റൂമും പ്രവര്‍ത്തിച്ചു.

എന്നാല്‍ പണി മുടക്കിയ പലരും ഉച്ചക്കു ശേഷം തങ്ങളുടെ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തി. ആസ്പത്രികളില്‍ പോകാതെ സമരമായിട്ടും തങ്ങളുടെ വീട്ടിലെത്തിയ രോഗികള്‍ക്ക് സ്വകാര്യ സേവനം നല്കിയ കാഴ്ച ഇന്നലെ മിക്ക സ്ഥലത്തുമുണ്ടായിരുന്നു. സമരത്തെ കുറിച്ച് അറിയാതെ രാവിലെ തന്നെ കോഴിക്കോട് ബീച്ചാസ്പത്രിയില്‍ എത്തിയ രോഗികള്‍ വലഞ്ഞു. ചികിത്സക്കായി എത്തിയ നൂറുകണക്കിന് രോഗികളാണ് മണിക്കൂറുകളോളം ആസ്പത്രികളില്‍ ചികിത്സക്കായി സമരം കാരണം കാത്തുനിന്നത്.

chandrika: