ബഷീര്‍ കൊടിയത്തൂര്‍
കണ്ണൂര്‍ : സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളിലെ നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി ആക്ഷേപം. സംസ്ഥാനത്തെ 1603 ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കുന്നത്. ഇതിന്റെ ചുമതലയുള്ള മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് മെഡിക്കല്‍, പാരാമെഡിക്കല്‍ യോഗ്യതയുള്ളവരെ നിയമിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍ ഈ പോസ്റ്റിലേക്ക് ബി.എസ്.സി നഴ്‌സുമാരെ മാത്രം നിയമിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഇത് സംഘടിത ശക്തിയായ നഴ്‌സിങ് വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് ആക്ഷേപിച്ച് നിയമന യോഗ്യതയുള്ളവര്‍ രംഗത്തെത്തി.
ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്നു വിതരണവും പാലിയേറ്റീവ് കെയര്‍ സൗകര്യവുമാണ് വെല്‍നസ് സെന്ററിലൂടെ ഉദ്ദേശിക്കുന്നത്. ലാബ് സൗകര്യവും ഒരുക്കുന്നുണ്ട്.
2017ലെ ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായാണ് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് എന്ന വിഭാഗത്തെ നിയമിക്കുന്നത്. ക്ലിനിക്കല്‍, പാരാ മെഡിക്കല്‍ വിഭാഗമായ ആയുഷ് ഡോക്ടര്‍മാര്‍, ബി.എസ്.സി നഴ്‌സസ്, ഫാര്‍മസിസ്റ്റുമാര്‍, ജനറല്‍ നഴ്‌സിങ് വിഭാഗങ്ങളെ ഇതിനായി പരിഗണിക്കാമെന്നും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി നിയോഗിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവരുടെ നിയമനം നിയമവ്യവസ്ഥകള്‍ പാലിച്ചാവണമെന്നും പറയുന്നുണ്ട്.
ഇതിനെ മറികടന്നാണ് ബി.എസ്.സി നഴ്‌സുമാര്‍ക്ക് മാത്രം അവസരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുവഴി യോഗ്യരായ നിരവധി വിഭാഗങ്ങളുടെ അവസരമാണ് നിഷേധിക്കപ്പെടുന്നത്. സംഘടിതശക്തിയായ നഴ്‌സിങ് മേഖലയുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ആരോഗ്യ രംഗത്ത് നഴ്‌സുമാരുടെ അത്ര അംഗബലം ഉള്ള മറ്റു വിഭാഗമില്ല.
സര്‍ക്കാറിന്റെ ഏകപക്ഷീയ നീക്കത്തിനെതിരെ ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുമാരും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ സബ് സെന്ററുകളുടെ ചുമതലയുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും പുതിയ നീക്കത്തിനെതിരെ രംഗത്തുണ്ട്.
ജീവിത ശൈലി രോഗങ്ങള്‍ അടക്കമുള്ളവക്ക് മരുന്നു നല്‍കാന്‍ സബ് സെന്ററുകളില്‍ സൗകര്യമൊരുക്കാന്‍ ഇതിനിടെ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടന്നിരുന്നു. എന്നാല്‍ മരുന്നു കൈകാര്യം ചെയ്യാന്‍ ഫാര്‍മസിസ്റ്റുമാര്‍ക്ക് മാത്രമേ യോഗ്യതയുള്ളൂ എന്ന് വ്യക്തമാക്കി ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്യുകയായിരുന്നു. ഫാര്‍മസി നിയമ ലംഘനമായതിനാല്‍ വെല്‍നസ് സെന്ററുകളിലും മരുന്നു കൈകാര്യം നഴ്‌സുമാര്‍ക്ക് ചെയ്യാനാവില്ല.
1600 ലധികം അവസരങ്ങള്‍ വരുന്ന ഒരു മേഖലയിലേക്ക് പരീക്ഷ നടത്തി യോഗ്യരെ തെരഞ്ഞെടുക്കണെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഇതിന് യോഗ്യതയുള്ള എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും സംവരണതത്വം അടക്കമുള്ളവ പാലിക്കുകയും ചെയ്യണം.
ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ മൂന്നുവീതം സബ് സെന്ററുകളാണുള്ളത്. സംസ്ഥാനത്ത് 5408 സബ്‌സെന്ററുകളാണുള്ളത്. ഇവയില്‍ തിരഞ്ഞെടുത്ത 1603 എണ്ണമാണ് വെല്‍നസ് സെന്ററുകളാക്കുന്നത്. ബാക്കിയുള്ളവ ഘട്ടംഘട്ടമായി മാറ്റാനാണ് പദ്ധതി.