ദോഹ: ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍. യൂറോപ്യന്‍ ശക്തരായ പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും മുഖാമുഖം. കടലാസിലെ കരുത്തില്‍ പറങ്കികളാണ് മുന്നില്‍. പക്ഷേ അവരെ ദക്ഷിണ കൊറിയക്കാര്‍ തോല്‍പ്പിച്ചതല്ലേ എന്ന് സ്വിസ് ചോദ്യം. പറങ്കിപ്പടയുടെ കപ്പിത്താനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഇത് വരെ ഖത്തറിന്റെ മനം കവരാനായിട്ടില്ല. ലിയോ മെസി കളിച്ച മല്‍സരങ്ങളില്ലെല്ലാം കൈയ്യടി നേടി. ഓസ്‌ട്രേലിയക്കെതിരെ അദ്ദേഹം നേടിയ സോളോ ഗോള്‍ ഇപ്പോഴും തകര്‍ത്തോടുന്നു.
സി.ആറിന് ഒരു പെനാല്‍ട്ടി ഗോളാണ് നേടാനായത്. കൊറിയക്കെതിരെ അദ്ദേഹത്തില്‍ നിന്നും ഫാന്‍സ് പലതും പ്രതിക്ഷിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹതാരം ബ്രുണോ ഫെര്‍ണാണ്ടസാണ് നിലവില്‍ ടീമിലെ മുന്നണി പോരാളി. അവസാന ലോകകപ്പില്‍ ഇത് അവസാന മല്‍സരമാവാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടത് സി.ആര്‍ തന്നെ. സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ ശരാശരിക്കാരാണ്. എംബോള എന്ന പുതിയ ഗോള്‍വേട്ടക്കാരന്‍, ഷാക്കിരിയിലെ അനുഭവസമ്പന്നന്‍, സോമര്‍ എന്ന കിടിലന്‍ കാവല്‍ക്കാരന്‍ ഇവരുടെ പിന്‍ബലത്തില്‍ പറങ്കി പ്രതിരോധം പിളര്‍ക്കണം. അവിടെ പെപേയും കോസ്റ്റയുമെല്ലാമുണ്ട്. സി.ആര്‍ പറയുന്നത് ലോകകപ്പാണ് പ്രധാനമെന്ന്. അതുമായിട്ടായിരിക്കും താന്‍ ദോഹ വിടുന്നതെന്ന് അദ്ദേഹം പറയുമ്പോള്‍ ഷാക്കിരിയുടെ മറുപടി രസകരമാണ് തോല്‍ക്കാനല്ലല്ലോ ഞങ്ങള്‍ വന്നത്.
മല്‍സരം പുലര്‍ച്ചെ 12.30 ന്. പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും ലോകകപ്പില്‍ ഇതുവരെ മുഖാമുഖം വന്നിട്ടില്ല. ഇരു ടീമുകളും 10 തവണ ഏറ്റുമുട്ടിയപ്പോള്‍ സിറ്റ്‌സര്‍ലന്‍ഡ് 6 തവണയും പോര്‍ച്ചുഗല്‍ മൂന്നു തവണയും വിജയിച്ചു. ഒരു മത്സരം സമനിലയിലും അവസാനിച്ചു.