X

അമിത് ഷാ-ഉദ്ധവ് താക്കറെ ചര്‍ച്ച പരാജയം; വരും തെരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും

മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന എം.പി സന്‍ജയ് റാവത്ത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സന്ദര്‍ശിച്ച് ഇരുപാര്‍ട്ടികളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു എന്നു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശിവസേന ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടില്ല എന്ന് വ്യക്തമാക്കി സന്‍ജയ് റാവത്ത് രംഗത്തെത്തുന്നത്.

്അമിത് ഷായുടെ സന്ദര്‍ശനത്തിനു പിന്നില്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കിയതാണ്. അതില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ഞങ്ങള്‍ ഒറ്റയ്ക്ക് തന്നെ മത്സരിക്കും-എം.പി സന്‍ജയ് റാവത്ത് എ.എന്‍.ഐയോട് പറഞ്ഞു.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബി.ജെ.പിയും ശിവസേനയും തമ്മില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. വളരെ പ്രതീക്ഷയോടെയായിരുന്നു ബി.ജെ.പി ഇതിനെ കണ്ടിരുന്നത്. എന്നാല്‍ ഒറ്റയ്ക്ക് മത്സരക്കുമെന്ന് സന്‍ജയ് റാവത്ത് പ്രസ്താവനയുമായി രംഗത്തെത്തിയത്തോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയില്‍ നിന്നും സഖ്യകക്ഷികള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുകയും ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തോല്‍വി നേരിട്ട സാഹചര്യത്തിലാണ് ശിവസേന തലവനുമായി അമിത് ഷാ കൂട്ടിക്കാഴ്ച നടത്തിയത്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മഹാസഖ്യം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എന്തുവില കൊടുത്തും വീണ്ടും അധികാരത്തിലേറുന്നതിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് നിരന്തരം ബി.ജെ.പിയെ വിമര്‍ശിക്കുന്ന ശിവസേനയുടെ പിന്തുണയ്ക്കായി അമിതാ ഷാശ്രമം നടത്തിയത്.

chandrika: