പി അബ്ദുല്‍ലത്തീഫ്
കോഴിക്കോട് :പ്രവാസി ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കേണ്ടി വരുന്നത് ഉയര്‍ന്ന പലിശ. വിഹിതം അടക്കുന്നതില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് അടക്കാനുള്ള തുകയുടെ 50 ഉം 60 ഉം ശതമാനം അധിക തുട പലിശയായി വന്നിട്ടുണ്ട്. 30,150 രൂപ അടക്കാനുള്ള ഷംസു കെ എന്ന പ്രവാസിക്ക് 17,824 രൂപയാണ് പലിശയായി വന്നിരിക്കുന്നത്. 45,750 രൂപ അടക്കാനുള്ള മുസ്തഫ എ എന്ന പ്രവാസിക്ക് 34,425 രൂപ ഫൈന്‍ ആയും വന്നിരിക്കുന്നു. പലര്‍ക്കും ഇരുപത്തിയഞ്ചായിരം മുതല്‍ നാല്‍പതിനായിരം രൂപ വരെ ഫൈന്‍ ഈടാക്കിയിട്ടുണ്ട്.
കോവിഡ് സമയത്താണ് പലരുടെയും ക്ഷേമനിധി അടവ് മുടങ്ങിയത്. 2021 നവംബര്‍ 21 വരെ ക്ഷേമ നിധി അംശാദായം അടക്കുന്നവര്‍ക്ക് ഫൈന്‍ ഒഴിവാക്കി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം വന്‍ തുക ഫൈന്‍ ഈടാക്കി തുടങ്ങുകയായിരുന്നു. പതിനഞ്ച് ശതമാനത്തിനു മുകളില്‍ പലിശയാണ് അടവു മുടങ്ങിയവരില്‍ നി്ന്നും ഈടാക്കുന്നത്. ഉയര്‍ന്ന പലിശ ഒഴിവാക്കി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.
350 രൂപയാണ് ഇപ്പോള്‍ ഗള്‍ഫിലുള്ള പ്രവാസിയില്‍ നിന്നും ക്ഷേമനിധിയായി ഈടാക്കുന്നത്. 300 രൂപയായിരുന്ന വിഹിതം അടുത്തിടെയാണ് വര്‍ധിപ്പിച്ചത്. നാട്ടിലുള്ള പ്രവാസിക്ക് 200 രൂപയാണ് വിഹിതമായി അടക്കേണ്ടത്. നേരത്തെ ഇത് 100 രൂപയായിരുന്നു. 3500 രൂപയാണ് ഇപ്പോള്‍ ക്ഷേമനിധി പെന്‍ഷന്‍ ആയി നല്‍കുന്നത്. പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ധാനം ഇതു വരെ പാലിച്ചിട്ടില്ല. ക്ഷേമനിധിയിലേക്ക് വലിയ തുകയാണ് വെല്‍ഫെയര്‍ ബോര്‍ഡിന് വിഹിതമായി ലഭിക്കുന്നത്. 18 വയസ്സു മുതല്‍ അറുപത് വയസ്സു വരെ വിഹിതമടക്കുന്ന പ്രവാസികളുണ്ട്. അതേസമയം അറുപത് വയസ്സു കഴിഞ്ഞവരെ കൂടി പെന്‍ഷന്‍ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തണമെന്ന ദീര്‍ഘ കാലമായി ഉയരുന്ന ആവശ്യങ്ങത്തോടും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുന്നില്ല.