X
    Categories: MoreViews

പശ്ചിമേഷ്യന്‍ സമാധാന കരാര്‍: അബ്ബാസിന് കാര്യപ്രാപ്തിയില്ലെന്ന് യു.എസ്

 

ജറൂസലം: ഫലസ്തീനില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അമേരിക്ക അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫലസ്തീന്‍ നേതൃത്വം ആരോപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നറുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഫലസ്തീന്‍ കൂടിയാലോചകന്‍ സ്വാഇബ് അരീഖാത്് അമേരിക്കക്കെതിരെ ആഞ്ഞടിച്ചു. ഫലസ്തീന്‍-ഇസ്രാഈല്‍ സമാധാന പ്രക്രിയയില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് അബ്ബാസ് അയോഗ്യനാണെന്ന് കുഷ്‌നര്‍ കുറ്റപ്പെടുത്തിയിരുന്നു. ഒരാഴ്ച നീണ്ട പശ്ചിമേഷ്യന്‍ പര്യടനത്തിന് ശേഷമാണ് കുഷ്‌നറും വൈറ്റ്ഹൗസ് പ്രതിനിധി ജേസന്‍ ഗ്രീന്‍ബ്ലാറ്റും അബ്ബാസിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇസ്രാഈല്‍, ജോര്‍ദാന്‍, ഖത്തര്‍, ഈജിപ്ത്, സഊദി അറേബ്യ തലവന്മാരുമായി കുഷ്‌നറും ഗ്രീന്‍ബ്ലാറ്റും ചര്‍ച്ച നടത്തിയിരുന്നു. അബ്ബാസിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയോ അല്ലാതെയോ യു.എസ് ഭരണകൂടം ഉടന്‍ തന്നെ ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാന പദ്ധതി അവതരിപ്പിക്കുമെന്ന് ഒരു അറബി പത്രത്തിനുള്ള അഭിമുഖത്തില്‍ കുഷ്‌നര്‍ പറഞ്ഞു. സമാധാന കരാറുണ്ടാക്കാന്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റിന് കാര്യപ്രാപ്തിയില്ലെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. അമേരിക്കയുടെ ഇസ്രാഈല്‍ അനുകൂല നിലപാടുകളെ അംഗീകരിക്കാന്‍ തയാറാവാത്തതാണ് അമേരിക്ക അബ്ബാസിനെ തള്ളിപ്പറയാന്‍ കാരണം. ‘കഴിഞ്ഞ 25 വര്‍ഷമായി അബ്ബാസ് ഒരേ പോയിന്റുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ സമാധാന കരാര്‍ സാധ്യമല്ല. പ്രഖ്യാപിത നിലപാടുകള്‍ക്കിടയില്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ രൂപത്തിലാണ് കരാറുണ്ടാക്കേണ്ടത്. പ്രസിഡന്റ് അബ്ബാസിന് അതിന് സാധിക്കുമെന്ന് തോന്നുന്നില്ല’-കുഷ്‌നര്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി അധിനിവേശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്രാഈലിനെതിരെ ചെറിയൊരു പരാമര്‍ശം പോലും അദ്ദേഹം നടത്തിയില്ല. ഫലസ്തീന്‍ നേതൃത്വത്തെ പ്രതിക്കൂട്ടില്‍നിര്‍ത്തി സംസാരിച്ച കുഷ്‌നറെ രൂക്ഷമായ ഭാഷയിലാണ് അരീഖാത് വിമര്‍ശിച്ചത്. ഫലസ്തീനില്‍ യു.എസ് ഭരണമാറ്റത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ശേഷം ട്രംപ് ഭരണകൂടവുമായുള്ള ആശയവിനിമയങ്ങള്‍ അബ്ബാസ് വിച്ഛേദിച്ചിരിക്കുകയാണ്.

chandrika: