X

ചാമ്പ്യന്‍സ് ലീഗ് വെംബ്ലിയില്‍ റയലിന് കന്നിയങ്കം ; ഗോള്‍വേട്ട തുടരാന്‍ റൊണാള്‍ഡോ

ലണ്ടന്‍ : ലോക പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ഇന്ന് പന്തുതട്ടും. ഇതാദ്യമായാണ് ഇംഗ്ലണ്ടിന്റെ ദേശീയ ഹോം ഗ്രൗണ്ടായ വെംബ്ലി റയല്‍ മാഡ്രിന്റെ മത്സരത്തിന് വേദിയാകുന്നത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍ ഇംഗ്ലീഷ് ടീമായ ടോട്ടന്‍ഹാം ഹോട്‌സ്പറാണ് റയലിന്റെ എതിരാളി.
ആഭ്യന്തര ലീഗില്‍ തോല്‍വി പിണഞ്ഞ ഇരു ടീമിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. സ്പാനീഷ് ലാ ലീഗില്‍ സീസണില്‍ അപ്രതീക്ഷിതമായി രണ്ടാം തോല്‍വി പിണഞ്ഞ റയല്‍ ടോട്ടന്‍ഹാമിനെതിരെ വിജയപാതയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യമാണുള്ളത്. കളിക്കാരുടെ പരുക്കാണ് റയല്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സൂപ്പര്‍ താരം ഗാരെത് ബെയ്ല്‍, ഡാനി കാര്‍വഹാള്‍, റാഫേല്‍ വരാനെ,മാറ്റിയോ കൊസവിച്, കീളര്‍ നവാസ് തുടങ്ങി പ്രമുഖ താരങ്ങളുടെ സേവനം ഹാട്രിക് ചാമ്പ്യന്‍സ്‌ലീഗ് കിരീടം ലക്ഷ്യം വെക്കുന്ന റയലിന് ഇന്ന് ലഭിക്കില്ല. ലാ ലീഗയില്‍ മോശം ഫോം തുടരുന്ന ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചു ഗോളുമായി നിവലില്‍ ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്. റൊണാള്‍ഡോയുടെ ഫോമാണ് ടോട്ടന്‍ഹാമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

സ്‌ട്രൈക്കര്‍ ഹാരി കീനും ഡെലി അലിയും തിരിച്ചെത്തുന്നത് ടോട്ടന്‍ഹാം ക്യാമ്പിന് നല്‍കുന്ന ആത്മവിശ്വാസം ചെറുത്തല്ല. പരിക്കിന്റെ പിടിയിലായ കീന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണെറ്റഡിനെതിരായ മത്സരത്തില്‍ കളിച്ചിരുന്നില്ല. അതേസമയം കഴിഞ്ഞ സീസണില്‍ ബെല്‍ജിയം ക്ലബ് കെ.എ.എ ജെന്റിനെതിരായ യുറോപ്പ ലീഗ് മത്സരത്തില്‍ നേരിട്ട് ചുവപ്പു കാര്‍ഡു പുറത്തായ ഡെലി അലി സസ്‌പെന്‍ഷന്‍ കഴിഞ്ഞാണ് ടീമില്‍ തിരിച്ചെത്തുന്നത്.
നേരത്തെ ഇരുവരും റയല്‍ തട്ടകത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ (1-1) സമനിലയായിരുന്നു ഫലം.ചാമ്പ്യന്‍സ് ലീഗിലെ മറ്റു പ്രധാന മത്സരത്തില്‍ നപ്പോളി മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും .

chandrika: