കെ. മൊയ്തീന്‍കോയ
സിറിയയിലെ കുര്‍ദു പോരാളികള്‍ക്ക് ആയുധം ഉള്‍പ്പെടെ സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനം മേഖലയില്‍ പുതിയ തലവേദന സൃഷ്ടിക്കുന്നു. തുര്‍ക്കി പരസ്യമായി അമേരിക്കക്ക് എതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഇറാഖും ഇറാനും സിറിയയും അമേരിക്കയുടെ നിലപാടില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് പാശ്ചാത്യ സ്വാധീനമുള്ള ‘കുര്‍ദ്ദിസ്ഥാന്‍’ മുന്നില്‍ കണ്ടുള്ള അമേരിക്കയുടെ തന്ത്രം അപകടകരമായ പതനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക എന്നാണ് രാഷ്ട്രീയ ചിന്തകരുടെ വിലയിരുത്തല്‍.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ വംശീയ ന്യൂപക്ഷമായ കുര്‍ദു വംശജര്‍, ഇറാഖിനും തുര്‍ക്കിക്കും ഇറാനും സിറിയക്കും അസ്വസ്ഥത സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം പാശ്ചാത്യാനുകൂലികളായി വിശേഷിപ്പിക്കപ്പെടുന്ന ഇവര്‍ക്ക് വടക്കന്‍ മേഖലയില്‍ സ്വയംഭരണ പ്രവിശ്യ ‘കുര്‍ദ്ദിസ്ഥാന്‍’ എന്ന പേരില്‍ സ്ഥാപിക്കപ്പെട്ടു. ഇറാഖീ ഭരണകൂടത്തില്‍ ഭരണഘടനയനുസരിച്ച് പ്രസിഡണ്ട് സ്ഥാനം സുന്നികള്‍ക്ക് ആണ്. പ്രധാനമന്ത്രി ശിയയും പാര്‍ലമെന്റ് സ്പീക്കര്‍ സ്ഥാനം കുര്‍ദുകള്‍ക്കുമാണ്. സ്വയംഭരണ കുര്‍ദ്ദിസ്ഥാന്‍ സ്വതന്ത്ര രാജ്യത്തിന് തുല്യമായ അവകാശത്തോടെ പ്രവര്‍ത്തിക്കുന്നു. മേഖലയിലാകെ 35 മില്യണ്‍ കുര്‍ദു വംശജരുണ്ട്. നാല് മുസ്‌ലിം രാജ്യങ്ങള്‍ക്ക് പുറമെ അര്‍മേനിയയുടെ അതിര്‍ത്തിയിലും ഇവരുടെ സ്വാധീന കേന്ദ്രങ്ങളുണ്ട്. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ‘കുര്‍ദ്ദിസ്ഥാനെ’ വിവിധ രാജ്യങ്ങള്‍ക്ക് ആണ് വിഭജിച്ച് നല്‍കിയത് 1920-ല്‍ കോളനി വാഴ്ച നടത്തിയ ഫ്രാന്‍സും മറ്റ് പാശ്ചാത്യ നാടുകളുമാണ്. പഴയ കുര്‍ദ്ദിസ്ഥാന്‍ പുനഃസ്ഥാപിക്കപ്പെടുക എന്നാണ് കുര്‍ദുകള്‍ ലക്ഷ്യം വെക്കുന്നത്. അതിന് വേണ്ടിയുള്ള സായുധ പോരാട്ടത്തിലാണ് കുര്‍ദുകള്‍. സിറിയയിലെ ഐ.എസ് സ്വാധീന കേന്ദ്രമായ റഖാ പ്രവിശ്യ തിരിച്ച്പിടിക്കാനാണത്രെ കുര്‍ദുകള്‍ക്ക് അമേരിക്ക ആയുധം നല്‍കുന്നത്. സിറിയന്‍ കുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടി (പി.വൈ.ഡി) ആണ് ഐ.എസിന് എതിരെ പോരാട്ടം നയിക്കുന്നത്. തുര്‍ക്കിയില്‍ നിരന്തരം അസ്വസ്ഥത സൃഷ്ടിക്കുകയും കലാപം നടത്തുകയും ചെയ്യുന്ന പി.കെ.കെ എന്ന കുര്‍ദ്ദിഷ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സായുധ വിഭാഗമാണ് സിറിയയിലെ പി.വൈ.ഡി.
