X
    Categories: MoreViews

വെസ്‌ലി സ്‌നൈഡര്‍ ഇനി ഗറാഫയുടെ താരം; പത്താംനമ്പര്‍ ജഴ്‌സിയില്‍ കളിക്കും

വെസ്‌ലി സ്്‌നൈഡര്‍ ഗറാഫ ടീമിലെ തന്റെ പത്താം നമ്പര്‍ ജഴ്‌സി അവതരിപ്പിക്കുന്നു

ദോഹ: അല്‍ഗറാഫ ടീമംഗമായി വിഖ്യാത ഡച്ച് ഫുട്‌ബോള്‍ താരം വെസ്‌ലി സ്‌നൈഡറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ദോഹയില്‍ അല്‍ഗറാഫ ക്ലബ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. അടുത്ത ഒന്നരവര്‍ഷക്കാലം അല്‍ഗറാഫയ്ക്കുവേണ്ടിയായിരിക്കും സ്‌നൈഡര്‍ ബൂട്ടണിയുക. ഗറാഫയില്‍ പത്താം നമ്പര്‍ ജഴ്‌സിയിലായിരിക്കും സ്‌നൈഡര്‍ കളിക്കുക. പുതിയ ജഴ്‌സിയുടെ പ്രകാശനവും നടന്നു. ഗറാഫയ്ക്കുവേണ്ടി ഖത്തറില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും ഇവിടെ കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും നെതര്‍ലന്‍ഡിനെ 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 33കാരനായ സ്‌നൈഡര്‍ പറഞ്ഞു. ഗറാഫയില്‍ പുതിയ കുട്ടികള്‍ക്ക് വിദഗ്ദ്ധപരിശീലനം നല്‍കുന്നതിനും അവരെ സാങ്കേതികമായി ഉയര്‍ത്തുന്നതിനുമുള്ള സന്നദ്ധതയും സ്‌നൈഡര്‍ പ്രകടിപ്പിച്ചു. സ്‌നൈഡറിനെ അവതരിപ്പിക്കുന്ന ചടങ്ങില്‍ ഗറാഫ ക്ലബ്ബിന്റെ നേട്ടങ്ങള്‍ഉള്‍പ്പെടുത്തി വീഡിയോയും സ്‌നൈഡറുടെ കരിയറിലെ മികച്ച പ്രകടനങ്ങളും ഗോളുകളും കോര്‍ത്തിണക്കിയ വീഡിയോയും പ്രദര്‍ശിപ്പിച്ചു.

മുന്‍അല്‍ഗറാഫ താരങ്ങളായ മഹ്മൂദ് സോഫിയും ആദല്‍ ഖമീസുമാണ് പത്താംനമ്പര്‍ ജഴ്‌സി സ്‌നൈഡര്‍ക്ക് കൈമാറിയത്. നിലവില്‍ വിഖ്യാത സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസ് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍സദ്ദിനായി കളിക്കുന്നുണ്ട്. ആറാം നമ്പര്‍ ജഴ്‌സിയിലാണ് സാവി കളിക്കുന്നത്. സ്‌നൈഡറുമായി കരാര്‍ ഒപ്പുവയ്ക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഗറാഫ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഫുട്‌ബോള്‍ തലവന്‍ മഹ്മൂദ് അല്‍ഗസാല്‍ പറഞ്ഞു. മഹാനായ കളിക്കാരനെ ഒപ്പം ചേര്‍ക്കാനായതില്‍ ആഹ്ലാദമുണ്ട്. നാലു വര്‍ഷം മുന്‍പുതന്നെ സ്‌നൈഡറുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അവസാനം ഇപ്പോള്‍ ഒപ്പുവയ്ക്കാനായതില്‍ അത്യധികമായ സന്തോഷമുണ്ട്. ടീമിന് വലിയ മുതല്‍ക്കൂട്ടാകും സ്‌നൈഡറുടെ സാന്നിധ്യം. യുവതാരങ്ങള്‍ക്ക് പ്രചോദനമാകും. സ്‌നൈഡറാകും ടീം ക്യാപ്റ്റന്‍- അല്‍ഗസാല്‍ പറഞ്ഞു.

അല്‍ഗറാഫയെ എല്ലാതലത്തിലും സഹായിക്കുമെന്ന് സ്‌നൈഡര്‍ പറഞ്ഞു. തന്റെ അനുഭവസമ്പത്തും വൈദഗ്ദ്ധ്യവും ഗറാഫയ്ക്കായി ചെലവഴിക്കും. ഇവിടെ പരിശീലനത്തിനും ടീമിനെ സഹായിക്കാനുമായി കാത്തിരിക്കുന്നു. ടീമിന്റെ മികവ് വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. നല്ല നിലവാരമുള്ള യുവതാരങ്ങള്‍ ഇവിടെയുണ്ട്.അവര്‍ക്ക് മികച്ച പരിശീലനം നല്‍കും. വരുന്ന സീസണ്‍ മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്നും സ്‌നൈഡര്‍ പറഞ്ഞു.

തന്റെ കൂടുമാറ്റത്തെക്കുറിച്ച് പല ഉഹാപോഹങ്ങളും കേട്ടിരുന്നു. അമേരിക്കയിലേക്കും ചൈനയിലേക്കും മറ്റിടങ്ങളിലേക്കുമെല്ലാം പോകുന്നുവെന്ന വിധത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഖത്തറിലേക്ക് പോകുന്നുവെന്നത് ഒരിടത്തും വായിച്ചില്ല. ഫുട്‌ബോള്‍ കളിക്കുകയെന്നതാണ് ഇവിടേക്കു വരാനുള്ള ചോയ്‌സെന്നും സ്‌നൈഡര്‍ പറഞ്ഞു. ഖത്തറിലെ സുഹൃത്ത് അനൗര്‍ ദിബയില്‍ നിന്നും ഇവിടത്തെ സാഹചര്യങ്ങളെക്കുറിച്ചും ഫുട്‌ബോള്‍ അന്തരീക്ഷത്തെക്കുറിച്ചുമെല്ലാം മനസിലാക്കാനായതായും സ്‌നൈഡര്‍ പറഞ്ഞു. 20104ലും 2018ലും ഹോളണ്ടിന് ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാത്തത് ലജ്ജാകരമാണെന്ന് പറഞ്ഞ സ്‌നൈഡര്‍ ഖത്തര്‍ ലോകകപ്പ് യോഗ്യതയ്ക്കായി ശ്രമിക്കുമെന്നും പറഞ്ഞു.

നെതര്‍ലന്‍ഡ് ദേശീയ ടീമിന് വേണ്ടി 133 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്‌നൈഡര്‍ അടുത്ത സീസണിലും ഗറാഫയ്‌ക്കൊപ്പമുണ്ടാകും. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്‌നൈഡറുടെ സാന്നിധ്യമുണ്ടാകും. ഈ സീസണിന്റെ തുടക്കത്തില്‍ തുര്‍ക്കിയിലെ ഗലാറ്റ്‌സരെയില്‍ നിന്നാണ് ഫ്രാന്‍സിലെ ഓജിസി നൈസ് ടീമില്‍ സ്‌നൈഡര്‍ എത്തുന്നത്. അവിടെനിന്നാണ് ഖത്തറിലേക്കുള്ള കൂടുമാറ്റം.

chandrika: