ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ വേനല്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ ഉഷ്ണക്കാറ്റും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങിലാണ് ചൂട് കഠിനമാവുക. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ശരാശരി ചൂട് ഒരു ഡിഗ്രിക്ക് മുകളില്‍ വരെ കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്.
ഈ മൂന്നുമാസം കുറഞ്ഞ താപനിലയിലും വര്‍ധനയുണ്ടാകും. കടുത്ത വേനലില്‍ അനുഭവപ്പെടുന്ന ചൂട് നേരത്തെത്തന്നെ രേഖപ്പെടുത്തി തുടങ്ങിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലെ ചൂടിന്റെ കണക്കിനെ അപേക്ഷിച്ച് കേരളത്തില്‍ ചൂട് വലിയ രീതിയില്‍ വര്‍ധിക്കില്ലെങ്കിലും ഇത്തവണ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ശരാശരി ചൂട് 0.5 ഡിഗ്രി വരെ കൂടും. കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും ചൂട് അര ഡിഗ്രിയോളം ഇത്തവണ വര്‍ധിക്കും. എന്നാല്‍ ഏപ്രില്‍ പകുതിയോടെ വേനല്‍ മഴ സംസ്ഥാനത്തെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 2016ല്‍ മലമ്പുഴയില്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു ശരിയായാല്‍ ഇത്തവണ കേരളം 42 ഡിഗ്രി ചൂട് അനുഭവിക്കേണ്ടിവരും.
പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. മുണ്ടൂരിലാണു സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. കുറഞ്ഞ താപനിലയില്‍ 0.74 ഡിഗ്രി വരെ വര്‍ധനയുണ്ടാകുമെന്നാണു പ്രവചനം. അതിനാല്‍ത്തന്നെ രാത്രിയിലും അതിരാവിലെയുമൊന്നും ചൂടിനു കാര്യമായ ആശ്വാസം ഉണ്ടാവില്ല. ചൂടു വര്‍ധിക്കുന്നതിനൊപ്പം ശുദ്ധജലക്ഷാമവും ആരോഗ്യപ്രശ്‌നങ്ങളും രൂക്ഷമാകും. ഏതാനും വര്‍ഷങ്ങളായി സൂര്യാഘാതം മൂലം പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വ്യാപകമായിരുന്നു. വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതോടെ ഊര്‍ജ പ്രതിസന്ധിക്കും സാധ്യതയുണ്ട്.
അതേ സമയം കഴിഞ്ഞ വര്‍ഷമുണ്ടായ എല്‍ നിനോ പ്രതിഭാസത്തിനു ശേഷം ഇത്തവണ ലാ നിന കാലാവസ്ഥ പ്രതിഭാസമുണ്ടാകുന്നതിനാല്‍ മഴയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ സമുദ്ര പ്രഥലം തണുക്കുന്ന കാലാവസ്ഥ പ്രതിഭാസമാണ് ലാ നിന. കടുത്ത വേനലിനു ശേഷം അല്‍പം ആശ്വാസം പകരുന്നതാണ് ലാ നിനയുടെ വരവ്. ജൂണ്‍ മധ്യത്തോടെ ലാ നിന ദുര്‍ബലമാവുമെന്നായിരുന്നു നേരത്തെ ജനുവരിയില്‍ ശാസ്ത്രകാരന്‍മാര്‍ കരുതിയിരുന്നത്. ഇതോടെ ഇന്ത്യയില്‍ ഇത്തവണയും കാലവര്‍ഷം ശരാശരിയായിരിക്കുമെന്ന് പ്രവചിച്ചിരുന്നു.