1978-ല്‍ അബ്ദുല്ല ഓക്‌ലോവിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട പി.കെ.കെ, 1984 മുതല്‍ സായുധ പോരാട്ടത്തിലാണ്. ഇടക്കാലത്ത് പി.കെ.കെയെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തുര്‍ക്കിയിലെ എ.കെ പാര്‍ട്ടി ഭരണകൂടം ശ്രമിച്ചു. അബ്ദുല്ല ജയില്‍ മോചിതനായി. കുര്‍ദ്ദിഷ് ഭാഷക്ക് ഭരണഘടന പദവി ലഭിച്ചു. കുര്‍ദു വിഭാഗത്തിന്റെ ആവശ്യങ്ങളില്‍ മിക്കവയും അംഗീകരിച്ച് 2015-ല്‍ കരാറിലെത്തി. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ യൂണിയന്‍ നേതൃത്വം മുന്നോട്ട് വെച്ച ഉപാധികള്‍ അനുസരിക്കുക കൂടിയായിരുന്നു തുര്‍ക്കി. പക്ഷെ, അവസരങ്ങള്‍ വളരെയേറെ ലഭിക്കുകയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന കക്ഷികളില്‍ ഒന്നായി പി.കെ.കെ വളരുകയും ചെയ്തുവെങ്കിലും കുര്‍ദുകള്‍ ആയുധം താഴെ വെച്ചില്ല. സ്‌ഫോടനം തുര്‍ക്കിയുടെ പല ഭാഗങ്ങളിലും ആവര്‍ത്തിച്ചപ്പോള്‍ എ.കെ പാര്‍ട്ടി സര്‍ക്കാര്‍, കുര്‍ദുകള്‍ക്ക് നേരെ കടുത്ത നടപടിയിലേക്ക് നീങ്ങി. സിറിയന്‍ കുര്‍ദുകള്‍ വഴി തുര്‍ക്കി കുര്‍ദുകള്‍ക്ക് ആയുധം എത്തുമെന്ന് തുര്‍ക്കി നേതൃത്വം തിരിച്ചറിയുന്നത് കൊണ്ടാണത്രെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സിറിയയില്‍ അസദ് ഭരണകൂടത്തിന് എതിരെ തുര്‍ക്കിക്കും അമേരിക്കക്കും ഒരേ നയമാണെങ്കിലും കുര്‍ദുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ തുര്‍ക്കി അനുകൂലിക്കുന്നില്ല. ഇത്തരം നീക്കം രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്നാണ് തുര്‍ക്കി നിലപാട്. അസദ് ഭരണകൂടത്തിനും അതോടൊപ്പം ഐ.എസ് ഭീകരര്‍ക്കും എതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ സഹായത്തോടെ പോരാട്ടം തുടരുന്നുണ്ട്. സമാധാന ചര്‍ച്ച മറുവശത്തും നടന്നുവരുന്നു.
രാജ്യത്തിനകത്ത് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ പ്രദേശത്തെ കുര്‍ദു മേഖലകളില്‍ പലപ്പോഴും തുര്‍ക്കി വ്യോമാക്രമണം നടത്താറുണ്ട്. അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുമ്പോള്‍ തന്നെ തുര്‍ക്കി ‘അടിമ’ രാജ്യമാകാന്‍ ആഗ്രഹിക്കുന്നില്ലത്രെ. എ.കെ പാര്‍ട്ടി സര്‍ക്കാര്‍ റജബ് തയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ശേഷം വ്യക്തിത്വം നിലനിര്‍ത്താന്‍ ശ്രമിച്ചുവരികയാണല്ലോ. അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തില്‍ അംഗമായി തുടരുന്ന തുര്‍ക്കി, ഇപ്പോള്‍ സിറിയയിലെ സമാധാന ചര്‍ച്ചയില്‍ റഷ്യ, ഇറാന്‍ രാഷ്ട്രങ്ങള്‍ക്കൊപ്പം നടത്തുന്ന നീക്കം ട്രംപ് ഭരണകൂടത്തിന് ഇഷ്ടപ്പെടില്ല. ഇസ്രാഈലിന് എതിരെ ശക്തമായ നിലപാടും തുര്‍ക്കി ഭരണകൂടത്തിനുണ്ട്. ഫലസ്തീന്‍ സമൂഹത്തിന് ഒപ്പമാണ് തുര്‍ക്കി എന്നും തെളിയിച്ചു. ഉറുദുഗാന്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കിട്ടാവുന്ന അവസരങ്ങള്‍ അമേരിക്ക പാഴാക്കുന്നില്ല. കഴിഞ്ഞ ജൂലൈയില്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തിന് പിന്നില്‍ പാശ്ചാത്യ കരങ്ങളുണ്ടെന്ന് ഉറുദുഗാന്‍ ആരോപിച്ചിരുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലന്‍ എന്ന സൂഫി പണ്ഡിതനാണ് അട്ടിമറിക്ക് പിന്നിലെന്നും അമേരിക്ക സഹായിക്കുകയാണെന്നും തുര്‍ക്കി ഭരണകൂടത്തിന് ആക്ഷേപമുണ്ട.് ഗുലനെ വിട്ടുകിട്ടണമെന്നാവശ്യം അമേരിക്ക പരിഗണിക്കാത്തതില്‍ തുര്‍ക്കിക്ക് കടുത്ത പ്രതിഷേധവുമുണ്ട്. അതിലിടക്ക് കുര്‍ദുകള്‍ക്ക് ആയുധം നല്‍കാനുള്ള പുതിയ നീക്കം രാഷ്ട്രാന്തരീയ രംഗത്ത് റഷ്യ, ചൈന, ഇറാന്‍ എന്നിവക്ക് ഒപ്പം ഉറുദുഗാന്‍ സര്‍ക്കാര്‍ നിരവധി പ്രശ്‌നങ്ങളില്‍ സഹകരിക്കുന്നുണ്ട്. പ്രധാന പ്രശ്‌നം സിറിയയില്‍ സമാധാനം വീണ്ടെടുക്കാനുള്ള സമ്മേളനമാണ്. ഈ സമ്മേളനത്തോട് അമേരിക്ക ഇതേവരെ സഹായിച്ചില്ല.
കുര്‍ദുകള്‍ക്ക് ആയുധം നല്‍കുന്ന വിഷയത്തില്‍ തുര്‍ക്കിക്ക് പുറമെ, അമേരിക്കയോട് സൗഹൃദം പുലര്‍ത്തുന്ന ഇറാഖിന്റെയും എതിര്‍പ്പ് അമേരിക്കയെ വിഷമവൃത്തത്തിലാക്കും. മഹാഭൂരിപക്ഷവും സുന്നി വിശ്വാസികളാണ് കുര്‍ദു വംശജര്‍ എങ്കിലും മേഖലയിലെ നാല് രാഷ്ട്രങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാവും.
- 8 years ago
chandrika
Categories:
Video Stories