സന്ദീപ് വാര്യരെ ആവേശത്തോടെ സ്വാഗതം ചെയ്‌ത് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ബിജെപിയെ ദുർബലപ്പെടുത്താൻ ബിജെപിയെ അറിയുന്നവർ വരണം. സന്ദീപ് പാലക്കാട് ഊർജം പകരുമെന്നും ലീഗുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും പികെ ഫിറോസ് പറഞ്ഞു.
കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.
ടെലിവിഷൻ ചർച്ചകളിൽ നിന്ന് തന്നെ ബിജെപി വിലക്കിയെന്ന് സന്ദീപ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. താൻ ഈ ഷാളിട്ട് ഇവിടെ ഇരിക്കുന്നുവെങ്കിൽ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമാണെന്ന് സന്ദീപ് ആരോപിച്ചു. ധർമ്മരാജൻ്റെ കോൾ ഹിസ്റ്ററിയിൽ പേരില്ലാത്തതാണ് തൻ്റെ കുറ്റം. കൊടകരയും , കരുവന്നൂരും വച്ചുമാറുന്ന അഡ്ജസ്റ്റ്മെന്റ് എതിർത്തതാണ് തെറ്റ്.കോൺഗ്രസിൻ്റെ ആശയം ഇന്ത്യയുടെ ആശയമാണെന്ന് സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ്സ്ഥാനമുൾപ്പടെയുള്ള ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.
പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.