പനത്തടി: റബര്‍ ടാപ്പിങ്ങിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ തൊഴിലാളിക്ക് രക്ഷകരായി യുവാക്കളും അഗ്‌നിരക്ഷാസേനയും. പുലിക്കടവിലെ ടാപ്പിങ് തൊഴിലാളി മൂക്കാട്ട് രാജേഷ് (39) ആണ് ഇന്നലെ രാവിലെ ആറ് മണിക്ക് ടാപ്പിങ്ങിനിടെ ആള്‍മറയില്ലാത്ത 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്.
രാവിലെ ഇതുവഴി പോയ സ്ത്രീ സമീപത്തെ കിണറ്റില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് രാജേഷ് വീണു കിടക്കുന്നതായി കണ്ടത്. സ്ത്രീ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയവര്‍ കിണറ്റിലിറങ്ങി അര്‍ധ ബോധാവസ്ഥയിലായ രാജേഷിനെ വെള്ളത്തില്‍ നിന്നും എടുത്ത് മുകളില്‍ എത്തിക്കാനായി കസേരയില്‍ ഇരുത്തിയിരുന്നു.
ഈ സമയം കുറ്റിക്കോലില്‍ നിന്നും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. തുടര്‍ന്ന് റസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ രാജേഷിനെയും കിണറ്റില്‍ ഇറങ്ങിയ മറ്റു 3 പേരെയും മുകളില്‍ എത്തിക്കുകയായിരുന്നു. രാജേഷിനെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. യുവാക്കള്‍ തക്ക സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായി അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു.